ഇതിഹാസതാരം ഡീഗോ മറഡോണക്കുള്ള സമ്മാനമാണ് കോപ്പ കിരീടം: അർജൻറീനന്‍ ടീമിന് അഭിനന്ദനവുമായി എം എ ബേബി

കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം നേടിയ അർജൻറീന്‍ ടീമിന് അഭിനന്ദനങ്ങളുമായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി.തന്‍റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കു വച്ചത്.തങ്ങളുടെ ഇതിഹാസതാരം ഡീഗോ മറഡോണക്കുള്ള ടീമിൻറെ സമ്മാനമാണ് ഈ കോപ്പ കിരീടം.ഇതുപോലെ അർജൻറീനയും ബ്രസീലും തമ്മിലുള്ള ഒരു സ്വപ്ന ഫൈനൽ അടുത്തവർഷം നടക്കുന്ന ഖത്തർ ലോകകപ്പിലും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം കുറിച്ചു.

എം എ ബേബിയുടെ ഫെയ്സ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം നേടിയ അർജൻറീന ടീമിന് അഭിനന്ദനങ്ങൾ.നീണ്ട 28 വർഷങ്ങൾക്കു ശേഷമാണ് അർജൻറീന ഒരു കിരീടം നേടുന്നത്. ഒളിമ്പിക്സ് സ്വർണ്ണവും യുവലോകകപ്പും ജയിച്ചിട്ടുള്ള മെസ്സി, മൂന്നുകോപ്പാഫൈനലും ഒരു ലോകകപ്പ് ഫൈനലും കളിച്ച് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടാൻ നിർബന്ധിതനാകേണ്ടിവന്ന ദുഃഖത്തിലായിരുന്നു.

ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ബ്രസീൽ.അർജന്റീനയാകട്ടെ ഏറ്റവും മികച്ച ഫുട്ബാൾ ജീനിയസ് നയിക്കുന്ന ടീമും. അപരാജിതരായാണ് ഇരുടീമികളും ഫൈനലിലെത്തിയത്.

ഡിപോളിന്റെ അകലെനിന്നുള്ള നീണ്ട പാസ്സ് സ്വീകരിച്ച് പരിചയസമ്പന്നനായ ഏൻഞ്ചൽ ഡീ മരിയ തന്ത്രപൂർവ്വം അഡ്വാൻസ് ചെയ്ത് ബ്രസീലിയൻ ഗോളിയുടെ തലക്ക് മീതെ കോരിയിട്ട ഏകഗോളാണ് ഫലം നിശ്ചയിച്ചത്. ബ്രസീലിന്റെ രണ്ട് നീക്കങ്ങൾ വിഫലമാക്കിയ അർജന്റെയ്ൻ ഗോളി എമിലിയാനോ മാർട്ടിനസ്സ് ടൂർണമെന്റിന്റെ ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടു.

സെമിയിൽ കൊളംബിയയുടെ മൂന്നു പെനാൽറ്റി കിക്കുകൾ തടഞ്ഞിട്ട മാർട്ടിനസ്സിനെ സ്നേഹപൂർവ്വം ‘മോൺസ്റ്റർ’ എന്നാണ് ക്യാപ്റ്റൻ മെസ്സി വിശേഷിപ്പിച്ചത്. ടോപ്പ് സ്കോറർ പുരസ്ക്കാരവും ടൂർണമെന്റിന്റെ താരമെന്ന അംഗീകാരവും നാലും ഗോളും അഞ്ച് അസിസ്റ്റും സ്വന്തമായുള്ള മെസ്സിക്കുതന്നെ.

ഫൈനലിൽ ബ്രസീലിയൻ ഗോളിമാത്രം മുന്നിലുള്ള അവസരത്തിൽ മെസ്സി അനാവശ്യമായി ഗോളിയെക്കൂടി വെട്ടിച്ചുകയറി ഗോളടിക്കാൻ ശ്രമിച്ചതു തടയപ്പെട്ടു. മെസ്സി ഒരിക്കലുംഓർക്കാനിഷ്ടപ്പെടാത്ത ഒരു നിമിഷമാകാം അത്. എന്നാൽ തൽസമയം തീരുമാനങ്ങൾ കൈക്കൊള്ളുകയും തലയും കാലും തമ്മിൽ ഏകോപിച്ച് ചടുലമായി ചലിക്കുകയും ചെയ്യുന്നതിനിടയിൽ ചിലപ്പോൾ ഇത്തരം പിഴവുകൾ സംഭവിക്കുക വേദനയോടെ കണ്ടിരിക്കേണ്ടിവരും.

ഇത്തവണത്തെ കോപ്പയിൽ ഗോളിപോലും തന്റെ മുന്നിലില്ലാതിരുന്ന ഒരവസരത്തിൽ നേരിട്ട് ഗോളിനുശ്രമിക്കാതെ സഹകളിക്കാരന് ഗോളടിക്കാൻ അവസരമൊരുക്കിയ മെസ്സിയുടെ പാസ്സ് കളിക്കളത്തിൽ അപൂർവ്വമായി മാത്രം കാണുന്ന നിസ്വാർത്ഥതയും കേളീപാടവവുമാണ്.

പൊരുതി കളിച്ച ബ്രസീൽ സ്വന്തം നാട്ടിൽ കളിക്കുന്നതിന്റ ഗുണംകൂടി പരമാവധിമുതലെടുത്തുകൊണ്ട് തുടർച്ചയായി ആക്രമണങ്ങൾകെട്ടഴിച്ചു. നെയ്മർ മികച്ചപ്രകടനം കാഴ്ചവച്ചു. ലയണൽ മെസ്സിഒതുങ്ങിനിന്ന് ഡിമരിയയെ കയറിക്കളിക്കാനനുവദിച്ചു. നിർണായക സേവുകൾ നടത്തിയ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും ഈ വിജയത്തിൽ നിർണായക പങ്കു വഹിച്ചു.

ലോകകപ്പ് ഫൈനൽപരാജയത്തെത്തുടർന്ന് കരുണയില്ലാത്ത വിമർശനങ്ങൾ ഉയർന്നുവന്നപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ച മെസ്സിയാണ് ഇപ്പോൾ ബ്രസീലിലെ മാരക്കാനയിൽ മികച്ച ബ്രസീലിയൻ ടീമിനെ പരാജയപ്പെടുത്തിക്കൊണ്ട് കോപ്പാ അമേരിക്കാ കിരീടമുയർത്തിയത് എന്നതിൽ ഒരുകാവ്യനീതിയുണ്ട്. അഗ്യൂറോയെ ബഞ്ചിലിരുത്തുകയും ഡി മരിയയെ ആദ്യഘട്ടത്തിൽ മുൻനിരയിൽ വിന്യസിക്കുകയും ചെയ്ത അർജന്റീനയുടെ യുവപരിശീലകൻ ലയണൽ സ്കലോണി പ്രത്യേകം അനുമോദനം അർഹിക്കുന്നു.

തങ്ങളുടെ ഇതിഹാസതാരം ഡീഗോ മറഡോണക്കുള്ള ടീമിൻറെ സമ്മാനമാണ് ഈ കോപ്പ കിരീടം.ഇതുപോലെ അർജൻറീനയും ബ്രസീലും തമ്മിലുള്ള ഒരു സ്വപ്ന ഫൈനൽ അടുത്തവർഷം നടക്കുന്ന ഖത്തർ ലോകകപ്പിലും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.അന്ന് മെസ്സി യുടെ ഒരു മനോഹര ഗോളിൽ അർജൻറീന ക്ക് ലോകകിരീടം നേടാൻ കഴിയട്ടെ എന്നും ആശംസിക്കുന്നു. കോപ്പാ വിജയികളായ അർജൻറീന ടീമിന് ഒരിക്കൽ കൂടി എൻറെ അഭിനന്ദനങ്ങൾ❤️❤️

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News