പൊതുജീവിതത്തിലെ ലാളിത്യമാർന്ന സാന്നിധ്യമായി നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ഡോ.പി.കെ.വാര്യർ: എ.വിജയരാഘവൻ

കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റിയും പ്രമുഖ ആയുർവേദ ഭിഷഗ്വരനുമായ ഡോ.പി.കെ.വാര്യരുടെ നിര്യാണത്തിൽ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

ഒരു നൂറ്റാണ്ടിന്റെ ധന്യജീവിതത്തിലൂടെ താൻ ജീവിച്ച സമൂഹത്തിൽ ഗുണപരമായ പരിവർത്തനങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചത്. ഇന്ത്യയിലെ പ്രമുഖ ആയുർവേദ സ്ഥാപനത്തിന്റെ മുഖ്യ ചുമതലക്കാരനായി അദ്ദേഹം ഏഴുപതിറ്റാണ്ട് പ്രവർത്തിച്ചു.

വൈദ്യവൃത്തിയെ ഒരിക്കലും ധനസമ്പാദനത്തിനായി അദ്ദേഹം ഉപയോഗിച്ചിരുന്നില്ല. ആര്യവൈദ്യശാലയിൽ എത്തുന്നവരെല്ലാം അദ്ദേഹത്തിന്റെ സ്നേഹസാനിധ്യം അറിഞ്ഞവരായിരുന്നു.കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തോടൊപ്പം തന്റെ യൗവ്വനകാലത്ത് സജീവമായി പ്രവർത്തിച്ച ഡോ.പി.കെ.വാര്യർ ജീവിതത്തിൽ ഉടനീളം പുരോഗമന മൂല്യങ്ങളാണ് കാത്തുസൂക്ഷിച്ചത്.

കേരളത്തിന്റെ ഇടതുപക്ഷ മുന്നേറ്റങ്ങളിൽ അഭിമാനമുണ്ടായിരുന്ന അടുത്ത അഭ്യുദയകാംക്ഷിയായിരുന്നു അദ്ദേഹം.കേരളത്തിലെ പൊതുജീവിതത്തിലെ ലാളിത്യമാർന്ന സാന്നിധ്യമായി നിറഞ്ഞുനിന്ന ഡോ.പി.കെ.വാര്യർ കഥാവശേഷനാകുമ്പോൾ അദ്ദേഹം കാത്തുസൂക്ഷിച്ച മാതൃകകൾ എല്ലായ്പ്പോഴും ഓർക്കപ്പെടും. എല്ലാ കേരളീയനും ബഹുമാനപൂർവ്വം സ്നേഹിച്ച ഡോ.പി.കെ.വാര്യരുടെ ഓർമ്മകളിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നതായി എ.വിജയരാഘവൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News