‘ഗോമൂത്രവും ചാണകവും കൊണ്ട് കൊവിഡിനെ പ്രതിരോധിക്കാമെന്നത് സംഘപരിവാര്‍ നിലവാരം’: സന്ദീപ് വാചസ്പതിക്ക് മറുപടിയുമായി ആരിഫ് എം പി

താന്‍ കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചിട്ടില്ലെന്ന ആലപ്പുഴയിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന സന്ദീപ് വാചസ്പതിയുടെ പരാമര്‍ശത്തിന് മറുപടിയുമായി എ എം ആരിഫ് എം പി. വാക്സിന്‍ എടുക്കാനുണ്ടാകുന്ന താമസം എന്തുകൊണ്ടെന്ന് മുന്‍പേ താന്‍ എഴുതിയിരുന്നെന്നും എന്തായാലും ചാണകവും ഗോമൂത്രവുമാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ വേണ്ടതെന്ന ബോധ നിലവാരത്തില്‍ നിന്ന് ഉയരാനാകാത്ത പരിവാരങ്ങള്‍ക്ക് പിറകേ പോകാന്‍ സമയമില്ലെന്നും എ എം ആരിഫ് പറഞ്ഞു. ഫുഡ് അലര്‍ജിയുള്ളതിനാല്‍ ആദ്യ അവസരത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വാക്സിന്‍ എടുക്കാനാകാതെ മടങ്ങുകയായിരുന്നെന്നും തുടര്‍ന്ന് കേന്ദ്ര ആരോഗ്യ വകുപ്പിന്റെയും ഐ സി എം ആറിന്റെയും വിദഗ്ധ അഭിപ്രായങ്ങള്‍ തേടിയ ശേഷമാണ് വാക്സിനേഷന്‍ സ്വീകരിച്ചതെന്നും എ എം ആരിഫ് പറഞ്ഞു.

എ എം ആരിഫ് പറഞ്ഞതിങ്ങനെ: ‘ആദ്യ ഡോസ് കൊവിഡ് 19 വാക്സിന്‍ എടുത്തു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്നാണ് സ്വീകരിച്ചത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ രാംലാല്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ അബ്ദുള്‍ സലാം, ആര്‍ എം ഒ ഡോക്ടര്‍ നോനൊ ചെല്ലപ്പന്‍, ഡോക്ടര്‍മാരായ പത്മകുമാര്‍, ഷാജഹാന്‍, ലത, കൊവിഡ് വാക്സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. സുനില്‍ ദാനിയേല്‍, അസി. നോഡല്‍ ഓഫീസര്‍ അഖില്‍ രാജ്, നഴ്സിംഗ് ഓഫീസര്‍ ജൂലി, സൂപ്രവൈസര്‍ എലിസബത്ത് ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കണ്ണന്‍, നീതു, വിഭ എന്നിവര്‍ സന്നിഹിതരായിരുന്നു.

ചില മത്സ്യങ്ങളുടെ, ഫുഡ് അലര്‍ജി ഉള്ളതിനാല്‍ ആദ്യ അവസരത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വാക്സിന്‍ എടുക്കാനാകാതെ മടങ്ങുകയായിരുന്നു. തുടര്‍ന്ന് കേന്ദ്ര ആരോഗ്യ വകുപ്പിന്റെയും ഐ സി എം ആറിന്റെയും വിദഗ്ധ അഭിപ്രായങ്ങള്‍ തേടിയ ശേഷമാണ് ഡോക്ടര്‍മാര്‍ വാക്സിനേഷന് അനുവാദം നല്‍കിയത്. പരമാവധി ജനങ്ങള്‍ക്ക് വാക്സിനേഷന്‍ നല്‍കിയാല്‍ മാത്രമേ കൊവിഡ് വ്യാപനം ഫലപ്രദമായി തടയാനാകൂ. കേരളത്തില്‍ വളരെ നല്ല രീതിയില്‍ വാക്സിനേഷന്‍ പുരോഗമിക്കുമ്പോഴും വാക്സിന്‍ ലഭ്യതക്കുറവ് വലിയ പ്രശ്നമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഈ മഹാമാരിയെ നമുക്ക് ഒന്നായി നേരിടാം.

ഇതിനിടയില്‍ ഒരു കാര്യം കൂടെ സൂചിപ്പിക്കാതെ വയ്യ. കഴിഞ്ഞ ദിവസങ്ങളില്‍ ചില ചാനല്‍ ചര്‍ച്ചകളില്‍ ബി ജെ പിയുടെ ആലപ്പുഴയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥി ആലപ്പുഴ എം പി വാക്സിനേഷന്‍ എടുത്തില്ല എന്ന് പറഞ്ഞതായറിഞ്ഞു. വാക്സിന്‍ എടുക്കാനുണ്ടാകുന്ന താമസം എന്തുകൊണ്ടെന്ന് മുന്‍പേ ഞാന്‍ എഴുതിയിരുന്നു. എന്തായാലും ചാണകവും ഗോമൂത്രവുമാണ് കോവിഡിനെ പ്രതിരോധിക്കാന്‍ വേണ്ടത് എന്ന ബോധ നിലവാരത്തില്‍ നിന്ന് ഉയരാനാകാത്ത പരിവാരങ്ങള്‍ക്ക് പിറകേ പോകാന്‍ സമയമില്ല. റൂബില്ല വാക്സിനേഷന്‍ കേരളത്തില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിയത് ആലപ്പുഴ ജില്ലയില്‍, അരൂരില്‍ ആയിരുന്നു.അന്ന് അതിന് വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് അന്നത്തെ അരൂര്‍ എം എല്‍ എ ആയിരുന്നു എന്ന് മാത്രം തല്‍ക്കാലം പറയാം..’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here