‘സ്റ്റാന്‍സ്വാമിയെ ജയിലില്‍ വെച്ച് കൊന്നതാണ്’; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്

ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. സ്റ്റാന്‍സ്വാമിയെ ജയിലില്‍ വെച്ച് കൊലപ്പെടുത്തിയതാണെന്നും സഞ്ജയ് റാവത്ത് വിമര്‍ശിച്ചു. ശിവസേന മുഖപത്രമായ സാമ്‌നയിലാണ് സഞ്ജയ് റാവത്തിന്റെ വിമര്‍ശനം.

നരേന്ദ്ര മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 84 കാരനായ ഒരാള്‍ക്ക് കഴിയുകയാണെങ്കില്‍ രാജ്യത്തിന്റെ അടിത്തറ വളരെ ദുര്‍ബലമാണോയെന്ന് എന്നും സഞ്ജയ് റാവത്ത് ചോദിച്ചു. ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും നിലവാരത്തിലേക്ക് കേന്ദ്രം തരംതാഴ്‌ന്നെന്നും സഞ്ജയ് റാവത്ത് വിമര്‍ശിച്ചു.

ഒക്ടോബറില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റുചെയ്ത സ്വാമി ജൂലൈ 5 ന് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നത് രാജ്യത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണെന്ന് പറയുന്നവരുടെ മനസ്സില്‍ ഏകാധിപത്യത്തിന്റെ വേര് ആഴ്ന്നിറങ്ങിയതാണ്.

ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ ഇന്ദിരാഗാന്ധി ഭയപ്പെട്ടിരുന്നു. ജോര്‍ജ്ജ് അന്ന് ഒരു യുവ നേതാവായിരുന്നു. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അത്രയും പ്രായം ഉണ്ടായിരുന്നില്ല. എന്നാല്‍, ഇന്നത്തെ സര്‍ക്കാര്‍ 84-85 വയസ്സ് പ്രായമുള്ള സ്റ്റാന്‍ സ്വാമിയെയും ഭയപ്പെടുന്നു. സ്റ്റാന്‍ സ്വാമി ജയിലില്‍ കൊല്ലപ്പെട്ടതാണ് ”റാവത്ത് പറഞ്ഞു.

”ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യുക എന്നാല്‍ രാജ്യദ്രോഹം, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആയാണോ അര്‍ത്ഥമാക്കുന്നത്? ആദിവാസി ജനതയുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും കുറിച്ച് ബോധവാന്മാരാകുക എന്നത് അര്‍ത്ഥമാക്കുന്നത് ഒരു രാജ്യത്തെ അട്ടിമറിക്കുക എന്നാണോ? റാവത്ത് ചോദിച്ചു.

സര്‍ക്കാരിനോടുള്ള എതിര്‍പ്പും രാജ്യത്തോടുള്ള എതിര്‍പ്പും തമ്മില്‍ വ്യത്യാസമുണ്ട്. സര്‍ക്കാരിനെ എതിര്‍ക്കുന്നത് രാജ്യത്തിനെതിരായ ഗൂഢാ ലോചനയാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ സ്വേച്ഛാധിപത്യത്തിന്റെ വിത്തുകള്‍ അവരുടെ മനസ്സില്‍ ആഴ്ന്നിറങ്ങിയിരിക്കുകയാണ് എന്ന് വേണം കരുതാന്‍” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News