ബിജെപി അദ്ധ്യക്ഷ സ്ഥാനം; തമിഴ്നാട് മോഡൽ കേരളത്തിലും പരീക്ഷിച്ചേക്കുമെന്ന് സൂചന

ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് തമിഴ്നാട് മോഡൽ കേരളത്തിലും പരീക്ഷിച്ചേക്കുമെന്ന് അഭ്യൂഹം. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ അണ്ണാമലൈയെ ആണ് തമിഴ്നാട് സംസ്ഥാന പ്രസിഡൻറാക്കിയത്. കേരളത്തിലും സമാന നീക്കം കേന്ദ്രനേതൃത്വം നടത്തിയേക്കുമെന്ന അഭ്യുഹങ്ങൾ ബി ജെ പി വൃത്തങ്ങളിൽ സജീവമായി.

ആരോപണ വിധേയനായ നിലവിലെ പ്രസിഡൻ്റിനെ മാറ്റി മുൻ ഐ എ എസ്, ഐപിഎസുകാരെയടക്കം പരിഗണിച്ചേക്കുമെന്നാണ് മുരളീധര വിരുദ്ധ പക്ഷത്തിൻ്റെ പ്രതീക്ഷ. അതേസമയം, സംസ്ഥാന നേതൃത്വത്തെ വിമർശിച്ച് മുതിർന്ന നേതാവ് പി.പി.മുകുന്ദൻ രംഗത്തെത്തി.

ബിജെപി യുടെ തമിഴ്‌നാട്‌ സംസ്ഥാന അധ്യക്ഷനായി മുൻ ഐപിഎസ്‌ ഉദ്യോഗസ്ഥൻ കെ അണ്ണാമലൈയെ നിയമിച്ചതോടെയാണ്  കേരളത്തിലും മാറ്റങ്ങളുണ്ടായേക്കാമെന്ന്‌ അഭ്യൂഹം പരക്കുന്നത്. സംസ്ഥാന അധ്യക്ഷനായിരുന്ന എൽ മുരുഗൻ കേന്ദ്ര സഹമന്ത്രിയായതോടെയാണ്‌ തമിഴ്‌നാട്ടിൽ മാറ്റമുണ്ടായത്‌.

കേരളത്തിലെ ഔദ്യോഗിക നേതൃത്വം നിരവധിയായ കേസുകളിൽ പെട്ടുഴലുകയാണ്‌. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാകട്ടെ കൊടകര കുഴൽപ്പണക്കേസ്, ബത്തേരി കോഴക്കേസ്, മഞ്ചേശ്വരം കോഴക്കേസുകളിൽ ആരോപണ വിധേയനാണ്. ചില കേസുകളിൽ പ്രതിസ്ഥാനത്തുമാണ്. തിരഞ്ഞെടുപ്പിലെ  കനത്ത പരാജയവും സംസ്ഥാന നേതൃത്വത്തെ അലട്ടുന്നുണ്ട്. ഈ ഘട്ടത്തിലാണ് കേരളത്തിലും നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുന്നത്.

അങ്ങനെ വന്നാൽ ഇവിടെയും മുൻ ഐഎഎസ്‌, ഐപിഎസുകാരടക്കം വിരമിച്ച ഉദ്യോഗസ്ഥരെ ആരെയെങ്കിലും അധ്യക്ഷസ്ഥാനത്തേക്ക്‌ പരിഗണിച്ചേക്കാമെന്നാണ്‌ മുരളീധര വിരുദ്ധ പക്ഷത്തെ  നേതാക്കൾ ‌ പറയുന്നത്‌. കേരളത്തിലെ ബിജെപി യുടെ ദുരവസ്ഥയ്‌ക്കുള്ള കാരണം പഠിക്കാൻ കേന്ദ്ര നേതൃത്വം  മൂന്ന്‌ നിരീക്ഷകരെ ചുമതലപ്പെടുത്തിയിരുന്നു.

റിട്ട. ഐപിഎസ്‌ ജേക്കബ്‌ തോമസ്‌, റിട്ട. ഐഎഎസ്‌ സി വി ആനന്ദബോസ്‌,  ഇ ശ്രീധരൻ എന്നിവരാണ്‌ പഠിച്ച്‌ റിപ്പോർട്ട്‌ നൽകിയത്‌. സ്വതന്ത്ര സമിതിയെ നിയോഗിച്ചത് കേരള നേതൃത്വത്തിനുള്ള മുന്നറിയിപ്പായാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.

അതേസമയം, സുരേന്ദ്രന്നും മുരളീധരനും എതിരെ വിമർശനവുമായി മുതിർന്ന നേതാവ് പി.പി.മുകുന്ദൻ രംഗത്തെത്തി. വ്യക്തിയല്ല പാർട്ടിയെന്നായിരുന്നു മുകുന്ദൻ്റെ വിമർശനം. അനുഭവ സമ്പത്തുള്ളവരെ തഴയുകയാണെന്നും മുകുന്ദൻ കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here