കോപ്പ അമേരിക്ക: ലൂസേഴ്‌സ് ഫൈനലില്‍ കൊളംബിയയും പെറുവും നേര്‍ക്കുനേര്‍

കോപ്പ അമേരിക്ക ഫുട്‌ബോളിലെ ലൂസേഴ്‌സ് ഫൈനലില്‍ നാളെ കൊളംബിയ പെറുവിനെ നേരിടും. നാളെ പുലര്‍ച്ചെ 5:30നാണ് മത്സരം. അര്‍ജന്റീനയോട് പൊരുതിത്തോറ്റ കൊളംബിയയും ബ്രസീലിനെ വിറപ്പിച്ച പെറുവും തമ്മിലാണ് ടൂര്‍ണമെന്റിന്റെ ലൂസേഴ്‌സ് ഫൈനലിലെ പോരാട്ടം. ബ്രസീല്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഫൈനലിനോട് കിടപിടിക്കും വിധം വാശിയേറും. ഗ്രൂപ്പ് മത്സരത്തില്‍ നേരത്തെ മുഖാമുഖം വന്നപ്പോള്‍ 2-1 ന് വിജയം പെറുവിനൊപ്പം നിന്നു. പോരാട്ട വീര്യവും മികച്ച ഒത്തിണക്കവുമാണ് പെറുവിയന്‍ ടീമിന്റെ കരുത്ത്.

ലപ്പാഡുല്ലയും യോട്ടൂനും പെനയും ക്യുയേവയുമെല്ലാം കോപ്പയില്‍ ടീമിന് വേണ്ടി പുറത്തെടുത്തത് ഭേദപ്പെട്ട പ്രകടനമാണ്. മധ്യനിരയും പ്രതിരോധവും വീറുറ്റ കളി കെട്ടഴിക്കുമ്പോള്‍ വിസ്മയ സേവുകളുമായി ഗോള്‍കീപ്പര്‍ ഗല്ലസെയും രക്ഷകനായി ഉണ്ട്. മൂന്നാം സ്ഥാനത്തോടെ അഭിമാനകരമായ പടിയിറക്കമാണ് ഗരേക്ക പരിശീലകനായ പെറുവിയന്‍ ടീമിന്റെ ലക്ഷ്യം. അതേ സമയം പോരാട്ട വീര്യത്തില്‍ കൊളംബിയ പെറുവിന് മുന്നില്‍ നില്‍ക്കും. മധ്യനിരയില്‍ അതിശയകരമായി കളി നിയന്ത്രിക്കുന്ന ജുവാന്‍ ക്വാഡ്രാഡോയാണ് കൊളംബിയയുടെ പ്ലേമേക്കര്‍. സപാറ്റ ഉള്‍പ്പെട്ട മുന്നേറ്റനിര ഗോള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുമ്പോള്‍ അസാധ്യമായ ആംഗിളുകളില്‍ നിന്നു പോലും ഗോളുകള്‍ നേടി ആരാധകര്‍ക്ക് വിസ്മയമായി മാറിയ വിംഗര്‍ ലൂയിസ് ഡയസിലാണ് പരിശീലകന്‍ റുയ്ഡയ്ക്ക് പ്രതീക്ഷ.

യാറി മിനയെന്ന കപ്പിത്താന്റെ സാന്നിധ്യം കൊളംബിയയ്ക്ക് പ്രതിരോധത്തില്‍ കരുത്തേകും. ഇരു ടീമുകളും ആകെ 67 തവണ മുഖാമുഖം വന്നപ്പോള്‍ 26 തവണ വിജയം കൊളംബിയക്കൊപ്പം നിന്നു.19 മത്സരങ്ങളില്‍ കൊളംബിയ പരാജയപ്പെട്ടപ്പോള്‍ 22 എണ്ണം സമനിലയില്‍ പിരിഞ്ഞു. ഏതായാലും ബ്രസീലിനെ വിറപ്പിച്ച പെറുവും മെസ്സിപ്പടയോട് ഷൂട്ടൗട്ടിന്റെ ഭാഗ്യപരീക്ഷണത്തില്‍ തോറ്റ എസ്‌കോബാറിന്റെ പിന്മുറക്കാരും കോപ്പയിലെ മൂന്നാം സ്ഥാനത്തിനായി കൊമ്പുകോര്‍ക്കുമ്പോള്‍ നാടെങ്ങുമുള്ള കല്‍പന്ത് കളി ആരാധകരുടെ ആവേശം അലകടലാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here