എല്ലാ മത്സ്യത്തൊ‍ഴിലാളികള്‍ക്കും വീട്.. 20,000 വീടുകൾ പുനർഗേഹം പദ്ധതിയില്‍ മാറ്റി നിർമ്മിക്കുന്നു, 3000 വീടുകൾ പൂർത്തിയായി: മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്ത് വരുന്ന അഞ്ചുവർഷത്തിനകം മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടികളുമായി രണ്ടാം പിണറായി സർക്കാർ മുന്നോട്ടു പോവുകയാണെന്ന് ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

കടല്‍തീരത്തോട് ചേർന്ന് 50 മീറ്റർ പരിധിയിലുള്ള ഇരുപതിനായിരം വീടുകളാണ് പുനർഗേഹം പദ്ധതി വഴി മാറ്റി നിര്‍മിച്ച് നൽകുന്നത്. പുനര്‍ഗേഹം പദ്ധതിയില്‍ 3000 വീടുകളുടെ നിർമാണം പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു.

എല്ലാ മത്സ്യത്തൊഴിലാളികൾക്കും വീട് എന്ന സ്വപ്നം ഈ സർക്കാർ യാഥാർഥ്യമാക്കും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് മികവു-2020 സംസ്ഥാനതല വിതരണ ഉദ്ഘാടനം പൊള്ളേത്തൈ ഗവൺമെൻറ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തീരദേശമേഖലയിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യവും അക്കാദമിക നിലവാരവും വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഫിഷറീസ് വകുപ്പിന് കീഴിൽ 36 സ്കൂളുകളുടെ കെട്ടിടംപണി പുരോഗമിക്കുന്നു. തീരദേശ ഹൈവേ പൂർത്തിയാകുന്നതോടെ തീര മേഖലയുടെ വികസനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാവും. മൂന്നുവർഷംകൊണ്ട് കേരളത്തിൽ 12കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാച്ചറികള്‍ ആരംഭിക്കും.

ആലപ്പുഴ ചെത്തി ഹാർബർ യാഥാര്‍ഥ്യമാവുകയാണ്. തീര സംരക്ഷണത്തിനായി 12500 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. 1500 കോടി രൂപ കിഫ്ബി വഴി ഇത്തവണയും തീര സംരക്ഷണത്തിനായി നീക്കി വെച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മത്സ്യഫെഡ‍് മുന്‍ ചെയര്‍മാനും എം.എല്‍.എയുമായ പി.പി.ചിത്തരജ്ഞന്‍ അധ്യക്ഷനായി. പിണറായി സര്‍ക്കാരിന്റെ കാലത്ത് മത്സ്യമേഖലയില്‍ പുതിയ ആത്മവിശ്വാസം കൈവരിച്ചതായി അദ്ദേഹം പറഞ്ഞു.

318 എസ്എസ്എൽസി വിദ്യാർഥികളും 104 പ്ലസ് ടു വിദ്യാർഥികളുമാണ് സംസ്ഥാനമൊട്ടാകെ വിദ്യാഭ്യാസ അവാർഡുകൾക്ക് അർഹത നേടിയത്. 5000 രൂപയുടെ കാഷ് അവാർഡും ഫലകവും മികവ് 2020 വഴി ഇവർക്ക് മത്സ്യഫെഡ് നൽകുന്നത്. ആകെ 422 പേർക്കാണ് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുക.

ആലപ്പുഴ ജില്ലയിൽ നിന്ന് 99 വിദ്യാർത്ഥികളെയാണ് ആനുകൂല്യത്തിന് തെരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി മുഖ്യ പ്രഭാഷണം നടത്തി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ. ലോറൻസ് ഹാരോൾഡ്, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് സിംസൺ, ജനപ്രതിനിധികളായ സരസകുമാർ, ഷീലാ സുരേഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രാജീവ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം പി ഐ ഹാരിസ്, മത്സ്യഫെഡ് ജില്ലാ മാനേജർ ഡി ലാലാജി, പൊള്ളേത്തൈ ഗവണ്മെന്റ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് പി ഡി അന്നമ്മ തുടങ്ങിവർ പ്രസംഗിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News