കേരളം കണികണ്ടുണരും നന്മ ഇനി ആനവണ്ടിയിലും; ‘മിൽമ ബസ് ഓൺ വീൽസ്’ പദ്ധതിക്ക് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ‘ഡബിൾ ബെൽ’

തൃശൂർ കെഎസ്ആർടിസി സ്റ്റാന്റിലെത്തുന്ന യാത്രക്കാരെ ലഘു ഭക്ഷണം നൽകി സ്വീകരിക്കാൻ ഇനി ‘ഓൺ വീലിൽ’ മിൽമയുണ്ടാകും. ജില്ലയിൽ കെഎസ്ആർടിസിയും മിൽമയും കൈകോർക്കുന്ന ‘മിൽമ ബസ് ഓൺ വീൽസ്’ പദ്ധതിക്ക് ക്ഷീര വികസന വകുപ്പ്മന്ത്രി ജെ. ചിഞ്ചുറാണി ‘ഡബിൾ ബെൽ’ നൽകി.

മിച്ചംവരുന്ന പാൽ പാൽപ്പൊടിയാക്കി സംസ്കരിച്ച് സൂക്ഷിക്കുവാനുള്ള സംവിധാനം കേരളത്തിൽ വേണമെന്നും കൊവിഡ് പ്രതിസന്ധിയിൽ മിച്ചം വന്ന പാൽ ഇതരസംസ്ഥാന തൊഴിലാളികൾ, അങ്കണവാടി കുഞ്ഞുങ്ങൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, കൊവിഡ് രോഗികൾ എന്നിവർക്ക് വിതരണം ചെയ്ത മിൽമയുടെ നടപടി പ്രശംസാർഹമാണെന്നും മന്ത്രി പറഞ്ഞു.

ആകർഷകമായി സജ്ജീകരിച്ച കെഎസ്ആർടിസി ബസ്സിൽ ഒരുക്കിയ മിൽമ സ്റ്റാളുകൾ ആണ് ‘മിൽമ ബസ് ഓൺ വീൽസ്’ എന്ന വിപണന പദ്ധതി. മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ഇവിടെനിന്നും ആവശ്യക്കാർക്ക് വാങ്ങാനാകും. കൂടാതെ നാല് പേർക്ക് ഇരുന്ന് ലഘുഭക്ഷണം കഴിക്കാനുള്ള സൗകര്യവും ബസ്സിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.

കെഎസ്ആർടിസിയുടെ പഴയ ബസ്സുകളാണ് ഇതിനായി രൂപമാറ്റം വരുത്തി ഉപയോഗപ്പെടുത്തുന്നത്. പദ്ധതിയിലൂടെ മാസ വാടക ഇനത്തിൽ ലഭിക്കുന്ന അധിക വരുമാനം കെഎസ്ആർടിസിക്ക് മുതൽക്കൂട്ടാകും. പദ്ധതി വിജയമാകുന്നതനുസരിച്ച് മേഖലാ യൂണിറ്റിന് കീഴിലുള്ള എല്ലാ പ്രധാന കെഎസ്ആർടിസി സ്റ്റാൻഡുകളിലും പദ്ധതി നടപ്പാക്കുമെന്ന്
ചെയർമാൻ ജോൺ തെരുവത്ത് അറിയിച്ചു.

ക്ഷീര കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിച്ച് കോവിഡിന്റെ പ്രതിസന്ധിയിലും കാർഷികമേഖലയ്ക്ക് താങ്ങായി നിന്ന പൊതുമേഖലാ സ്ഥാപനമാണ് മിൽമ.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇൻസെന്റീവായി 5.5 കോടി രൂപ മിൽമ ക്ഷീരകർഷകർക്ക് വിതരണം ചെയ്തിരുന്നു.

മിൽമ ഓൺ വീൽസ് പദ്ധതി ഉൾപ്പെടെയുള്ള നൂതനവിപണന മാർഗങ്ങൾ നടപ്പിലാക്കാനും ഓൺലൈൻ വിപണനം ശക്തിപ്പെടുത്താനും മിൽമ ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്.

തൃശൂർ കെഎസ്ആർടിസി സ്റ്റാന്റിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. എംഎൽഎ കെ പി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ് ആദ്യ വിൽപ്പന നിർവഹിച്ചു.

വാർഡ് കൗൺസിലർ വിനോദ് പൊള്ളേഞ്ചേരി ഉൽപന്നം ഏറ്റുവാങ്ങി. ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, മിൽമ കെഎസ്ആർടിസി അധികൃതർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News