കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം അർജൻ്റീനയ്ക്ക്

കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം അർജൻ്റീനയ്ക്ക്.ഫൈനലിൽ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു.ഇരുപത്തി ഒന്നാം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയ ആണ് അർജൻ്റീനയ്ക്ക് ആയി നേടിയത്.

28 വർഷത്തിനു ശേഷമാണ് കോപ്പയിൽ അർജൻ്റീനയുടെ കിരീടധാരണം. 1993ലായിരുന്നു അവർ അവസാനമായി കോപ്പ നേടിയത്. മത്സരത്തിൽ ആദ്യാവസാനം കളം നിറഞ്ഞുകളിച്ച റോഡ്രിഗോ ഡിപോൾ ആണ് കളിയിലെ താരം.

ഇരു ടീമുകളും കൊണ്ടും കൊടുത്തും മുന്നേറിയപ്പോൾ ഡി മരിയയുടെ പ്രസൻസ് ഓഫ് മൈൻഡാണ് ആദ്യ പകുതിയിൽ എടുത്തുപറയാനുള്ളത്. ഇരു ടീമുകളും അവസരങ്ങൾ തുറന്നെടുത്തു. കൂടുതൽ ഒത്തിണക്കം പ്രകടിപ്പിച്ച അർജൻ്റീനയാണ് കളിയിൽ മുൻതൂക്കം പ്രകടിപ്പിച്ചത്. എടുത്തുപറയത്തക്ക ചാൻസുകൾ പിന്നീട് ഇരു ടീമുകൾക്കും തുറന്നെടുക്കാനായില്ല.

രണ്ടാം പകുതിയിൽ ഫ്രെഡിനു പകരം റോബർട്ടോ ഫിർമീനോയെ ഇറക്കിയ ടിറ്റെ ആക്രമണം കനപ്പിച്ചു. എന്നാൽ, സമർത്ഥമായി പ്രതിരോധിച്ച അർജൻ്റീന ബ്രസീലിന് അവസരങ്ങളേതും നൽകിയില്ല. വിനീഷ്യസ് ജൂനിയർ, ഗബ്രിയേൽ ബർബോസ എന്നിവരും രണ്ടാം പകുതിയിൽ കളത്തിലെത്തി. 85ആം മിനിട്ടിൽ ഗാബിയുടെ ഒരു ഇടങ്കാലൻ വോളി ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് അവിശ്വസനീയമായി സേവ് ചെയ്തതാണ് കളിയിൽ ബ്രസീലിൻ്റെ എടുത്തുപറയത്തക്ക ചാൻസ്. അവസാന മിനിട്ടുകളിൽ ബ്രസീൽ തുടരെ ആക്രമണം അഴിച്ചുവിട്ടെങ്കിലും അർജൻ്റീന വഴങ്ങിയില്ല. 87ആം മിനിട്ടിൽ ഡിപോളിൻ്റെ ഒരു ഗംഭീര പാസ് ഗോളി മാത്രം മുന്നിൽ നിൽക്കെ മെസി പാഴാക്കിയത് അവിശ്വസനീയമായി.

രണ്ടാം പകുതിയിൽ ഇരു ടീമുകളും പരുക്കൻ കളി പുറത്തെടുത്തു. ബ്രസീൽ 22 ഫൗളുകൾ നടത്തിയപ്പോൾ അർജൻ്റീന 14 വട്ടം ഫൗൾ ചെയ്തു. അർജൻ്റീനയ്ക്ക് 5 മഞ്ഞ കാർഡും ബ്രസീലിന് 4 മഞ്ഞ കാർഡുമാണ് ലഭിച്ചത്. 60 ശതമാനം പൊസിഷനും 13 ഷോട്ടുകളും ഉണ്ടായിട്ടും 2 ഷോട്ടുകൾ മാത്രമേ ബ്രസീലിന് ലക്ഷ്യത്തിലേക്ക് തൊടുക്കാനായുള്ളൂ. അത്ര കൃത്യതയോടെയായിരുന്നു അർജൻ്റീനയുടെ പ്രതിരോധം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News