ഗര്‍ഭകാലത്ത് കൊവിഡ് ബാധിച്ചാല്‍ കുഞ്ഞിന് വളര്‍ച്ചയെത്തും മുമ്പേ പ്രസവസാധ്യതയുണ്ടാകും: മുഖ്യമന്ത്രി

ഗര്‍ഭിണികള്‍ എത്രയും പെട്ടന്നുതന്നെ വാക്‌സിനെടുക്കണമെന്നും അല്ലെങ്കില്‍ ഗര്‍ഭകാലത്ത് കൊവിഡ് ബാധിച്ചാല്‍ കുഞ്ഞിന് വളര്‍ച്ചയെത്തും മുമ്പേ പ്രസവസാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേലനത്തില്‍ പരഞ്ഞു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍ നല്‍കാന്‍ അനുമതിയുണ്ട്.

ഗര്‍ഭകാലത്ത് കൊവിഡ് ബാധിച്ചാല്‍ കുഞ്ഞിന് പൂര്‍ണ വളര്‍ച്ചയെത്തും മുന്‍പ് പ്രസവം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഗര്‍ഭിണികള്‍ കൊവിഡ് ബാധിതരായാല്‍ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ നല്‍കേണ്ടി വരും. വാക്സീന്‍ നല്‍കുന്നതിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ വാക്സന്‍ എടുക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം ഡെല്‍റ്റ വൈറസ് വകഭേദമാണ് രണ്ടാം തരംഗത്തില്‍ കേരളത്തിലെത്തിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടുതല്‍ ജനസാന്ദ്രതയുള്ളതിനാല്‍ ഡെല്‍റ്റ വൈറസ് വ്യാപിച്ചുവെന്നും ഗ്രാമ-നഗരങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് തുടര്‍ച്ചയായി നിലനില്‍ക്കുന്നതിനാല്‍ രോഗം അതിവേഗം സംസ്ഥാനമൊട്ടാകെ പടര്‍ന്നുപിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗം വന്ന് ഭേദമായവരിലും വാക്‌സിനേഷന്‍ എടുത്തവരിലുമുള്ള രോഗപ്രതിരോധത്തെ ഡെല്‍റ്റ വൈറസ് പരിമിതമായി മറികടക്കുന്നതിനാല്‍ രോഗം ഭേദമായവര്‍ക്ക് ഇന്‍ഫെക്ഷന്‍ വരാനിടയായി. പോസിറ്റീവാകുന്നവരില്‍ പലരും ഈ വിഭാഗത്തില്‍ പെടുന്നവരാണ്. ഇവര്‍ക്ക് ഗുരുതരമായ രോഗസാധ്യതയും മരണസാധ്യതയും ഇല്ലെന്നത് ആശ്വാസം.

എല്ലാവര്‍ക്കും രോഗം വന്ന് സാമൂഹിക പ്രതിരോധശേഷി ആര്‍ജ്ജിക്കുകയെന്നതല്ല, മറിച്ച് വാക്‌സിന്‍ ലഭിക്കുന്നത് വരെ രോഗം പരമാവധി പേര്‍ക്ക് വരാതെ നോക്കി മരണം കഴിയുന്നത്ര തടയുകയെന്ന നയമാണ് നാം പിന്തുടര്‍ന്നത്. ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി സാമൂഹ്യ പ്രതിരോധത്തിനാണ് ശ്രമം. 18 വയസിന് മുകളില്‍ 43 ശതമാനം പേര്‍ക്ക് ഒരു ഡോസും 12 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കി.

ഏറ്റവും വേഗം കേരളം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നുണ്ട്. വാക്‌സിന്‍ പാഴാക്കാതെ വിതരണം ചെയ്യുന്നതില്‍ കേരളം മുന്നിലാണ്. ഇക്കാര്യത്തില്‍ കേന്ദ്രം അഭിനന്ദിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ വഴിയും വാക്‌സിന്‍ വിതരണം ആരംഭിച്ചു. റഷ്യയുടെ സ്പുട്‌നിക് വാക്‌സീനും ചില ആശുപത്രികള്‍ നല്‍കുന്നുണ്ട്. അധികം വൈകാതെ മറ്റ് വാക്‌സിനുകളും ലഭിക്കുമെന്നാണ് കരുതുന്നത്. ഏതാനും മാസത്തിനുള്ളില്‍ 6-70 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News