ADVERTISEMENT
നിയമസഭാ വോട്ടെടുപ്പ് ദിവസം കുണ്ടറയില്‍ പെട്രോള്‍ ബോംബേറ് നാടകം ആസൂത്രണംചെയ്ത കേസില്‍ വിവാദ വ്യവസായി ദല്ലാള്‍ നന്ദകുമാറിന്റെ ഹര്‍ജി ഹൈക്കോടതി 19 ലേക്കു മാറ്റി. ചോദ്യംചെയ്യുന്നതിന്റെ വിശദാംശങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്കു നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അഞ്ചിനാണ് നന്ദകുമാര്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യത്തില്‍ കോടതി പൊലീസ് നിലപാട് തേടിയിരുന്നു.
പ്രോസിക്യൂഷന്‍ മൂന്നു ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്നാല്‍, സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന നന്ദകുമാറിന്റെ ആവശ്യം പരിഗണിച്ചാണ് ജഡ്ജ് അശോക്മേനോന്‍ ഹര്‍ജി മാറ്റിയത്. ഇതേ ആവശ്യം പരിഗണിച്ച് നേരത്തെ രണ്ടുതവണ ഹര്‍ജി മാറ്റിയിരുന്നു.
ബോംബേറ് നാടകത്തിലെ രാഷ്ട്രീയ ഗൂഢാലോചനയില്‍ നന്ദകുമാറിന്റെ മൊഴി നിര്‍ണായകമാണ്. നന്ദകുമാര്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ വൈകുന്നത് തുടര്‍ അന്വേഷണം മന്ദഗതിയിലാക്കും. മെയില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ അന്വേഷകസംഘം ആവശ്യപ്പെട്ടപ്പോള്‍ ഡല്‍ഹിയിലാണെന്ന മറുപടിയാണ് നന്ദകുമാര്‍ നല്‍കിയത്.
ഇയാള്‍ കൊച്ചിയില്‍ എത്തിയ ശേഷമാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുണ്ടറ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെ മേഴ്സിക്കുട്ടിഅമ്മയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡിഎസ്ജെപി സ്ഥാനാര്‍ഥി ഷിജു എം വര്‍ഗീസ് സ്വന്തം കാറിനു പെട്രോള്‍ ബോംബേറ് ആസൂത്രണംചെയ്തെന്നാണ് കേസ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നന്ദകുമാറാണ് പണം നല്‍കിയതെന്ന് മറ്റു ഡിഎസ്ജെപി സ്ഥാനാര്‍ഥികള്‍ അന്വേഷകസംഘത്തിന് മൊഴി നല്‍കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.