സെല്‍ഫി എടുക്കാന്‍ വാച്ച് ടവറില്‍ കയറി; ഇടിമിന്നലേറ്റ് വന്‍ദുരന്തം

ജയ്പൂരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറില്‍ വച്ച് സെല്‍ഫി എടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് വന്‍ദുരന്തം. 20 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. ഇടിമിന്നലേല്‍ക്കുമ്പോള്‍ വാച്ച് ടവറില്‍ നിരവധിപ്പേരുണ്ടായിരുന്നു. ടവറിന് ഏറ്റവും മുകളിലുണ്ടായിരുന്നത് 27 പേരാണ്. കുറച്ച് പേര്‍ ഇടിമിന്നലേറ്റാണ് മരിച്ചതെങ്കില്‍, ബാക്കിയുള്ളവര്‍ ഭയന്ന് ടവറില്‍ നിന്ന് ചാടിയതിനെത്തുടര്‍ന്നുണ്ടായ പരിക്കുകളെത്തുടര്‍ന്നാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഖ്യമന്ത്രി അശോക് ഗെലോട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. വാച്ച്ടവര്‍ ദുരന്തത്തിന് പുറമേ ഇടിമിന്നലേറ്റ് രാജസ്ഥാനിലെ പല ഭാഗങ്ങളില്‍ നിന്നായി ഏഴ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ ഏഴ് പേര്‍ കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. ജാല്‍വാര്‍, കോട്ട, ധോല്‍പൂര്‍ എന്നീ ജില്ലകളിലാണ് ഇടിമിന്നലേറ്റ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

രാജസ്ഥാനില്‍ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ്. തിങ്കളാഴ്ച അടക്കം സംസ്ഥാനത്തെമ്പാടും വ്യാപകമായി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News