കേരളത്തില്‍ സിക വൈറസ് രോഗബാധിതര്‍ 15 ആയി ; അമിത ഭീതി വേണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരത്ത് 14 പേര്‍ക്കു കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതര്‍ 15 ആയി. ജനങ്ങള്‍ക്ക് അമിത ഭീതി വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജില്ലയില്‍ ആശങ്കപ്പെടെണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ. എല്ലാ ജില്ലകള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശവും ആരോഗ്യവകുപ്പ് നല്‍കി.

തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും പുനൈ എന്‍ ഐ വിയിലെക്ക് അയച്ച 19 പേരുടെ സാമ്പിളിലാണ് 14 പേര്‍ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് ചികില്‍സ തേടിയവര്‍ക്ക് ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ ലക്ഷണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ അസുഖങ്ങളല്ലെന്ന് വ്യക്തമായതോടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കയച്ചതോടെയാണ് സിക്ക സ്ഥിരീകരിച്ചത്.

ഭൂരിഭാഗവും ആരോഗ്യ പ്രവര്‍ത്തകരാണ്. ആദ്യമായി സ്ഥിരീകരിച്ച 24 കാരിയും ഏഴാം തീയതി ഇവര്‍ പ്രസവിച്ച കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. ഡിഎംഒമാരുടെ യോഗം വിളിച്ച ആരോഗ്യമന്ത്രി എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. എന്നാല്‍ അമിത ഭീതി വേണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

രോഗബാധിതരെല്ലാം തിരുവനന്തപുരം നഗരസഭാ പരിധിയില്‍ താമസിക്കുന്നവരാണ്. ലക്ഷണങ്ങളുള്ള എല്ലാ ഗര്‍ഭിണികളിലും സിക്ക വൈറസ് സാന്നിധ്യം പരിശോധിക്കുമെന്ന് ഡി എം ഒ ഡോക്ടര്‍ കെ.എസ് ഷിനു പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം പബ്‌ളിക് ലാബ്, ആലപ്പുഴ – കോഴിക്കോട് എന്‍ ഐവികളില്‍ പരിശോധന കിറ്റ് എത്തിക്കാനും തീരുമാനിച്ചു. ഒപ്പം കൊതുക് നിര്‍മാര്‍ജനം ലക്ഷ്യമിട്ട് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here