
കേന്ദ്ര സർക്കാരിന്‍റെ അജണ്ടയുടെ ഭാഗമാണ് ഐഷ സുൽത്താനക്ക് എതിരായ രാജ്യദ്രോഹ കേസെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്. ഐഷ നടത്തുന്ന പോരാട്ടത്തിന് ഡിവൈഎഫ്ഐ പിന്തുണ പ്രഖ്യാപിച്ചു. നിയമപരമായ പോരാട്ടത്തിനും എല്ലാവിധ സഹായവും ഡിവൈഎഫ്ഐ നൽകുമെന്നും എസ് സതീഷ് പറഞ്ഞു.
നിയമപരമായ ചോദ്യം ചെയ്യൽ അല്ല വേട്ടയാടൽ ആണ് ഐഷക്കെതിരെ നടക്കുന്നതെന്ന് ഡി വൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പറഞ്ഞു. ഐഷയ്ക്ക് നിയമപരമായ പോരാട്ടത്തിന് എല്ല വിധ സഹായവും ഡിവൈഎഫ്ഐ നൽകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
രാജ്യദ്രോഹക്കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും പൊലീസ് നടപടികൾ അവസാനിക്കാത്തതോടെയാണ് ഐഷയ്ക്ക് പിൻതുണയുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്. മുൻപ് ലക്ഷദ്വീപിലേക്ക് വിളിച്ചു വരുത്തി നാല് തവണ ചോദ്യം ചെയ്ത പൊലീസ് വ്യാഴാഴ്ച ഐഷയുടെ കൊച്ചിയിലെ ഫ്ലാറ്റിലെത്തി റെയ്ഡ് നടത്തിയിരുന്നു.
ഒപ്പം ഐഷയേയും അനുജനേയും ചോദ്യം ചെയ്ത പൊലീസ് ഐഷയുടെ ലാപ്ടോപും മോബൈലും പിടിച്ചെടുത്തു. ഇതോടെയാണ് ഐഷയ്ക്ക് പിൻതുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തിയത്.
അതേസമയം താൻ അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാൽ നാട്ടിൽ നടക്കുന്ന സമരപരിപാടികളിൽ നിന്ന് പിന്മാറില്ലെന്നും ഐഷ സുൽത്താന പ്രതികരിച്ചു.
നിലവിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് കവരത്തി പൊലീസിൻ്റെ തീരുമാനം. കേസിൽ യുവമോർച്ച നേതാവ് വിഷ്ണുവിനെ തിരുവനന്തപുരത്തെത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here