സഹകരണ മന്ത്രാലയം അമിത്‌ ഷായ്‌ക്ക്‌ നൽകിയത്‌ ഗൂഢതാൽപ്പര്യം: പ്രതിഷേധം ശക്തം

പുതിയ കേന്ദ്രസഹകരണ മന്ത്രാലയത്തിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്തി പ്രതിപക്ഷ പാർട്ടികൾ. ഇടതുപക്ഷപാർട്ടികൾക്ക്‌ പുറമെ കോൺഗ്രസ്‌, എൻസിപി തുടങ്ങിയവയും മന്ത്രാലയ രൂപീകരണത്തിനെതിരെ രംഗത്തുവന്നു.

സഹകരണമേഖല ശക്തമായ മഹാരാഷ്ട്ര, ഗുജറാത്ത്‌, കേരളം തുടങ്ങിയ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ്‌ നീക്കമെന്ന്‌ പ്രതിപക്ഷപാർട്ടികൾ ആരോപിച്ചു. മന്ത്രാലയചുമതല അമിത്‌ ഷായ്‌ക്ക്‌ നൽകിയതിലും ഗൂഢലക്ഷ്യങ്ങളുണ്ടെന്ന്‌ ഇവർ കുറ്റപ്പെടുത്തി.

കൃഷി മന്ത്രാലയത്തിന്‌ കീഴിൽ സഹകരണവകുപ്പാണ്‌ ഇതുവരെ കേന്ദ്രത്തിലുണ്ടായിരുന്നത്‌. ഭരണതലത്തിൽ വലിയ മാറ്റമുണ്ടാവില്ലെങ്കിലും മന്ത്രാലയം അമിത്‌ ഷായുടെ നിയന്ത്രണത്തിലാണെന്നത്‌ അപകടസൂചനയാണ്‌.

പഞ്ചസാര മേഖലയടക്കം സഹകരണപ്രസ്ഥാനം ശക്തമായ മഹാരാഷ്ട്രയിൽ കൂടുതൽ സ്ഥാപനങ്ങളും കോൺഗ്രസ്‌ – എൻസിപി നിയന്ത്രണത്തിലാണ്‌. ബിജെപിക്കെതിരെ ശരത്‌ പവാറിന്റെയും മറ്റും നേതൃത്വത്തിൽ കൂട്ടായ്‌മ രൂപപ്പെടുന്ന ഘട്ടത്തിലാണ്‌ പുതിയ നീക്കം.

സഹകരണ വകുപ്പുള്ളപ്പോൾ പ്രത്യേക മന്ത്രാലയത്തിന്റെ ആവശ്യമെന്താണെന്ന്‌ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ പൃഥ്വിരാജ്‌ ചവാൻ ആരാഞ്ഞു. വകുപ്പ്‌ കൈകാര്യംചെയ്യുന്നത്‌ അമിത്‌ ഷായാണെന്നത്‌ ഗൗരവമുള്ള വിഷയമാണ്‌.

സഹകരണ സ്ഥാപനങ്ങൾ നിർണായകമായ മഹാരാഷ്ട്രയും ഗുജറാത്തും ബിജെപിക്ക്‌ പ്രധാനവുമാണ്‌. ഗുജറാത്തിൽ 2022ൽ നിയമസഭാ തെരഞ്ഞെടുപ്പുണ്ട്‌. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യം തുടർന്നാൽ മഹാരാഷ്ട്രയിൽ ബിജെപി പാടെ തകരും. ഈ പശ്‌ചാത്തലത്തിലാണ്‌ അമിത്‌ ഷാ കളത്തിലിറങ്ങുന്നത്‌. സഹകരണ സ്ഥാപനങ്ങൾക്ക്‌ വലിയ സ്വാധീനമുള്ളതിനാൽ അവയ്‌ക്ക്‌ മേൽ പിടിമുറുക്കുകയാണ്‌ ബിജെപിയുടെ ലക്ഷ്യമെന്ന് ചവാൻ പറഞ്ഞു.

സർക്കാർ നീക്കം ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്‌.സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട സഹകരണ മേഖലയിൽ ആഭ്യന്തര മന്ത്രിക്ക്‌ എന്താണ്‌ കാര്യമെന്ന്‌ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ചോദിച്ചു. സംസ്ഥാനങ്ങളുടെ അധികാരവും അവകാശവും അപഹരിക്കുകയാണെന്നും രാജ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News