
കാൽപന്ത് കളിയിലെ മിശിഹ ലയണൽ മെസിയും കാനറികളുടെ പ്ലേമേക്കർ നെയ്മറും മുഖാമുഖം വരുന്ന ഫൈനലിനാണ് മാറക്കാന വേദിയാവുക. കോപ്പയിൽ മുത്തമിടാൻ ഉറച്ച് ഇരുതാരങ്ങളും പോരടിക്കുമ്പോൾ ആരാധകർക്ക് ഒരിക്കലും മറക്കാനാകാത്ത ത്രില്ലറായി ‘മാറക്കാന ഫൈനൽ’ മാറും.
അർജൻറീന ഒരു കിരീടം നേടിയിട്ട് 21 ആം നൂറ്റാണ്ടിന്റെ 21 വർഷങ്ങൾ കടന്നു പോയിരിക്കുന്നു. 1993 ൽ ഇക്വഡോർ വേദിയായ കോപ്പ അമേരിക്ക ടൂർണമെൻറിൽ മെക്സിക്കോയെ 2-1 ന് തോൽപിച്ചായിരുന്നു ആൽബി സെലസ്റ്റകളുടെ ഏറ്റവും ഒടുവിലത്തെ കിരീട നേട്ടം.2005 മുതൽ അർജന്റീനയുടെ സ്വപ്നങ്ങളുടെ പതാകവാഹകനാണ് മെസി.
കഴിഞ്ഞ 5 കോപ്പ ടൂർണമെൻറുകളിലും ‘കാൽപന്ത് കളിയിലെ മിശിഹ’ യ്ക്ക് നിരാശയായിരുന്നു ഫലം.2015 ലും 2016 ലും കോപ്പകിരീടം ഷൂട്ടൗട്ടിൽ വഴുതി മാറിയപ്പോൾ മെസി വിതുമ്പി.
ലോകമെമ്പാടുമുള്ള കാൽപന്ത് കളി പ്രേമികളെ ഏറെ നൊമ്പരപ്പെടുത്തിയ നിമിഷങ്ങളായിരുന്നു അത്.കിരീടങ്ങളാൽ സമ്പന്നമായ മെസിയുടെ കരിയറിൽ ഇനി ഒഴിഞ്ഞു നിൽക്കുന്നത് രാജ്യത്തിനായി ഒരു കിരീടമെന്ന ബഹുമതി മാത്രം. അജയ്യരായാണ് കോപ്പയിൽ മെസിപ്പടയുടെ ഫൈനൽ പ്രവേശം.
നീണ്ട 28 വർഷത്തിന് ശേഷമുള്ള കിരീടനേട്ടത്തിനായി ലയണൽ മെസിയുടെ അർജന്റീന മാറക്കാനയിൽ പോരിന് ഒരുങ്ങുമ്പോൾ മുമ്പെങ്ങുമില്ലാത്ത ആത്മവിശ്വാസത്തിലാണ് അർജൻറീന ആരാധകർ. അതേ സമയം സ്വന്തം നാട്ടിൽ നടക്കുന്ന കോപ്പ ടൂർണമെന്റിലെ കിരീടം നെയ്മർക്ക് ഏറെപ്രധാനമാണ്.
രാജ്യത്തിന് വേണ്ടി മാസ്മരിക പ്രകടനം പുറത്തെടുക്കുന്ന കളിയഴകിന്റെ ഈ തമ്പുരാനിൽ പരിശീലകൻ ടിറ്റെയ്ക്ക് പ്രതീക്ഷ ഏറെയുണ്ട്.പ്രതിഭയുടെ ധാരാളിത്തമാണ് ഈ 29കാരനെ വേറിട്ടു നിർത്തുന്നത്.കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെൻറിൽ ബ്രസീൽ ജേതാക്കളായെങ്കിലും പരുക്ക് മൂലം കളിക്കാൻ നെയ്മർക്ക് സാധിച്ചിരുന്നില്ല.
ഒളിമ്പിക്സ് കിരീടവും കോൺഫെഡറേഷൻസ് കപ്പും’ ബ്രസീലിനായി നേടിക്കൊടുത്തെങ്കിലും ഒരു കോപ്പ കിരീടം നെയ്മർക്ക് മുന്നിൽ അകന്നു നിൽക്കുകയാണ്. റൊണാൾഡോയ്ക്കും റിവാൾഡോയ്ക്കും റൊണാൾഡീഞ്ഞോയ്ക്കുമെല്ലാം ലഭിച്ച ആരാധക പിന്തുണ നേടിയെടുക്കാൻ നെയ്മർക്ക് മാറക്കാനയിലെ ഫൈനലിൽ വിജയിക്കണം.
കോപ്പ അമേരിക്കയിലെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ 4 ഗോളുകളുമായി മെസിയാണ് ഒന്നാമത്. രണ്ട് ഗോളുകൾ ഉള്ള നെയ്മർ മൂന്നാം സ്ഥാനത്താണ്.ബ്രസീലിനെ പത്താം കിരീടത്തിലേക്ക് നയിച്ച് വീരനായകനാകാൻ ഉറച്ച് നെയ്മറും കോപ്പകിരീട നേട്ടത്തിലൂടെ അർജൻറീനയുടെ ആറാം തമ്പുരാനാകാൻ ഉറച്ച് ലയണൽ മെസ്സിയും പോരിന് ഇറങ്ങുമ്പോൾ മാറക്കാനയിൽ ചരിത്രം വഴിമാറുമെന്ന കാര്യം തീർച്ച.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here