മുഹമ്മദ് റാഫിയുടെ കാർ ഇനി എസ് പി ബിയ്ക്ക് സ്വന്തം

ചെന്നൈയ്ക്കടുത്തുള്ള താമരൈപാക്കത്തിലെ ഫാം ഹൌസ് രണ്ടു ഇതിഹാസ ഗായകരുടെ ഓർമ്മകൾക്കാണ് സാക്ഷ്യം വഹിക്കുക. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സ്മൃതിമണ്ഡപത്തിന് സമീപമായി പണി തീരുന്ന മ്യൂസിയത്തിൽ പ്രദർശനത്തിനെത്തുന്നത് വിഖ്യാത ഗായകൻ മുഹമ്മദ് റാഫി അവസാനമായി ഉപയോഗിച്ചിരുന്ന പ്രീമിയർ പത്മിനി കാറാണ്.ഇതോടെ സഫലമാകുന്നത് എസ് പി ബി ജീവിച്ചിരിയ്ക്കുമ്പോൾ സ്വന്തമാക്കാൻ കഴിയാതെ പോയ ആഗ്രഹത്തിനാണ്.

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം വിടവാങ്ങിയിട്ടു പത്തു മാസം പിന്നിടുമ്പോഴാണ് അദ്ദേഹം അവസാന നാളുകളിൽ മനസ്സിൽ കൊണ്ട് നടന്ന ആഗ്രഹം പൂർത്തീകരിക്കാൻ കഴിയുന്നത്.റാഫി അവസാനമായി ഉപയോഗിച്ച കാർ സ്വന്തമാക്കിയതോടെ എസ് പി ബിയുടെ സഫലീകരിക്കാൻ കഴിയാതെ പോയ ആഗ്രഹത്തിനാണ് മകൻ ചരൺ സാക്ഷാത്ക്കാരം തേടുന്നത്.

മുഹമ്മദ് റാഫിയുടെ കടുത്ത ആരാധകനായിരുന്നു എസ് പി ബി.മുംബൈയിൽ റാഫിയുടെ സ്മാരകം പണി തീർത്ത സമയത്താണ് ആദ്യമായി എസ് പി ബി യെ പരിചയപ്പെടുന്നതെന്ന് വേൾഡ് ഓഫ് മുഹമ്മദ് റാഫി വെൽഫെയർ ഫൗണ്ടേഷന്റെ സ്ഥാപകൻ വെങ്കിടാചലം പറയുന്നു.അന്ന് സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചായിരുന്നു എസ് പി ബി ആദ്യമായി തന്നെ വിളിച്ചിരുന്നതെന്ന് വെങ്കിടാചലം പറഞ്ഞു.

പിന്നീട് എസ് പി ബിയെ റാഫിയുടെ ബാന്ദ്രയിലെ വീട്ടിലേക്ക് കൊണ്ട് പോയ കാര്യവും വെങ്കിടാചലം ഓർക്കുന്നു. അങ്ങനെയാണ് റാഫിയുടെ വീടിനോട് ചേർന്നുള്ള പാതയോരത്ത് അനാഥമായി കിടന്നിരുന്ന കാർ സ്വന്തമാക്കണമെന്ന ആഗ്രഹം എസ് പി ബിയുടെ മനസ്സിൽ ഉദിക്കുന്നത്. എന്നാൽ വൈകാരിക മൂല്യമുള്ള കാർ എസ് പി ബിയ്ക്ക് സമ്മാനിക്കുന്ന കാര്യം റാഫിയുടെ കുടുംബത്തെ സമ്മതിപ്പിച്ചെടുക്കാൻ ഒരു വർഷമെടുത്തുവെന്നാണ് വെങ്കിടാചലം പറയുന്നത്.

സ്വന്തമാക്കാനുള്ള സമ്മതം ലഭിച്ചപ്പോൾ എസ് പി ബിയ്ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലായിരുന്നുവെന്നും വെങ്കിടാചലം പറയുന്നു. തന്റെ ആഡംബര കാറുകളെല്ലാം ഉപേക്ഷിച്ച് ഇനിയുള്ള തന്റെ യാത്രകൾ ഈ കാറിലായിരിക്കുമെന്നാണ് എസ് പി ബി അന്ന് പറഞ്ഞത്.

എന്നാൽ ലോക്ഡൗൺ വന്നതോടെ കാർ ചെന്നൈയിലേക്ക് കൊണ്ട് പോകാനുള്ള പദ്ധതി നടക്കാതെ പോയി. ഇതിനിടെ തന്റെ അവസാനത്തെ ആഗ്രഹം സഫലീകരിക്കാനാകാതെ എസ് പി ബിയും വിട പറഞ്ഞു.

ഇപ്പോൾ എസ് പി ബിയുടെ മകൻ ചരൺ തന്റെ അച്ഛന്റെ ആഗ്രഹം പൂർത്തീകരിക്കാൻ മുന്നോട്ടു വന്നതോടെയാണ് കാർ ചെന്നൈയിലേക്ക് കൊണ്ട് പോകാൻ കഴിഞ്ഞതെന്നും വെങ്കിടാചലം പറഞ്ഞു. എസ് പി ബി യുടെ നടക്കാതെ പോയ ആഗ്രഹം നിറവേറ്റാൻ കഴിഞ്ഞ സന്തോഷത്തിലാണ് മുഹമ്മദ് റാഫിയുടെ കുടുംബവും.

രണ്ടു ഇതിഹാസ ഗായകർ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ ഓർമ്മകൾ പേറുന്ന സ്മാരകത്തിന് നിമിത്തമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുകയാണ് എൺപത്തി ഒന്നിന്റെ നിറവിൽ നിൽക്കുന്ന പാലക്കാട്ടുകാരൻ വെങ്കിടാചലം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel