വണ്ണം കുറയ്ക്കണോ? രോഗങ്ങളെ പ്രതിരോധിക്കണോ ? ദിവസവും ചെമ്പരത്തി ചായ ശീലമാക്കൂ..

ചായയും കാപ്പിയും മലയാളിക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്. രാവിലെ ഒരു കപ്പ് ചായയോ കാപ്പിയോ ഇല്ലാതെ മലയാളികളുടെ ഒരു ദിവസം തുടങ്ങുക എന്നത് ആലോചിക്കാന്‍ സാധിക്കാത്തതാണ്. എന്നാല്‍, അമിതമായ ചായ, കാപ്പി എന്നിവയുടെ ഉപയോഗം പലപ്പോഴും പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാറുണ്ട്.

എന്നാല്‍ ആരോഗ്യത്തിന് ഉത്തമമായ ചായ ആയോലോ…? അത്തരത്തില്‍ ശരീരത്തിന് ഉത്തമമായ ഒന്നാണ് ചെമ്പരത്തി ചായ. ചെമ്പരത്തി ചായ ശീലമാക്കുന്നവര്‍ക്ക് നല്ല ആരോഗ്യവും ലഭിക്കും. ഇത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്.

അമിതവണ്ണത്തില്‍ നിന്നും രക്ഷനേടാനാകുമെന്നത് ചെമ്പരത്തി ചായയുടെ എടുത്തു പറയേണ്ട ഗുണങ്ങളിലൊന്നാണ്. 12 ആഴ്ചകളില്‍ ഇത് പതിവായി കഴിക്കുന്നത് വഴി ശരീരഭാരം, ശരീരത്തിലെ കൊഴുപ്പ്, ബോഡി മാസ് സൂചിക, അര ഭാഗത്തെ കൊഴുപ്പ് എന്നിവയെല്ലാം വളരെ എളുപ്പത്തില്‍ കുറയ്ക്കാന്‍ സാധിക്കുന്നു.

ന്യുമോണിയ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനും ചെമ്പരത്തി ചായയ്ക്ക് കഴിയും. മൂത്രനാളിയിലെ പലതരം അണുബാധകള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാന്‍ ഇത് ഫലപ്രദമാണെന്ന് പറയപ്പെടുന്നു. ബാക്ടീരിയ അണുബാധയെ അകറ്റാന്‍ ചെമ്പരത്തിയ്ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചെമ്പരത്തി ചായ കുടിക്കുന്നത് ഇടവിട്ടുള്ള ചുമ, ജലദോഷം എന്നിവ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കും.

ഇനി ചെമ്പരത്തി ചായ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ…

ചേരുവകള്‍…

ചെമ്പരുത്തി പൂവ് – 6 എണ്ണം
ഇഞ്ചി – 1 കഷ്ണം
പട്ട – ഒരു ചെറിയ കഷ്ണം
വെള്ളം – 3 ഗ്ലാസ്
തേന്‍ – ആവശ്യത്തിന്
നാരങ്ങാനീര് – 1/2 നാരങ്ങയുടെ നീര്

ചെമ്പരത്തി ചായ തയ്യാറാക്കുന്ന വിധം…

ചെമ്പരുത്തി പൂവിന്റെ ഇതളുകള്‍ മാത്രം എടുത്ത് വെള്ളത്തിലിട്ട് നന്നായി കഴുകുക. ശേഷം, പാത്രത്തില്‍ 3 ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. അതിലേക്ക് ഇഞ്ചിയും കറുകപട്ടയും ചേര്‍ക്കുക. നന്നായി തിളച്ച ശേഷം, വെള്ളം ചെമ്പരത്തി പൂവിലേക്കു ഒഴിക്കുക.

2 മിനിറ്റോളം അടച്ച് വയ്ക്കുക. ഇളക്കരുത്. പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലര്‍ന്ന് കടും ചുവപ്പ് നിറം ആവും. നന്നായി അരിച്ചെടുക്കുക. ശേഷം തേനും നാരങ്ങ നീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കുടിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News