‘കൊങ്കുനാട്’: തമിഴ്നാടിനെ കീറിമുറിക്കാനുള്ള കേന്ദ്രത്തിന്റെ ഗൂഢാലോചന; തമിഴകത്ത് പ്രതിഷേധം ഇരമ്പുന്നു

തമിഴ്‌നാടിനെ വിഭജിച്ച് ‘കൊങ്കുനാട്’ എന്ന പേരില്‍ കേന്ദ്രഭരണപ്രദേശം രൂപവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തമിഴ്‌നാടിനെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് ഡി എം കെയും ഇടത് പാര്‍ട്ടികളും വ്യക്തമാക്കി.

തമിഴ്‌നാട് ബി ജെ പിയുടെ മുന്‍ പ്രസിഡന്റായ എല്‍ മുരുകന്‍ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. ‘കൊങ്കുനാടിന്റെ മന്ത്രി’യെന്നാണ് കേന്ദ്രസര്‍ക്കാര്‍ മുരുകനെ വിശേഷിപ്പിച്ചത്. ഇതിനുപിന്നാലെയാണ് കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി, നാമക്കല്, കൃഷ്ണഗിരി, കരൂര്‍, ധര്‍മ്മപുരി എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുവാന്‍ കേന്ദ്രം ലക്ഷ്യമിടുന്നതായി ആര്‍ എസ് എസ് അനുകൂല തമിഴ്പത്രം ‘ദിനമലരി’ല്‍ റിപ്പോര്‍ട്ട് വന്നത്. എന്‍ ഡി എ സഖ്യകക്ഷിയായ എ ഐ എ ഡി എം കെയ്ക്ക് മുന്‍തൂക്കമുള്ള ഈ പ്രദേശത്ത് എ ഐ എ ഡി എം കെ സഹായത്തോടെ അധികാരത്തിലെത്തുകയാണ് കേന്ദ്ര നീക്കം.
റിപ്പോര്‍ട്ടിന് പിന്നാലെ വലിയ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയരുന്നത്.

ബി ജെ പിയുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഡി എം കെയും ഇടത് പാര്‍ട്ടികളും വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഡി എം കെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തി. തമിഴ്‌നാടിനെ വിഭജിക്കാമെന്നത് ബി ജെ പിയുടെ സ്വപ്നം മാത്രമാണെന്ന് ഡി എം കെ നേതാവ് കനിമൊഴി പ്രതികരിച്ചു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ബി ജെ പിയുടെ നീക്കമെന്ന് ഇടത് പാര്‍ട്ടികളും ആരോപിച്ചു. എ ഡി എം കെയും കേന്ദ്ര നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

തീരുമാനവുമായി മുന്നോട്ട് പോകാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെങ്കില്‍ കൂടുതല്‍ ശക്തമായ രീതിയില്‍ പ്രതിഷേധം ഉയര്‍ത്താനാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാംസ്‌കാരിക സംഘടനകളുടെയും തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News