നെറ്റ്ഫ്‌ലിക്‌സിന് ബീഫിനെ പേടി; കൂവിവിളിച്ച് സോഷ്യല്‍ മീഡിയ

ദക്ഷിണേന്ത്യക്ക് വേണ്ടി നെറ്റ്ഫ്‌ലിക്‌സ് ഒരുക്കിയ സൗത്ത് ഇന്ത്യന്‍ ആന്തത്തിലെ ബീഫ് ആണിപ്പോള്‍ നെറ്റ്ഫ്‌ലിക്‌സിനെ കുരുക്കിലാക്കിയിരിക്കുന്നത്. നമ്മ സ്റ്റോറീസ് സൗത്ത് ഇന്ത്യന്‍ ആന്തം എന്ന പേരില്‍ ഇറക്കിയ റാപ്പില്‍ നീരജ് മാധവിന്റെ മലയാളം റാപ്പ് വരുന്ന ഭാഗത്തിലെ സബ്ടൈറ്റിലിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

‘പൊറോട്ടേം ബീഫും ഞാന്‍ തിന്നും അതികാലത്ത്’ എന്നാണ് നീരജ് മാധവന്‍ പാടിയ റാപ്പിലെ ഒരു വരി. എന്നാല്‍ ‘പൊറോട്ടേം ബി ഡി എഫും ഞാന്‍ തിന്നും അതികാലത്ത്’ എന്നാണ് സബ്ടൈറ്റിലില്‍ കൊടുത്തിരിക്കുന്നത്. ബീഫ് ഡ്രൈ ഫ്രൈ എന്നതിന്റെ ചുരുക്കപ്പേരായാണ് ബി ഡി എഫ് ഉപയോഗിക്കുക. ബീഫ് എന്ന് സബ്ടൈറ്റിലില്‍ എഴുതാന്‍ നെറ്റ്ഫ്ളിക്സിന് മുട്ടിടിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ദക്ഷിണേന്ത്യക്കാരോട് പ്രത്യേക സ്‌നേഹമുണ്ടെന്ന് കാണിക്കാനാണ് നെറ്റ്ഫ്ളിക്സ് പാട്ടൊക്കെ ഉണ്ടാക്കിയതെങ്കിലും സബ്ടൈറ്റിലില്‍ കത്രിക വച്ചതോടെ നെറ്റ്ഫ്‌ലിക്‌സ് എയറിലാണ്. ബീഫ് എന്ന് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. പക്ഷേ രണ്ട് സബ്ടൈറ്റിലിലും അത് ബി ഡി എഫ് ആണ്. ‘വല്ലാത്ത ഗതികേട് തന്നെ നെറ്റ്ഫ്ളിക്സേ നിന്റേത്’, ‘ബീഫിന് ബീഫ് എന്ന് തന്നെ പറയണം നെറ്റ്ഫ്ളിക്സ് ഏമാന്മാരേ’, ‘സബ്ടൈറ്റില്‍ മാറ്റി സംഘികളെ പറ്റിക്കുന്നോ’ എന്ന് തുടങ്ങി ട്രോളുകളുടെ പെരുമഴയാണ്.

ബീഫ് ഡ്രൈ ഫ്രൈ എന്നാണ് ഉദ്ദേശിച്ചതെന്ന് നെറ്റ്ഫ്ളിക്സ് പറഞ്ഞാലും വിശ്വസിക്കാന്‍ ഒരല്‍പം പാടാണെന്നും കമന്റുകളിലുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ പ്രശസ്തരായ യുവ റാപ്പര്‍മാരെ അണിനിരത്തികൊണ്ടാണ് നെറ്റ്ഫ്ളിക്സ് പുതിയ ഗാനം പുറത്തുവിട്ടത്. തമിഴില്‍ നിന്ന് അറിവും മലയാളത്തില്‍ നിന്ന് നീരജ് മാധവും കന്നടയില്‍ നിന്ന് സിരി നാരായണും തെലുങ്കില്‍ നിന്ന് ഹനുമാന്‍കൈന്‍ഡുമാണ് പാടിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News