ADVERTISEMENT
ജമ്മുകശ്മീരില്‍ സുന്ദര്‍ഭനി സെക്ടറിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ
വീരമൃത്യു വരിച്ച ധീരജവാൻ സുബേദാർ ശ്രീജിത്തിന് നാടിന്റെ അന്ത്യാഞ്ജലി. കൊയിലാണ്ടിയിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. പൂർണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
രാജ്യത്തിനു വേണ്ടിയായിരുന്നു അവസാനശ്വാസം. ചേതനയറ്റ ശരീരമായി ശ്രീജിത്ത് മടങ്ങിവരുമ്പോൾ കണ്ണീരടക്കാൻ കഴിയാതെ വിതുമ്പുകയായിരുന്നു പൂക്കാട് ഗ്രാമം. മൗനം തളം കെട്ടിയ മയൂരിയിൽ ഇനി ധീര ജവാന്‍റെ ജ്വലിക്കുന്ന ഓർമകൾ മാത്രം.
രാവിലെ ഏഴ് മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. ശ്രീജിത്തിന്‍റെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം കാറ്റഗറി സി വിഭാഗത്തിൽപ്പെട്ടതിനാൽ പൊതുദര്‍ശനം ഉണ്ടായിരുന്നില്ല. കൊയിലാണ്ടി പൂക്കാട് പടിഞ്ഞാറേതറയിലെ കുടുംബ വീട്ടിലായിരുന്നു സംസ്കാരം. പൂർണമായ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം നടന്നത്. മകൻ അതുൽജിത്ത് ചിതക്ക് തീ കൊളുത്തി.
സംസ്ഥാന സർക്കാരിന് വേണ്ടി വനംമന്ത്രി എ കെ.ശശീന്ദ്രൻ, ജില്ലാ കളക്ടർ സാംബശിവ റാവു എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. ഡൽഹിയിൽനിന്ന് വിമാനത്തിൽ കോയമ്പത്തൂരിൽ എത്തിച്ച മൃതദേഹം റോഡുമാർഗം കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് പൂക്കാടുള്ള വസതിയിൽ എത്തിച്ചത്.
ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ സുന്ദർബെൻ മേഖലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വ്യാഴാഴ്ച പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് സുബേദാർ എം ശ്രീജിത്ത് വീരമൃത്യുവരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.