തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റിനെതിരെ ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍

തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റിന് എതിരെ ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍. ഡിസിസിയുടെ ഫണ്ട് തിരിമറി നടത്തിയെന്നും, വരവ് ചിലവ് കണക്ക് അവതരിപ്പിക്കുന്നില്ലെന്നുമാണ് പോസ്റ്ററില്‍ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ പോസ്റ്റര്‍ പതിച്ചത് പാര്‍ട്ടിയുടെ ശത്രുക്കളാണെന്നും വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്ന് നെയ്യാറ്റിന്‍ക്കര സനല്‍ കൈരളി ന്യൂസിനോട് വ്യക്തമാക്കി

ഡിസിസി പ്രവര്‍ത്തന ഫണ്ട് ഭാരവാഹികള്‍ അറിയാതെ ഡിസിസി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ തിരിമറി നടത്തിയെന്ന് കാണിച്ചാണ് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡിസിസി പ്രസിഡന്റ് ആയിരുന്ന നെയ്യാറ്റിന്‍ക്കര സനല്‍ വരവ് ചിലവ് കണക്കുകള്‍ ഡിസിസി യോഗത്തില്‍ ഇതുവരെ അവതരിപ്പിച്ചില്ലെന്നാണ് പ്രധാന വിമര്‍ശനം. ജനറല്‍ ബോഡി വിളിച്ച് വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കുന്ന രീതി പാലിക്കുന്നില്ലെന്നും വിമര്‍ശനം ഉണ്ട് .

മുന്‍ അധ്യക്ഷന്‍ കരകുളം കൃഷ്ണപിള്ള 2016 ല്‍ സ്ഥാനം ഒഴിയുമ്പോള്‍ രണ്ട് കോടിരുപ അന്‍പത്തി രണ്ട് ലക്ഷം രൂപ അക്കൗണ്ടില്‍ ഉണ്ടായിരുന്നതായിന്നതായിട്ടാണ് വിവരം. എന്നാല്‍ ആയൂര്‍വേദ കോളേജിന് സമീപത്ത് ഉളള സഹകരണ ബാങ്കില്‍ നിക്ഷേപിച്ച ഫണ്ടിന്റെ പലിശ , കെട്ടിടവാടക 2018ലും 2020ലും കെപിസിസി നടത്തിയ ഫണ്ട് പിരിവിന്റെ വിഹിതം ഇവയെ പറ്റിയുളള കണക്ക് ഹാജരാക്കണമെന്നാണ് ഭാരവാഹികളില്‍ ചിലരുടെ ആവശ്യം.

നിക്ഷേപിച്ച തുകയില്‍ നിന്ന് 80 ലക്ഷം രൂപ വായ്പ്പ എടുത്തുവെന്നും ആരോപണം ഉണ്ട്. എന്നാല്‍ ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് നെയ്യാറ്റിന്‍ക്കര സനല്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

സാമ്പത്തിക കാര്യങ്ങള്‍ തീരുമാനിക്കുന്നത് താന്‍ ഒറ്റക്കല്ലെന്നും ഒരു സമ്പ് കമ്മറ്റിയെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും, താന്‍ സ്ഥാനം ഒഴിയും മുന്‍പ് എല്ലാ കണക്കുകളും ജനറല്‍ ബോഡിയില്‍ ഹാജരാക്കുമെന്നും നെയ്യാറ്റിന്‍ക്കര സനല്‍ വ്യക്തമാക്കി. പോസ്റ്റര്‍ പ്രചരണം നടത്തുന്നത് തന്റെയും പാര്‍ട്ടിയുടെയും ശത്രുക്കളാണെന്നും അവരാരെക്കെയാണെന്ന് തിരിച്ചറിഞ്ഞതായും സനല്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here