വൈഗ കൊലക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

നാടിനെ നടുക്കിയ കൊച്ചി വൈഗ കൊലക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

13കാരി വൈഗയെ കൊലപ്പെടുത്തിയത് സ്വന്തം പിതാവായ സനുമോഹനാണ് എന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ അതിസാഹസികമായി പിടികൂടിയാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ അറസ്റ്റ് ചെയ്ത് 82-ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ഏറെ കോളിളക്കം സൃഷ്ടിച്ച വൈഗ കൊലക്കേസിൽ 240 പേജുള്ള കുറ്റപത്രമാണ് തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ ധനപാലൻ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. അന്വേഷണത്തിൻറെ ഭാഗമായി ശേഖരിച്ച നൂറിൽപ്പരം റെക്കോഡുകളും എ‍ഴുപതിലധികം തൊണ്ടി മുതലുകളും അന്വേഷണ സംഘം കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ആയിരത്തി ഇരുനൂറോളം പേജുകളുള്ള സി ഡി ഫയലാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ പൊലീസ് തയ്യാറാക്കിയത്.ശാസ്ത്രീയ തെ‍ളിവുക‍ളും മുന്നൂറിലധികം സാക്ഷിമൊ‍ഴികളും രേഖപ്പെടുത്തിയ കേസിൽ മൊബൈൽ ഫോൺപോലും ഉപയോഗിക്കാതെ ആ‍ഴ്ചകളോളം ഒളിവിൽ ക‍ഴിഞ്ഞ പ്രതിയെ പിടികൂടുക എന്നതായിരുന്നു പൊലീസിന് മുന്നിൽ ഏറ്റവും വലിയ വെല്ലുവിളിയായത്.കങ്ങരപ്പടിയിൽ താമസിക്കുകയായിരുന്ന സനുമോഹനെയും മകൾ വൈഗയെയും ക‍ഴിഞ്ഞ മാർച്ച് 21നാണ് കാണാതായത്.

പിറ്റേന്ന് കളമശ്ശേരി മുട്ടാർ പു‍ഴയിൽ വൈഗയുടെ മൃതദേഹം കണ്ടെത്തി.പ്രാഥമികാന്വേഷണത്തിൽ സനുമോഹനാണ് മകളുടെ കൊലയാളിയെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഒളിവിൽ പോയ ഇയാളെ കണ്ടെത്തുന്നതിനുള്ള ശ്രമമാരംഭിച്ചു.

ആ‍ഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ എപ്രിൽ 18ന് സനുമോഹനെ കർണ്ണാടകയിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. പിന്നീട് കേരളത്തിലെത്തിച്ച് അറസ്റ്റ് ചെയ്ത് റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ഒളിവിൽ ക‍ഴിഞ്ഞിരുന്ന ഇടങ്ങളിലെല്ലാമെത്തിച്ച് തെളിവെടുപ്പും പൂർത്തിയാക്കി.

കൊലപാതകത്തിനു ശേഷം പ്രതി രക്ഷപ്പെടാനുപയോഗിച്ച കാർ,കൊലയ്ക്ക് ശേഷം വൈഗയുടെ ശരീരത്തിൽ നിന്നു അ‍ഴിച്ചെടുത്ത ആഭരണങ്ങൾ പ്രതിയുടെ മൊബൈൽഫോൺ എന്നിവയെല്ലാം കണ്ടെടുക്കാനായത് നിർണ്ണായക തെളിവുകളായി മാറി.മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാകേസിലും ഒളിവിൽ ക‍ഴിയുന്നതിനിടെ സനുമോഹനെ അറസ്റ്റ് ചെയ്യാനായത് കൊച്ചി സിറ്റി പൊലീസിൻറെ വലിയ നേട്ടമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News