39 വര്‍ഷമായി ഒരേ വസ്ത്രം..ഒരേ ജോലി; സൗഹൃദത്തിന്‍റെ ഉത്തമ മാതൃകകാട്ടി ഉദയകുമാറും  രവീന്ദ്രൻ പിള്ളയും

സൗഹൃദങ്ങൾ ഉണ്ടാക്കുന്നതിലും പ്രയാസകരമാണ് അത് നിലനിർത്തുക എന്നത്. എന്നാൽ 39 വർഷം പിന്നിടുന്ന കായംകുളം പുള്ളിക്കണക്ക് സ്വദേശികളായ ഉദയകുമാറിന്‍റെയും രവീന്ദ്രൻ പിള്ളയുടേയും സൗഹൃദം വളരെ ഊഷ്മളവും വേറിട്ടതുമാണ്.

ഒരേ കളർ വസ്ത്രം ധരിച്ച്, ഒരേ ജോലിയിൽ ഏർപ്പെട്ട് ഒരുമിച്ച് യാത്ര തുടർന്നിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും ഇവരുടെ സൗഹൃദത്തിന് ഒരു വിള്ളലും ഉണ്ടായിട്ടില്ല. 1982ൽ കായംകുളത്തെ ഒര് തയ്യൽ പരിശീലന കേന്ദ്രത്തിൽ തുടങ്ങിയ സൗഹൃദം ഇന്നും ഉടയാതെ ഇവർ കാത്തുസൂക്ഷിക്കുന്നുണ്ട് എങ്കിൽ അത് വലിയൊരു മാതൃക തന്നെയാണ്.

സൗഹൃദം തലയ്ക്കു പിടിച്ച ഇവർ ഒരേ പോലുള്ള വസ്ത്രം ധരിക്കാൻ തുടങ്ങിയിട്ട് 25 വർഷമായി. ഒരേ കളറിലുള്ള തുണി വാങ്ങി ഇരുവരും ചേർന്ന് തൈച്ചാണ് വസ്ത്രം ധരിക്കാറ്. ഓരോ ദിവസവും ഏത് കളർ വസ്ത്രം ധരിക്കണം എന്ന് ഇരുവർക്കുമിടയിൽ ധാരണയുണ്ട്.

അങ്ങനെ ഒരേ വസ്ത്രം ധരിച്ച് ബൈക്കിൻ്റെ മുന്നിലും പിന്നിലും ഇരുന്ന് യാത്ര ചെയ്യുന്ന ഇവരെ നാട്ടുകാർ പാച്ചുവും കോവാലനും എന്ന് വിളിച്ചു. ഇതേ പേര് സ്വീകരിച്ച ഇവർ പികെ ടൈലേഴ്സ് എന്ന പേരിൽ ഇരുവരും ചേർന്ന് കായംകുളം കെ പി റോഡിൽ തയ്യൽ കട ആരംഭിച്ചു. തുടർന്ന് ചേരാവള്ളിയിൽ താമസിച്ചിരുന്ന ഉദയകുമാർ, പുള്ളിക്കണക്കിൽ രവീന്ദ്രൻ പിള്ളയുടെ വീടിനോട് ചേർന്ന് തന്നെ സ്ഥലം വാങ്ങി വീട് വെച്ചു. വീടിന് പികെ നിവാസ് എന്ന പേരും നൽകി.

ഇരുവരുടെയും ഹൃദയങ്ങൾക്കിടയിൽ മതിലുകളില്ല എന്നതുപോലെതന്നെ, ഇവരുടെ വീടുകൾക്കിടയിലും മതിൽക്കെട്ടുകൾ തടസ്സമായി ഇല്ല. ഇരുവരുടെയും ഭാര്യമാരുടെയും മക്കളുടെയും പേരിൽ സാദൃശ്യമുണ്ട് എന്നതും മറ്റൊരു പ്രത്യേകതയാണ്.

മീനാകുമാരി ആണ് രവീന്ദ്രൻ പിള്ളയുടെ ഭാര്യ, സുനിത കുമാരി ആണ് ഉദയകുമാറിന്റെ ഭാര്യ. ഇരുവർക്കും തയ്യിൽ തന്നെയാണ് തൊഴിൽ. ഇരുവരുടെയും മക്കളുടെ പേരിലും സാ
മ്യമുണ്ട് ശ്രീപ്രിജൻ, ശ്രീലച്ചു.

ഇരുവരുടെയും വിവാഹത്തിനുശേഷം ഒരു കുടുംബം പോലെയാണ് ഇവർ കഴിയുന്നത്. എല്ലാ ബന്ധങ്ങളെയും ഇല്ലാതെയാക്കുന്നത് ഒന്നിച്ചുള്ള മദ്യപാനം, പണം കടം വാങ്ങൽ, രാഷ്ട്രീയം എന്നിവയാണെന്നും തങ്ങൾക്കിടയിൽ ഈ മൂന്ന് കാര്യങ്ങൾ ഇല്ലാത്തതിനാലാണ് 39 വർഷം പിന്നിടുമ്പോഴും ഈ സൗഹൃദം നിലനിന്നു പോകുന്നത് എന്നും ഇരുവരും പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News