വാക്സിനേഷന്‍ പൂര്‍ത്തിയാകാതെ മുംബൈ ലോക്കല്‍ ട്രെയിന്‍ തുടങ്ങാനാകില്ലെന്ന് ആരോഗ്യ മന്ത്രി

മുംബൈയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കിയെങ്കിലും ലോക്കല്‍ ട്രെയിന്‍ യാത്രയ്ക്കായി സാധരണക്കാരുടെ കാത്തിരിപ്പ് ഇനിയും നീളുകയാണ്. വാക്സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാകാതെ പൊതുജനങ്ങള്‍ക്കായി സേവനം തുറന്ന് കൊടുക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇതോടെ മങ്ങലേല്‍ക്കുന്നത് ജീവിതം തിരിച്ചു പിടിക്കാനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരുടെ പ്രതീക്ഷയാണ്.

ലോക്കല്‍ ട്രെയിനില്‍ സാധാരണക്കാര്‍ക്കും കൂടി യാത്ര ചെയ്യാനുള്ള തീരുമാനം ഉണ്ടാവണമെന്ന് പല ഭാഗത്തുനിന്നാണ് സമ്മര്‍ദ്ദം കൂടൂന്നത്. വാക്സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാകാതെ പൊതുജനങ്ങള്‍ക്കായി സേവനം തുറന്ന് കൊടുക്കാനാകില്ലെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. എന്നാല്‍ നഗരത്തിലെ പല കുത്തിവയ്പ്പ് കേന്ദ്രങ്ങളും വാക്സിന്‍ അഭാവത്തില്‍ അടച്ചിട്ട അവസ്ഥയിലാണ്. ഇതോടെ മങ്ങലേല്‍ക്കുന്നത് ജീവിതം തിരിച്ചു പിടിക്കാനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരുടെ പ്രതീക്ഷയാണ്.

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആവശ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മാത്രമാണ് നിലവില്‍ ലോക്കല്‍ ട്രെയിന്‍ യാത്ര അനുവദിച്ചിട്ടുള്ളത്. എന്നാല്‍ സ്വകാര്യ ഓഫീസുകളും കച്ചവട സ്ഥാപനങ്ങളും മറ്റും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ വലിയൊരു വിഭാഗം യാത്രചെയ്യാന്‍ ബുദ്ധിമുട്ടുകയാണ്. മണിക്കൂറുകളോളം റോഡ് മാര്‍ഗം യാത്ര ചെയ്താണ് പലരും ഓഫീസുകളില്‍ എത്തുന്നത്.

കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കുമ്പോള്‍ ലോക്കല്‍ ട്രെയിന്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്ന നടപടിയെ ആരോഗ്യ മേഖല എതിര്‍ക്കുന്നുണ്ട്. ട്രെയിന്‍ യാത്രകളില്‍ സാമൂഹിക അകലം സാധ്യമല്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ ബസുകളുടെ കാര്യത്തില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ ട്രെയിനുകളിലും വേണമെന്നാണ് വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്.

ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയില്‍ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടു പോകും എന്ന ചോദ്യത്തിന് മുന്നില്‍ സര്‍ക്കാര്‍ ഉത്തരം മുട്ടുകയാണ്. കൊവിഡ് വ്യാപനം ഏറെ കുറഞ്ഞിട്ടും കര്‍ശന നിയന്ത്രണങ്ങളാണ് ഇപ്പോഴും മുംബൈയില്‍ നടപ്പാക്കുന്നത്. ഒന്നൊര വര്‍ഷത്തിലധികമായി ജോലിക്ക് പോകാന്‍ കഴിയാത്ത വലിയൊരു വിഭാഗമാണ് ഇതോടെ പ്രതിസന്ധിയിലായത്. പലരുടെയും ജോലികള്‍ നഷ്ടപ്പെട്ടു. ആശ്രയിക്കാന്‍ ആരുമില്ലാതെ നിരവധി കുടുംബങ്ങള്‍ പട്ടിണിയിലായി.

പൊതു വേദികളിലും കച്ചവട കേന്ദ്രങ്ങളിലും നല്‍കുന്ന ഇളവുകള്‍ ട്രെയിന്‍ യാത്രയുടെ കാര്യത്തിലും പരിഗണിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. വാക്സിന്‍ സ്വീകരിച്ചവര്‍ക്കെങ്കിലും ട്രെയിന്‍ യാത്ര അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. ഒരു വിഭാഗം ലോക്ഡൗണ്‍ ഇളവുകളില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോഴും ലോക്കല്‍ ട്രെയിന്‍ യാത്രക്കാര്‍ മാത്രം ഇപ്പോഴും കാത്തിരിപ്പിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here