കേന്ദ്രത്തിന്‍റെ കൊള്ള തുടരുന്നു; രാജ്യത്ത് ഇന്നും പെട്രോള്‍-ഡീസല്‍ വില കൂട്ടി 

കൊവിഡില്‍ നട്ടംതിരിയുന്ന രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാ‍ഴ്ത്തി വീണ്ടും ഇന്ധനവില കൂട്ടി. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്.

10 ദിവസത്തിനിടെ ആറാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ആറു ദിവസം കൊണ്ട് ക്രൂഡോയില്‍ വില ബാരലിന് 3.39 ഡോളര്‍ കുറഞ്ഞിട്ടും ഇന്ധനവില തുടര്‍ച്ചയായി കൂട്ടുകയാണ്.

ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 35 പൈസ വര്‍ധിപ്പിച്ചതോടെ കൊച്ചിയിലെ ഒരു ലിറ്റര്‍ പെട്രോളിന്‍റെ ഇന്നത്തെ വില 101 കടന്നു. ഡീസലിന് 27 പൈസയുടെ വര്‍ധനവുണ്ടായതോടെ വില 95ഉം പിന്നിട്ടു.

തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില  102 രൂപ 89 പൈസയും ഡീസല്‍ വില 96രൂപ 47 പൈസയുമാണ്. ഈ മാസം തുടങ്ങി 10 ദിവസമാകുമ്പോ‍ഴേക്കും 6 തവണയാണ് ഇന്ധനവില കൂട്ടിയിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ധിക്കുന്നതാണ് രാജ്യത്ത് ഇന്ധനവില വര്‍ധനവിന് കാരണമാകുന്നതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെ ന്യായം. എന്നാല്‍ കണക്കുക‍ള്‍ പരിശോധിച്ചാല്‍ അത് വെറും തൊടുന്യായമാണെന്ന് ബോധ്യമാകും.

അന്താരാഷ്‌ട്ര വിപണിയിൽ കഴിഞ്ഞ ആറു ദിവസംകൊണ്ട് ക്രൂഡ്‌ വില ബാരലിന്  3.39ഡോളര്‍, അതായത് 252.65 രൂപ  കുറഞ്ഞപ്പോള്‍ ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന് 1.75 രൂപയും ഡീസിലിന് 46 പൈസയും കൂട്ടി. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ  2014ൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് 105.30 ഡോളർ വിലയുണ്ടായിരുന്നപ്പോൾ ഒരു ലിറ്റര്‍ പെട്രോളിന് 73 രൂപയായിരുന്നു വില.

എന്നാല്‍ 7 വര്‍ഷത്തിനിപ്പുറം അന്താരാഷ്ട്ര വില 30  ഡോളറിലധികം ഇടിഞ്ഞ് 75 ഡോളര്‍ നിരക്കിലെത്തിയപ്പോൾ പെട്രോള്‍ വില 101 കടന്നിരിക്കുന്നു. ഇക്കാലത്തിനിടക്ക് 29 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കൂട്ടിയത്. ഈ മാസം 2ന് ക്രൂഡോയില്‍ വില ബാരലിന് 77.51 ഡോളറായിരുന്നു. അന്ന് പെട്രോളിന് 100.79 രൂപയും ഡീസലിന് 95.74 രൂപയുമായിരുന്നു. എന്നാല്‍ ഇക്ക‍ഴിഞ്ഞ വ്യാഴാഴ്‌ച എണ്ണവില 74.12 ഡോളറായി കുറഞ്ഞിട്ടും ഇന്ധനവില വീണ്ടും കൂട്ടി.

ക‍ഴിഞ്ഞ വര്‍ഷം ലോക്‌ഡൗണ്‍ കാലത്ത് എണ്ണവില ബാരലിന് 19 ഡോളർവരെ താഴ്‌ന്നിട്ടും കുറച്ചത്‌ വെറും 25  പൈസയാണ്. 2014ൽ പെട്രോളിന് 9.48  രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതിയെങ്കിൽ ഇപ്പോഴത്‌ 32.90 രൂപയും 31.80 രൂപയുമാക്കി വര്‍ധിപ്പിച്ചു.അതായത് ക്രൂഡോയില്‍ വില കുറയുമ്പോ‍ഴും ഭീമമായ നികുതി ചുമത്തിയാണ് കേന്ദ്രസർക്കാർ ഇന്ധനക്കൊള്ള നടത്തുന്നതെന്ന് ചുരുക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News