തൃത്താല പീഡനക്കേസ്: അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

തൃത്താലയില്‍ ലഹരി മരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അഭിലാഷ് മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണിയെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കേസിലെ പ്രധാന പ്രതി മുഹമ്മദ് പൊലീസിന്റെ കസ്റ്റഡിയിലാണ്. അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം പീഡനത്തിനിരയായ പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി രേഖപ്പെടുത്തി.

സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച തൃത്താല പീഡനക്കേസില്‍ മേഴത്തൂര്‍ സ്വദേശി അഭിലാഷും കറുകപുത്തൂര്‍ സ്വദേശി നൗഫലുമാണ് ഇതുവരെ അറസ്റ്റിലായത്. പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രധാന പ്രതി മുഹമ്മദ് എന്ന ഉണ്ണി അന്വേഷണം നടത്തുന്ന ചാലിശ്ശേരി പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ഗള്‍ഫിലേക്ക് പോകാനായി വിസ സംഘടിപ്പിച്ച് മെഡിക്കല്‍ പരിശോധനയുള്‍പ്പെടെ കഴിഞ്ഞ് യാത്രക്ക് തയ്യാറെടുക്കുന്നതിനിടെയാണ് മുഹമ്മദിനെ തന്ത്രപരമായി ഒറ്റപ്പാലത്ത് നിന്ന് ചാലിശ്ശേരി പൊലീസ് പിടികൂടിയത്.

മുഹമ്മദിനെതിരെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളും ബലാത്സംഗക്കുറ്റവും ചുമത്തി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മയക്കുമരുന്നിനടിമയാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇതുവരെ നാല് കേസുകളാണ് അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്തത്. റിമാന്റിലുള്ള നൗഫലിനെതിരെ പെണ്‍കുട്ടിയെ നഗ്‌ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

മാസങ്ങള്‍ക്ക് മുന്‍പ് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കുകയും മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച അഭിലാഷിനെതിരെ തട്ടിക്കൊണ്ടു പോവല്‍, ബലാത്സംഗക്കുറ്റമുള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അഭിലാഷിനെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം മുന്നോട്ട് പോവുന്നത്. അഭിലാഷ് മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ ഭാഗമാണെന്നും ക്യാരിയറാണെന്നുമുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങളും സാമൂഹ്യമാധ്യമ അക്കൗണ്ടുകളുമെല്ലാം അന്വേഷണസംഘം പരിശോധിച്ച് വരികയാണ്.

വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം പെണ്‍കുട്ടി പട്ടാമ്പിയില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി രേഖപ്പെടുത്തി. രഹസ്യമൊഴി രേഖപ്പെടുത്തല്‍ ഇന്നും തുടരും. പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് അഞ്ച് പേരുടെയും കണ്ടാലറിയുന്ന നിരവധി പേരുടെയും പേരിലാണ് പരാതി നല്‍കിയത്. അമ്മയുടെ പരാതിയും പെണ്‍കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി ചാലിശ്ശേരി പൊലീസ് മണിക്കൂറുകള്‍ക്കകം മൂന്ന് പ്രധാന പ്രതികളെയാണ് പിടികൂടിയത്. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാവും. സെക്‌സ് – മയക്കുമരുന്ന് മാഫിയ തൃത്താല പീഡനക്കേസിന്റെ പിന്നിലുണ്ടെന്ന വിരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട്-തൃശൂര്‍ ജില്ലകളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News