കൊവിഡ് സാഹചര്യത്തില്‍ ജനസംഖ്യാ ദിനത്തിന് പ്രത്യേക പ്രാധാന്യം: മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ലോക ജനസംഖ്യാ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജനസംഖ്യാ പ്രശ്‌നങ്ങളുടെ പ്രാധാന്യത്തിൽ ലോകത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഈ ദിവസത്തിന്റെ പ്രധാന ലക്ഷ്യം.

ആഗോള തലത്തിൽ തന്നെ കൊവിഡ് കാരണം കുടുംബാസൂത്രണ സേവനങ്ങളിൽ തടസം നേരിട്ടിട്ടുണ്ട്. യു.എൻ.എഫ്.പി.എ. മാർച്ച് മാസത്തിൽ നടത്തിയ പഠന പ്രകാരം ലോകത്ത് 12 ദശലക്ഷം സ്ത്രീകൾക്ക് കുടുംബാസൂത്രണ സേവനങ്ങളിൽ തടസങ്ങൾ നേരിട്ടതായി റിപ്പോർട്ട് ചെയ്യുന്നു. ഇത് ജനസംഖ്യാ വർധനവിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

‘സ്വാശ്രയ രാഷ്ട്രവും കുടുംബവും കെട്ടിപ്പടുക്കാൻ പ്രതിസന്ധി ഘട്ടത്തിലും കുടുംബക്ഷേമ സേവനങ്ങൾ ലഭ്യമാക്കാം’ എന്നതാണ് ഈ വർഷത്തെ ലോക ജനസംഖ്യ ദിനത്തിന്റെ സന്ദേശം. ഈ വിഷയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ ജനസംഖ്യാ നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്നത്. 1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.

മികച്ച കുടുംബാസൂത്രണമാണ് ഒരു കുടുംബത്തിന്റേയും സമൂഹത്തിന്റേയും പുരോഗതി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്തുവാൻ ഇതേറെ സഹായിക്കുന്നു. മക്കളെ നന്നായി വളർത്താനും ജനപ്പെരുപ്പം കുറയ്ക്കാനും കുടുംബാസൂത്രണം സഹായിക്കുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങൾ തമ്മിൽ കുറഞ്ഞത് മൂന്ന് വർഷങ്ങളുടെ ഇടവേള വേണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

1952 ൽ ഇന്ത്യയാണ് കുടുംബാസൂത്രണത്തിനായി ആദ്യമായി ഒരു ദേശീയ പരിപാടി ആരംഭിച്ചത്. സർക്കാർ ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഉപകേന്ദ്രങ്ങൾ എന്നിവ വഴി കുടുംബാസൂത്രണ മാർഗങ്ങൾ സൗജന്യമായി ലഭ്യമാണ്. പബ്ലിക് ഹെൽത്ത് നഴ്‌സുമാർ ഇത്തരം സേവനം മികച്ച രീതിയിൽ നൽകി വരുന്നു. കൂടാതെ ആശാ പ്രവർത്തകർ വഴിയും സ്ത്രീകൾക്ക് ബോധവത്ക്കരണം നൽകുന്നുണ്ട്.

ഗർഭധാരണം തടയുന്നതിന് ധാരാളം താൽക്കാലികവും സ്ഥിരവുമായ മാർഗങ്ങളുമുണ്ട്. ഭാവിയിൽ ഇനി കുട്ടികൾ വേണ്ട എന്ന തീരുമാനമെടുത്തവർക്ക് സ്ഥിരമായ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാം. എല്ലാ സർക്കാർ ആശുപത്രികളിലും കുടുംബാസൂത്രണ മാർഗങ്ങൾ ലഭ്യമാണ്. താലൂക്ക് തലം മുതലുള്ള ആശുപത്രികളിൽ വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്തി വരുന്നു. കുടുംബാസൂത്രണത്തെ പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ ദിശ 104, 1056 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here