രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഫാഷനാക്കി മാറ്റി കേന്ദ്രം; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍

ആക്ടിവിസ്റ്റ് ദിഷ രവി, മാധ്യമപ്രവര്‍ത്തകരായ സിദ്ദീഖ് കാപ്പന്‍, വിനോദ് ദുവ, സിനിമാ സംവിധായിക ഐഷ സുല്‍ത്താന എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍.

പൗരസമൂഹത്തിനെതിരെയും മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെയും അനധികൃതമായി രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനെതിരെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. കാളീശ്വരം രാജ്, നിഷ രാജന്‍ ഷോങ്കര്‍, തുളസി എ. രാജ് എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇത്തരം നടപടികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് കേന്ദ്രത്തിന് ഇപ്പോള്‍ ഒരു ‘രാഷ്ട്രീയം കലര്‍ന്ന ഫാഷനായി’ മാറിയെന്നും അക്രമം, പൊതുക്രമം, രാജ്യസുരക്ഷയ്ക്ക് ഭീഷണി തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ ക്രിമിനല്‍ നിയമ വ്യവസ്ഥിതിയില്‍ മറ്റു നിയമങ്ങള്‍ ഉണ്ടെന്നും ശശികുമാര്‍ ഹര്‍ജിയില്‍ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തില്‍ നിയമം രാജ്യദ്രോഹക്കുറ്റം ഉപയോഗിക്കരുതെന്ന് 2010ലെ എസ് ഖുഷ്ബൂ വി കാനിയമ്മാള്‍ വിധിന്യായത്തില്‍ കോടതി തന്നെ മുമ്പ് പറഞ്ഞിട്ടുണ്ടെന്നും 2016 മുതല്‍ രാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നതില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

2016ല്‍ 35 കേസുകളാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ 2019 ആയപ്പോഴേക്കും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 93 ആയി ഉയര്‍ന്നു. ഈ 93 കേസുകളില്‍ 17 ശതമാനം കേസുകളില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതെന്നും 3.3 ശതമാനമാണ് ശിക്ഷാ നിരക്കെന്നും ശശികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

2019ല്‍ 21 ഓളം കേസുകള്‍ തെളിവുകളുടെ അഭാവം കാരണം അവസാനിപ്പിച്ചിട്ടുണ്ടെന്നും രണ്ട് കേസുകള്‍ വ്യാജമാണെന്നും ആറ് കേസുകള്‍ സിവില്‍ തര്‍ക്കങ്ങളാണെന്ന് കണ്ടെത്തിയതായും ഇന്ത്യന്‍ പീനല്‍ കോഡിലെ രാജ്യദ്രോഹക്കുറ്റം വ്യവസ്ഥ ചെയ്യുന്ന 124 എ യുടെ ഉപയോഗം പരിശോധിക്കണമെന്ന് സുപ്രീം കോടതി അടുത്തിടെ വ്യക്തിമാക്കിയിരുന്നുവെന്നും അദ്ദേഹം ഹര്‍ജിയില്‍ വ്യകമതായി ചൂണ്ടിക്കാട്ടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News