‘കാൽപന്ത് കളിയിലെ മിശിഹ’യുടെ സ്വപ്ന സാഫല്യം: അർജൻറീനയുടെ ആറാം തമ്പുരാനായി മെസി

28 വർഷം നീണ്ട അർജന്റീനയുടെ കിരീട വരൾച്ചയ്ക്ക് അറുതി വരുത്തിയ നായകൻ എന്ന വിശേഷണമാണ് ഇനി ലയണൽ മെസ്സിക്ക് ലോകമെമ്പാടുമുള്ള ആരാധകർ ചാർത്തി നൽകുന്നത്.കളിച്ച ആറാമത് കോപ്പയിലാണ് ‘കാൽപന്ത് കളിയിലെ മിശിഹ ‘യുടെ സ്വപ്ന സാഫല്യം.സമ്പന്നമായ കരിയറിനെ അലങ്കരിക്കാൻ കോപ്പ കിരീടവും ഇനി സ്വന്തം. ഇതോടെ ‘ബാലൺ ഡി ഓർ ‘ പുരസ്കാരത്തിനുള്ള സാധ്യത വർധിപ്പിച്ചിരിക്കുകയാണ് മെസി .

കിരീടങ്ങളാൽ സമ്പന്നമായ കരിയർ നിരന്തരം ആക്ഷേപിക്കപ്പെട്ടത് ഒറ്റക്കാരണത്താലായിരുന്നു. ക്ലബ്ബിന് വേണ്ടി കിരീടങ്ങൾ നേടുമ്പോഴും രാജ്യത്തിനായി കിരീടം നേടാനാകുന്നില്ലെന്നതായിരുന്നു വിമർശനം.

മെസി അപൂർണനായ കളിക്കാരനെന്നായിരുന്നു ഫുട്ബോൾ രാജാവ് പെലെ പോലും വിമർശിച്ചത്.ലോകമെമ്പാടുമുള്ള അർജൻറീനിയൻ ആരാധകരുടെ പ്രാർത്ഥനകൾക്ക് സാഫല്യമെ ന്നോണം ഫുട്ബോൾ ദൈവങ്ങൾ മെസിക്ക് മുന്നിൽ ഒടുവിൽ കണ്ണ് തുറന്നു.

അർജൻറീനയുടെ നീല വെള്ളവരക്കുപ്പായത്തിൽ ഇതാദ്യമായി അതിരറ്റ സന്തോഷത്തോടെ കാൽപന്ത് കളിയിലെ മിശിഹായെ ആരാധകർ കൺകുളിർക്കെ കണ്ടു. ആരാധകരുടെ ഓർമകളിൽ മിന്നിത്തെളിയുന്നത് തോൽവികളിൽ നിർവികാരനായി മൈതാന മധ്യത്ത് ഒറ്റപ്പെട്ട് നിൽക്കുന്ന മെസിയുടെ മുഖമാണ്.

2015 ലും 2016 ലും വഴുതിപ്പോയ കിരീടങ്ങളെല്ലാം യഥാർത്ഥത്തിൽ മെസി അർഹിച്ചിരുന്നു.രാജ്യത്തിന് വേണ്ടി ഒരു കിരീടമെന്ന അദമ്യമായ ആഗ്രഹമാണ് 2016ലെ കോപ്പഫൈനൽ തോൽവിയിൽ പൊടുന്നനെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിട്ടും അതെല്ലാം പിൻവലിച്ച് മടങ്ങി വരാൻ നിമിത്തമായത്. അന്ന് അർജൻറീനയുടെ ഫൈനൽ തോൽവിയേക്കാൾ ഏറെ ആരാധകരെ നൊമ്പരപ്പെടുത്തിയത് മെസിയുടെ വിരമിക്കൽ പ്രഖ്യാപനമായിരുന്നു.

അന്നത്തെ സമ്മർദ്ദത്തിനടിമപ്പെട്ട താരത്തിൽ നിന്നും ഇന്നിതാ ആൽബി സെലസ്റ്റകളുടെ സ്വപ്നങ്ങൾ ഏതാണ്ട് ഒറ്റയ്ക്ക് നെഞ്ചേറ്റിയ അസാധാരണ മനക്കട്ടിയുള്ള യോദ്ധാവായി മാറിയിരിക്കുന്നു മെസി. ആരാധകരുടെ ഉള്ളുരുകിയുള്ള പ്രാർത്ഥന പോലെ അനിതരസാധാരണമായ ഭാഗ്യവും മെസിയെ തേടിയെത്തിരിക്കുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ടീമിനെ വേട്ടയാടിയിരുന്ന നിർഭാഗ്യങ്ങളെല്ലാം പൊയ്മറഞ്ഞിരിക്കുന്നു. കളിച്ച ആറാം കോപ്പയിൽ രാജ്യത്തിന് കിരീടം നേടിക്കൊടുത്തതോടെ അർജൻറീനയുടെ ആറാം തമ്പുരാനായി മാറിയിരിക്കുകയാണ് മെസി .ലോക ഫുട്ബോളിലെ ‘കംപ്ലീറ്റഡ് പ്ലെയർ ‘ എന്ന വിശേഷണമാണ് കോപ്പ കിരീടനേട്ടത്തോടെ മെസിയിൽ വന്നു ചേർന്നിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel