കേരളസര്‍വകലാശാല മഹാനിഘണ്ടു എഡിറ്റര്‍ നിയമനം: വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതം

ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാണ് കേരളസര്‍വക ലാശാലയുടെ മഹാനിഘണ്ടു വകുപ്പില്‍ എഡിറ്ററുടെ താല്‍ക്കാലിക
നിയമനം നടത്തിയിട്ടുളളത്. പ്രസ്തുത വകുപ്പില്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ വഴി സ്ഥിരനിയമനം നടത്തുന്നതിനുള്ള നടപടികള്‍
നടന്നുവരികയാണ്. ഇതിനാവശ്യമായ സ്‌പെഷ്യല്‍ റൂള്‍സ് തയ്യാറാകേണ്ടതുണ്ട്.

സര്‍വകലാശാല അദ്ധ്യാപകരില്‍ ഒരാള്‍ക്ക് എഡിറ്ററുടെ അധികചുമതല നല്‍കിയാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മഹാനി ഘണ്ടു വകുപ്പിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്നത്. ഈ വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് പൂര്‍ണ്ണചുമതലയുള്ള എഡിറ്ററുടെ നേതൃത്വം അനിവാര്യമായതിനാലാണ് താല്കാലികമായി ഡപ്യൂട്ടേഷനില്‍ നിയമനം നടത്താന്‍ സര്‍വകലാശാല തീരുമാനിച്ചത്.

അതിന്റെ അടിസ്ഥാനത്തില്‍ മലയാളത്തിലെ പ്രമുഖ പ്രൊഫസര്‍മാര്‍ അടങ്ങുന്ന വിഷയവിദഗ്ദ്ധരെ ഉള്‍പ്പെടുത്തി രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റി, മലയാളത്തിലോ സംസ്‌കൃത്തിലോഡോക്ടറേറ്റും സര്‍വകലാശാല/കോളേജ് തലത്തില്‍ നിശ്ചിത അദ്ധ്യാപനപരിചയവും പ്രസിദ്ധീകരണങ്ങളും ഗവേഷണ പരിചയവുമുള്ള സര്‍വകലാശാലാ പ്രൊഫസര്‍മാരില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷക്ഷണിക്കാനും താല്‍ക്കാലികമായി നിയമനം നടത്താനുമാണ് നിര്‍ദ്ദേശിച്ചത്.

ജനുവരി മാസത്തില്‍ ഇതിനായി അപേക്ഷ ക്ഷണിച്ചിരുന്നു. ഭാഷാപദങ്ങളുടെ നിരുക്തിയും ധാതുവും കണ്ടുപിടിക്കുന്നതിന് സംസ്കൃതത്തിലെ അഗാധമായ അറിവുകൂടി പ്രയോജനം ചെയ്യുമെന്നതിനാലാണ് സംസ്‌കൃതം കൂടി യോഗ്യതയുടെ കൂടെ ചേര്‍ത്തത്. യോഗ്യതയുള്ള ഒരു അപേക്ഷ മാത്രമാണ് ഇതിനായി സര്‍വകലാശാലയില്‍ ലഭിച്ചിട്ടുള്ളത്. അപേക്ഷ പരിശോധിച്ച വിഷയവിദഗ്ദ്ധരടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റി ഇന്റര്‍വ്യൂ നടത്തി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അപേക്ഷകയായിരുന്ന സംസ്‌കൃതസര്‍വകലാശാലയിലെ പ്രൊഫസറെ താല്കാലികമായി ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിച്ചത്.

സംസ്‌കൃതത്തില്‍ ഡോക്ട റേറ്റും ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പാണ്ഡി ത്യവും ജര്‍മ്മന്‍ ഭാഷയില്‍ പരിജ്ഞാനവുമുളള പ്രൊഫസര്‍ എന്ന നില യില്‍ മഹാനിഘണ്ടുനിര്‍മ്മാണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ കഴിയുമെന്നതിനാലാണ് പ്രസ്തുത പ്രൊഫസര്‍ക്ക് നിയമനം നല്‍കാന്‍ ശുപാര്‍ശ ചെയ്തത്. ഇതരഭാഷാപദങ്ങളുടെ സംസര്‍ഗ്ഗവും സാധ്യത കളും ഏറെയുളള മലയാളത്തിലെ മഹാനിഘണ്ടുനിര്‍മ്മാണത്തില്‍ ബഹുഭാഷാജ്ഞാനമുളള ഒരാളുടെ സേവനം പ്രയോജനകരമാകുക തന്നെ ചെയ്യും.

മലയാളത്തിലെ ഒട്ടേറെ സാഹിത്യ കൃതികളേയും ബൈബിള്‍ പരിഭാഷകളേയും മുന്‍നിര്‍ത്തിയുളള ഗവേഷണപ്രബന്ധങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശി കൂടിയായ പ്രസ്തുത പ്രൊഫസര്‍ക്ക് നിരവധി പ്രസിദ്ധീകരണങ്ങളും തര്‍ജ്ജമപഠനകേന്ദ്രത്തിലെ പ്രവൃത്തിപരിചയവും നിലവിലുണ്ട്.

ഇതു സംബന്ധിച്ച് എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് നിയമനം നടത്തിയത്. ഇത് എഡിറ്റര്‍ എന്ന നിലയിലുളള ഹ്രസ്വകാല ഡെപ്യൂട്ടേഷന്‍ സേവനം മാത്രമാണ്. വസ്തുതകള്‍ ഇതായിരിക്കെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന അടിസ്ഥാനരഹിത വാര്‍ത്തകള്‍ ചിലരുടെ ഭാവനാസൃഷ്ടി
മാത്രമാണെന്ന് സര്‍വകലാശാല പത്രക്കുറിപ്പില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News