ഇലക്ട്രിക് ഷോക്ക് അടിക്കുന്ന ഭീതിയില്‍ യാത്രക്കാര്‍; ദുരിതം ഇനിയും ഒഴിയാതെ കോട്ടയത്തെ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ്

കോട്ടയത്തെ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിന്റെ ദുരിതം ഇനിയും ഒഴിയുന്നില്ല. നാള്‍ക്ക് നാള്‍ ഉണ്ടാകുന്ന ദുരിതത്തിന് പുറമെ ഡിപ്പോയില്‍ എങ്ങും ഇലക്ട്രിക് ഷോക്ക് അടിക്കുന്ന ഭീതിയിലാണ് ജീവനക്കാര്‍. ഗതാഗത മന്ത്രിയായിരിക്കെ സ്ഥലം എംഎല്‍എ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടപ്പിലാക്കിയ അശാസ്ത്രീയ നിര്‍മ്മാണവും അഴിമതിയുമാണ് ഡിപ്പോയുടെ ദുരവസ്ഥയ്ക്ക് കാരണം എന്നാണ് ആക്ഷേപം

വെള്ളത്തില്‍ മുങ്ങിയ വര്‍ക്ക്ഷോപ്പ് , മുട്ടറ്റം വെള്ളം കെട്ടികിടക്കുന്ന റാമ്പ്, ഇലട്രിക്കല്‍ മുറിയില്‍ നിന്നും വരുന്ന വെള്ളത്തിന്റെ ഉറവ, തൊട്ടാല്‍ ഷോക്കടിക്കുന്ന വയറിംങ്ങ് അങ്ങനെ മുന്‍ ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഹൈടെക് ഡിപ്പോയായ കോട്ടയത്ത് 3 കോടി 10 ലക്ഷം രൂപ മുടക്കി നിര്‍മിച്ച ആധുനിക വര്‍ക്ക്ഷോപ്പിലെ കാഴ്ചയാണ് ഈ കാണുന്നത്.

പൊട്ടിപ്പൊളിഞ്ഞ് നാട്ടുകാരുടെ നടുവൊടിക്കുന്ന കോട്ടയം ഡിപ്പോയിലെ കെട്ടിടങ്ങള്‍ ആടി ഉലഞ്ഞ് നില്‍ക്കുമ്പോള്‍ ജീവനക്കാര്‍ വര്‍ക്ക്ഷോപ്പില്‍ നിന്ന് ഇലക്ട്രിക് ഷോക്ക് ഏല്‍ക്കുമോ എന്ന ഭീതിയിലാണ് ഇപ്പോള്‍. ജീവനക്കാരും അവരുടെ സംഘടനായായ കെഎസ്ആര്‍ടിഇ എംപ്ലോയീസ് അസോസിയേഷന്‍ അന്ന് തന്നെ നിര്‍മ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടികാട്ടിയിരുന്നു.

മഴ പെയ്യുമ്പോള്‍ വര്‍ക്ക് ഷോപ്പില്‍ മുട്ടറ്റമാണ് വെള്ളം കിടക്കുന്നത്. ഇവിടുത്തെ വയറിംങ്ങ് ഭാഗത്തൂടെ വെള്ളം ഇറങ്ങി റാമ്പില്‍ എത്തുന്നതിനാല്‍ പണിചെയ്യാന്‍ ഇറങ്ങിയാല്‍ ഷോക്കടിക്കും. ഷോക്കടിക്കുന്നതിനാല്‍ ബസിന്റെ ഇലട്രിക്കല്‍ ജോലികള്‍ ചെയ്യാനും സാധിക്കുന്നില്ല.

ഇലക്ട്രിക്ക് റൂമിലെ മേല്‍ക്കൂരയുടെ സിമന്റ് പാളി ഇളകി ബാത്ത്റൂമില്‍ നിന്നും വെള്ളം ചോര്‍ന്ന് ഒലിക്കുകയാണ്. വികസനത്തിന്റെ പേരില്‍ തിരുവഞ്ചൂരിനെ നിര്‍ദ്ദേശപ്രകാരം കോടിക്കണക്കിന് രൂപയുടെ മണ്ണാണ് ഇവിടെ നിന്നും കടത്തിയത്. വന്‍ അഴിമതി ഇതിനുപിന്നിലുണ്ടെന്ന് ജീവനക്കാര്‍ അന്ന് തന്നെ പറഞ്ഞിരുന്നു.

തിരുവഞ്ചൂര്‍ എംഎല്‍എ ഫണ്ട് നല്‍കിയിരുന്നെങ്കില്‍ മികച്ച സൗകര്യത്തോടെ പുതിയ സ്റ്റാന്‍ഡ് നിര്‍മിക്കാമെന്നിരിക്കെ സര്‍ക്കാരിനെ കുറ്റപ്പെടുത്തി തലയൂരുകയാണ് തിരുവഞ്ചൂരിന്റെ സ്ഥിരം നടപടി. അതേസമയം കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ തിരുവഞ്ചൂര്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെയും സംഘടകളുടെയും ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here