ADVERTISEMENT
കെ എം ഷാജിയുടെ ആഡംബര വീടിന്റെ പുതിയ അവകാശികളെ തേടി വിജിലന്‍സ് അന്വേഷണ സംഘം. വീട് നിര്‍മാണത്തില്‍ പണം മുടക്കിയിട്ടില്ലാത്ത വ്യക്തികള്‍ ഉടമസ്ഥ പട്ടികയില്‍ വരുന്നത് എങ്ങിനെയെന്ന് വിജിലന്‍സ് അന്വേഷിക്കുന്നു.
അനധികൃത നിര്‍മ്മാണം ക്രമപ്പെടുത്താന്‍ ആശാ ഷാജിക്കൊപ്പം മറ്റ് രണ്ട് അവകാശികള്‍ കൂടി അപേക്ഷ നല്‍കിയ വാര്‍ത്ത കൈരളി ന്യൂസാണ് പുറത്ത് വിട്ടത്. ഇക്കാര്യത്തില്‍ കോര്‍പ്പറേഷനും വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഷാജിയുടെ ബിനാമികളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം ഊര്‍ജിതമാക്കി.
കെ എം ഷാജിയുടെ ആഡംബര വീടിന്റെ ഉടമകളായി രംഗത്തെത്തിയ പുതിയ രണ്ടാളുകള്‍ ആരെന്നാണ് വിജിലന്‍സ് തിരയുന്നത്. അനധികൃതമായി നിര്‍മിച്ച വീടിന്റെ അളവ് ക്രമപ്പെടുത്താന്‍ നല്‍കിയ പുതിയ അപേക്ഷയില്‍ ഉള്‍പ്പെട്ട അഫ്സ, അലി അക്ബര്‍ എന്നിവര്‍ ആരെന്ന അന്വേഷണമാണ് വിജിലന്‍സ് ആരംഭിച്ചിരിക്കുന്നത്.
ഷാജിയുടെ ഭാര്യ ആശയുടെ പേരിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. മറ്റെല്ലാ അപേക്ഷയിലും ഇവര്‍ മാത്രമാണ് ഉടമയായുള്ളത്. അനധികൃത നിര്‍മാണം ക്രമപ്പെടുത്താനും ആശയാണ് ആദ്യം അപേക്ഷ നല്‍കിയത്.
സമീപത്തെ വസ്തുവിലേക്ക് കയറി വീടിന്‍റെ മതില്‍ നിലനില്‍ക്കുന്നത് കണ്ടെത്തിയ കോര്‍പറേഷന്‍ പൊതുമരാമത്ത് പൊതുമരാമത്ത് വിഭാഗം അപേക്ഷ നിരസിച്ചു. വീടിന്റെ അളവ് കുറച്ചശേഷം നല്‍കിയ അപേക്ഷയിലാണ് വീടിന്റെ ഉടമകളായി പുതിയ രണ്ടാളുകള്‍ കൂടി ഉള്‍പ്പെട്ടിരിക്കുന്നത്.
നേരത്തെ ഇല്ലാതിരുന്ന രണ്ടാളുകള്‍ പുതിയ അപേക്ഷയില്‍ ഉള്‍പ്പെട്ടത് എങ്ങിനെയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തിയ ശേഷമേ കോര്‍പറേഷന്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കൂ. ഇക്കാര്യത്തിലെ അവ്യക്തതയില്‍ വിജിലന്‍സ് സംഘം കണ്ണുപതിപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്ചത്തെ ചോദ്യംചെയ്യലില്‍ ഷാജിയോടും ഇക്കാര്യം ചോദിച്ചു. ഒരാള്‍ അകന്ന ബന്ധുവാണെന്നും മറ്റൊരാള്‍ പരിചയമുള്ളയാളാണെന്നുമാണ് ഷാജി നല്‍കിയിരിക്കുന്ന മറുപടി. വീട് നിര്‍മാണത്തില്‍ പണം മുടക്കിയിട്ടില്ലാത്ത വ്യക്തികള്‍ ഉടമസ്ഥ പട്ടികയില്‍ വരുന്നത് എങ്ങിനെയെന്ന ചോദ്യത്തിന് ഷാജിക്കും കൃത്യമായ മറുപടിയുണ്ടായില്ല. ഷാജിയുടെ കൂടുതല്‍ ബിനാമി ഇടപാടുകളെപറ്റിയും വിജിലന്‍സ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.