മുംബൈ ലോക്കൽ ട്രെയിൻ; പന്ത് സംസ്ഥാന സർക്കാരിന്‍റെ കോർട്ടിലെന്ന് കേന്ദ്ര മന്ത്രി

നിലവിലെ കണക്കനുസരിച്ച്, മുംബൈ നഗരത്തിൽ ലോക്കൽ  ട്രെയിനുകൾ പുനരാരംഭിക്കുവാനുള്ള ഉത്തരവാദിത്തം മഹാരാഷ്ട്ര സർക്കാരിന് നൽകിയിട്ടുണ്ടെന്നും  കൊവിഡ് രോഗവ്യാപനം  നിയന്ത്രണത്തിലാണെന്ന് തോന്നിയാൽ സേവനം പുനരാരംഭിക്കാമെന്നും പൊതുവിതരണ വകുപ്പ് സഹമന്ത്രി റാവുസാഹിബ് ഡാൻ‌വേ.

നിലവിൽ പൊതുജനങ്ങൾക്ക് ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവദിക്കരുതെന്ന് റെയിൽ‌വേ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് -19 പ്രതിസന്ധി സർക്കാർ വിശകലനം ചെയ്ത ശേഷം ട്രെയിനുകൾ പുനരാരംഭിക്കാമെന്ന് മന്ത്രി ഡാൻ‌വെ പറഞ്ഞു.

മുംബൈ നഗരത്തിലുടനീളമുള്ള കൊറോണ വൈറസ് കേസുകൾ ഗണ്യമായി കുറഞ്ഞു, എന്നിരുന്നാലും, ലോക്കൽ ട്രെയിനുകൾ ആരംഭിക്കുന്നതിൽ സർക്കാരും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനും (ബിഎംസി) തീരുമാനം എടുക്കാൻ വൈകുകയാണ്.

ലോക്കൽ ട്രെയിൻ യാത്രകൾ  തിരക്ക് വർദ്ധിപ്പിക്കുമെന്നും സാമൂഹിക അകലം പാലിക്കാൻ കഴിയില്ലെന്നതുമാണ് കാരണമായി പറയുന്നത്. എന്നാൽ ഘട്ടം ഘട്ടമായി ഇളവുകൾ നൽകുവാൻ കഴിയണമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. വാക്‌സിൻ സ്വീകരിച്ചവർക്ക് യാത്ര അനുമതി നൽകി കൂടുതൽ പേർക്ക് യാത്ര ചെയ്യാൻ   അവസരമൊരുക്കണമെന്ന്  കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തിൽ മുംബൈ റെയിൽ പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

റെയിൽ‌വേ സഹമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം പ്രതിസന്ധി വിശകലനം ചെയ്ത ശേഷം ലോക്കൽ ട്രെയിൻ സേവനങ്ങൾ പുനരാരംഭിക്കാൻ  ഡാൻ‌വെ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുകയും തീരുമാനത്തെ കേന്ദ്രസർക്കാർ പിന്തുണയ്ക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

എന്നാൽ വാക്‌സിൻ നടപടികൾ പൂർത്തിയാക്കാതെ ലോക്കൽ ട്രെയിൻ തുടങ്ങാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ  പറഞ്ഞത്.  മുംബൈയിൽ കടുത്ത വാക്‌സിൻ ക്ഷാമം നേരിടുകളും കൂടുതൽ  ഡോസുകൾക്കായി കാത്തിരിക്കുകയും ചെയ്യുമ്പോഴാണ് മന്ത്രിയുടെ  പ്രസ്താവന

ഏതാനും ആഴ്ചകൾക്ക് മുമ്പ് മുനിസിപ്പൽ കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാൽ നടത്തിയ പ്രസ്താവനയിലും ലോക്കൽ ട്രെയിൻ സർവീസുകൾ മുംബൈയിൽ ഉടൻ പുനരാരംഭിക്കില്ലെന്ന നിലപടാണ് വ്യക്തമാക്കിയത്.

കോവിഡ് -19 പാൻഡെമിക് അവസാനിച്ചു കഴിഞ്ഞാൽ മാത്രമേ പൊതുജനങ്ങൾക്ക് ലോക്കൽ ട്രെയിനുകളിൽ പ്രവേശനം അനുവദിക്കൂവെന്നാണ്  മന്ത്രി വിജയ് വഡെറ്റിവാറും പറയുന്നത് .
ലോക്കൽ ട്രെയിനുകളെ  ആശ്രയിച്ച്  ജീവിതം നയിക്കുന്ന വലിയൊരു വിഭാഗം മുംബൈ വാസികൾക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തണമെങ്കിൽ   കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും  പരസ്പരം ഗോളടിക്കാതെ കൂട്ടായ തീരുമാനം എടുക്കേണ്ടി വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News