കോപ്പ അമേരിക്ക കിരീടം ബ്യൂണസ് അയേഴ്‌സിലെത്തിച്ചതിന് ഏയ്ഞ്ചല്‍ ഡി മരിയയോട് നന്ദി പറഞ്ഞ് അര്‍ജന്റീനിയന്‍ ആരാധകര്‍

നീണ്ട ഇടവേളക്ക് ശേഷം കോപ്പ അമേരിക്ക കിരീടം ബ്യൂണസ് അയേഴ്‌സിലെത്തിച്ചതിന് അര്‍ജന്റീനിയന്‍ ആരാധകര്‍ നന്ദി പറയുന്നത് ഏയ്ഞ്ചല്‍ ഡി മരിയയോടാണ്. മാരക്കാനയിലെ ഫൈനലില്‍ മഞ്ഞപ്പടയെ അര്‍ജന്റീന മുട്ടുകുത്തിച്ചത് ഡി മരിയയുടെ തകര്‍പ്പന്‍ ഗോളിലായിരുന്നു .

കഴിഞ്ഞ 12 വര്‍ഷമായി അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ് എയ്ഞ്ചല്‍ ഡിമരിയ.ലയണല്‍ മെസ്സിയുടെ ജന്മദേശമായ മധ്യ അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തില്‍ ജനനം. റിവര്‍ പ്ലേറ്റ് ക്ലബ്ബംഗമായിരുന്ന പിതാവിന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കാനുറച്ച് പന്ത് തട്ടി തുടങ്ങിയ ഡിമരിയ 1995 – ല്‍ തന്റെ ഏഴാം വയസ്സില്‍ റൊസാരിയോ സെന്‍ട്രല്‍ ടീമിലെത്തി. 18 വയസ് തികയുന്നതിന് മുമ്പ് തന്നെ സീനിയര്‍ ടീമിലേക്ക് സെലക്ഷന്‍.

2007 ലെ ഫിഫ അണ്ടര്‍ -20 ലോകകപ്പില്‍ അര്‍ജന്റീനയെ ജേതാക്കളാവുന്നതില്‍ ഡിമരിയ സുപ്രധാന പങ്ക് വഹിച്ചിരുന്നു. രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ച്ച വെച്ച ഡി മരിയയെ തേടി യൂറോപ്യന്‍ ക്ലബ്ബുകള്‍ വട്ടമിട്ടു പറന്നു. എന്നാല്‍ താരം തെരഞ്ഞെടുത്തത് പോര്‍ച്ചുഗല്‍ ക്ലബ്ബായ ബെന്‍ഫിക്കെയായിരുന്നു.

ക്ലബ്ബിലെമൂന്ന് വര്‍ഷക്കാലം താരത്തിന്റെ കരിയറിലെ വലിയ വഴിതിരിവായിരുന്നു. അര്ജന്റീനയിലെ അടുത്ത സൂപ്പര്‍ താരമാണ് ഡിമരിയ’ യെന്ന ഡീഗോ മറഡോണയുടെ അഭിപ്രായം അക്കാലത്ത് വലിയ തലക്കെട്ട് സൃഷ്ടിച്ചു. 2008 ലെ ഒളിമ്പിക്‌സില്‍ മെസ്സിയടക്കമുള്ള സൂപ്പര്‍ താരങ്ങളോടൊപ്പം രാജ്യത്തിനായി ഡിമരിയ പുറത്തെടുത്തത് മിന്നും പ്രകടനമാണ്. ആ വര്‍ഷം ഡിമരിയയെ തേടി അര്‍ജന്റീനിയന്‍ ദേശിയ ടീമിലേക്കുള്ള വിളിയെത്തി.

അങ്ങനെ ആല്‍ബി സെലസ്റ്റ ജഴ്‌സിയില്‍ മാലാഖ അരങ്ങേറി. സ്വന്തം രാജ്യത്തും യൂറോപ്പിലും ഡിമരിയ സൂപ്പര്‍ താരമായി വാഴ്ത്തപ്പെട്ടു.
2010 ലോകകപ്പ് ടീമിലും ഡിമരിയ ഇടം കണ്ടെത്തി. ലോക കപ്പിന് ശേഷം ബെന്‍ഫിക്ക വിട്ട് ഡി മരിയ ചേക്കേറിയത് റയല്‍ മാഡ്രിഡിലേക്ക് .2013-14 സീസണില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ തലപൊക്കിയതോടെ ഡിമരിയ റയലുമായുള്ള ബന്ധത്തിന് ഫുള്‍സ്റ്റോപ്പിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍.

2014 ബ്രസീല്‍ ലോകകപ്പില്‍ ലയണല്‍ മെസ്സിയുടെ ക്യാപ്ടന്‍സിയില്‍ ഡി മരിയ ഉള്‍പ്പെട്ട അര്‍ജന്റീന ടീം ഫൈനല്‍ വരെ മുന്നേറി. കരിയറില്‍ ഡിമരിയക്ക് മോശമല്ലാത്ത ഓര്‍മകള്‍ സമ്മാനിച്ച ലോകകപ്പ് കൂടിയായിരുന്നു അത്. 2015 ലാണ് താരം പി.എസ്.ജി യിലേക്ക് ചേക്കേറുന്നത്.

പി.എസ്.ജി യില്‍ സഹതാരമായ നെയ്മറുടെ കനറിപ്പടയെ കണ്ണീരണിയിച്ച് 22 ആം മിനുട്ടില്‍ ഗോള്‍. ഒറ്റഗോളിലൂടെ ഏയ്ഞ്ചല്‍ ഡി മരിയയെന്ന 34 കാരന്‍ അര്‍ജന്റീനിയന്‍ ആരാധകരുടെ ഹീറോയാണ് ഇപ്പോള്‍. ബ്യൂണസ് അയേഴ്‌സ് നഗരം വാഴ്ത്തിപ്പാടുകയാണ് ഈ മാലാഖയെ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News