
യൂറോപ്യൻ കാൽപന്ത് കളി ലോകത്തെ ചക്രവർത്തി ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം. വെംബ്ലി സ്റ്റേഡിയത്തിൽ രാത്രി 12:30ന് നടക്കുന്ന യൂറോ കപ്പ് ഫൈനലിൽ ഇറ്റലി ഇംഗ്ലണ്ടിനെ നേരിടും.
പ്രവചനങ്ങൾ പലതും കാറ്റിൽപ്പറത്തിയാണ് റോബർട്ടോ മാഞ്ചീനി പരിശീലകനായ ഇറ്റലിയും, ഗാരെത്ത് സൗത്ത് ഗേറ്റ് പരിശീലകനായ ഇംഗ്ലണ്ടും ഫൈനലിലെത്തിയത്.കഴിഞ്ഞ 33 മത്സരങ്ങളിൽ അസൂറികൾ തോൽവി അറിഞ്ഞിട്ടില്ല. ഗോൾ മഴ പെയ്യിച്ചും ഗോൾ വഴങ്ങുന്നതിൽ പിശുക്കു കാട്ടിയുമാണ് കില്ലീനിയുടെ സംഘത്തിന്റെ ഫൈനൽ പ്രവേശം.
പ്രതിരോധത്തിന് ഊന്നൽ നൽകുന്ന ശൈലിക്ക് പകരം ആക്രമണാത്മക ഫുട്ബോളിന് ഏറെ പ്രാധാന്യം നൽകുന്ന ‘മാഞ്ചീനി സ്റ്റൈൽ’ ആണ് ഈ അസൂറിപ്പടയുടെ വിജയരഹസ്യം. വിസ്മയ ഗോൾകീപ്പർ ഡൊണരുമ്മയുടെ സാന്നിധ്യവും അപാരമായ ഒത്തിണക്കവും ടീമിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തിയിട്ടുണ്ട്.
ജോർഗീഞ്ഞോ മധ്യനിരയിൽ കളി മെനയുമ്പോൾ കിയേസ- ഇൻസിഗ്നെ – ഇമൊബീൽ ത്രയ ത്തിനാകും ആക്രമണ ചുമതല. പ്രതിരോധത്തിൽ ബൊനൂച്ചിയും കില്ലീനിയും കോട്ട കെട്ടുമ്പോൾ അസൂറികൾ സ്വപ്നം കാണുന്നത് ഗ്ലാമർ കിരീടമാണ്.അതേസമയം യൂറോ കപ്പിൽ ചരിത്രത്തിലാദ്യമായി ഫൈനലിലെത്താനായതിന്റെ ത്രില്ലിലാണ് ഹാരി കെയ്ൻ നായകനായ ഇംഗ്ലണ്ട്
.നീണ്ട 55 വർഷങ്ങൾക്ക് ശേഷമാണ് ‘ത്രീ ലയൺസ് ‘ ഒരു മേജർ ടൂർണമെൻറിന്റെ കിരീടപ്പോരിൽ ഇടം നേടുന്നത്. വെംബ്ലിയിൽ സ്വന്തം ആരാധകർക്ക് മുന്നിൽ നടക്കുന്ന ഫൈനൽ ത്രില്ലർ ഇംഗ്ലീഷ് ടീമിന് മാനസികമായി ഏറെ മുൻതൂക്കം സമ്മാനിച്ചു കഴിഞ്ഞു.നിർണായക മത്സരങ്ങളിൽ ഗോളടിച്ച് ഹാരി കെയ്നും റഹിം സ്‌റ്റെർലിങ്ങും താളം കണ്ടെത്തിക്കഴിഞ്ഞു.
ബക്കയോസാക്കയും കാൽവിൻ ഫിലിപ്സും ഡെക്ളാൻ റൈസും മധ്യനിരയിൽ തകർപ്പൻ കളിയാണ് കെട്ടഴിക്കുന്നത്. മഗ്വയറും സ്റ്റോൺസും കോട്ട കെട്ടുന്ന പ്രതിരോധ നിരയും സുശക്തമാണ്.
ഗോളി ജോർദാൻ പിക് ഫോർഡ് ടൂർണമെൻറിൽ പുറത്തെടുക്കുന്ന കണ്ണഞ്ചിപ്പിക്കും പ്രകടനവും ത്രീ ലയൺസിന് കരുത്തേകും. നാല് ഗോളുകളുള്ള ഹാരി കെയ്നിന് ഒരു ഗോൾ കൂടി നേടിയാൽ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം ഒന്നാമതെത്താം.
യൂറോപ്യൻ കാൽപന്ത് കളി ലോകത്തെ രാജാക്കന്മാരാകാൻ ഉറച്ച് അസൂറിപ്പടയും ചരിത്ര കിരീടം ലക്ഷ്യമിട്ട് ഇംഗ്ലണ്ടും കൊമ്പുകോർക്കുമ്പോൾ കാൽപന്ത് കളി ലോകത്തെ തീപ്പാറും പോരാട്ടത്തിനാകും വെംബ്ലി വേദിയാവുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here