കല്ലുവാതുക്കല്‍ നവജാതശിശു മരിച്ച സംഭവം: രേഷ്മയെ ജയിലില്‍ വച്ച് അന്വേഷണസംഘം ചോദ്യം ചെയ്തു

കല്ലുവാതുക്കല്‍ ഊരായ്‌കോട് കരിയിലക്കാട്ടില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച് കൊന്ന കേസില്‍ കുഞ്ഞിന്റെ മാതാവ് രേഷ്മയെ ജയിലില്‍ വച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു. ആര്യയും ഗ്രീഷ്മയുമായിരുന്നു വ്യാജ ആണ്‍സുഹൃത്തെന്ന പോലീസ് കണ്ടെത്തലില്‍ രേഷ്മ ഞെട്ടി. എന്നാല്‍ തനിക്ക് ഒരു അനന്തുവുമായി ബന്ധമുണ്ടെന്നാണ് രേഷ്മയുടെ നിലപാട്. രേഷ്മയുടെ ഫെയ്‌സ്ബുക് ഐ പി ഡി ആറിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പൊലീസ്.

രേഷ്മയ്ക്ക് കൊവിഡായിരുന്നതിനാല്‍ പൊലീസ് കസ്റ്റഡിയില്‍ കിട്ടാന്‍ നിയമ തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് കോടതി പ്രതിയെ ജയിലില്‍വെച്ച് 2 മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കല്‍ സൈക്കാളജിസ്റ്റിന്റെ സാന്നിധ്യത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ സതികുമാറിന്റെ ചോദ്യം ചെയ്യല്‍.

അനന്തു എന്ന ആണ്‍സുഹൃത്തിനെ കുറിച്ചുള്ള ചോദ്യത്തിന് ഒന്നരവര്‍ഷം മുമ്പ് തന്നെ നാളിതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത അനന്തുവുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും വര്‍ക്കലയില്‍ പോയത് കാണാനായിരുന്നുവെന്നും രേഷ്മ മൊഴി നല്‍കി. ഫെയ്‌സ്ബുക് മെസഞ്ചര്‍വഴിയായിരുന്നു ചാറ്റിംങ്. നാളിതുവരെ ആണ്‍ സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിച്ചിട്ടില്ല. വിഷ്ണുവിനെ പ്രണയിച്ചാണ് കെട്ടിയതെങ്കിലും തന്റെ സ്വാതന്ത്ര്യങ്ങളില്‍ ഇടപെട്ടതു കൊണ്ടാണ് തന്റെ കാമുകനുമൊത്ത് ജീവിക്കാന്‍ രണ്ടാമത്തെ കുഞ്ഞിനെ ഒഴിവാക്കിയതെന്നും രേഷ്മ ആവര്‍ത്തിച്ചു. കുഞ്ഞ് മരിക്കുമോയെന്ന് ഭയപ്പെട്ടിരുന്നുതായും രേഷ്മ പറഞ്ഞു.

ഫെയ്‌സ്ബുക്കിലെ അനന്തു എന്ന ഐ ഡിക്കു പിന്നില്‍ ആര്യയും ഗ്രീഷ്മയുമാണെന്ന പൊലീസ് കണ്ടെത്തലിനെ രേഷ്മ ആദ്യം തള്ളി. അവര്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് രേഷ്മ തറപ്പിച്ചു പറഞ്ഞു. പൊലീസ് തെളിവ് നിരത്തിയപ്പോള്‍ ഇരുവരും മരിച്ചതു പോലും അറിയാത്ത രേഷ്മ നിശബ്ദയായി. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെ കുറിച്ച് താന്‍ ഗ്രീഷ്മയുടെ ബന്ധുക്കളെ അറിയിച്ചതിന്റെ വിരോധം മൂലമായിരിക്കാം ആര്യയുമായി ചേര്‍ന്ന് ഗ്രീഷ്മ അനന്തുവെന്ന വ്യാജേന തന്നെ കബളിപ്പിച്ചതെന്ന് രേഷ്മ അന്വേഷണ സംഘത്തോടു പറഞ്ഞു. മരണ വിവരം പൊലീസ് പരോക്ഷമായി രേഷ്മയെ അറിയിച്ചു. രേഷ്മയുടെ ഫെയ്‌സ്ബുക് ഇന്റര്‍നെറ്റ് പ്രൊട്ടൊകോള്‍ ഡീറ്റയില്‍ഡ് റിപ്പോര്‍ട്ടിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പൊലീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News