ADVERTISEMENT
അസമില്‍ ക്ഷേത്രങ്ങളുടെ 5 കി.മീ ചുറ്റളവില്‍ ബീഫ് നിരോധിച്ച് സര്‍ക്കാര്‍. പ്രധാനമായും ഹിന്ദു, ജൈന, സിഖ്, മറ്റ് ഗോമാംസം ഭക്ഷിക്കാത്ത സമുദായങ്ങള്‍ വസിക്കുന്ന പ്രദേശങ്ങളില്‍ ഗോമാംസമോ അല്ലെങ്കില്‍ ബീഫ് ഉല്‍പന്നങ്ങളോ വില്‍ക്കാനും വാങ്ങാനും പാടില്ലെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അസം നിയമസഭയില്‍ അവതരിപ്പിച്ച പുതിയ കന്നുകാലി സംരക്ഷണ ബില്ലില്‍ പറയുന്നു.
ക്ഷേത്രങ്ങളുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ കശാപ്പ് നിരോധിക്കുമെന്നും ബില്ലില്‍ പറയുന്നു. അധികാരികള്‍ നിര്‍ദേശിക്കുന്ന മറ്റേതെങ്കിലും സ്ഥാപന പരിധിയിലും നിയന്ത്രണമുണ്ടാകുമെന്നും ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച ശേഷം അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു.
ഒരു പ്രത്യേക പ്രദേശത്തെ രജിസ്റ്റര്‍ ചെയ്ത വെറ്റിറിനറി ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നേടിയിട്ടില്ലെങ്കില്‍ ഒരു വ്യക്തിയെ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതില്‍ നിന്ന് വിലക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റമാണെന്നും പുതിയ ബില്ലില്‍ പറയുന്നു.
നിയമം ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയും മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷംവരെ പിഴയും ഈടാക്കും. അല്ലെങ്കില്‍ അത് രണ്ടും അനുഭവിക്കേണ്ടിവരുമെന്നും ബില്ലില്‍ പറയുന്നു. ഒരു തവണ ശിക്ഷപ്പെട്ടയാള്‍ സമാനമായ കുറ്റത്തിന് വീണ്ടും പിടിക്കപ്പെട്ടാല്‍ ശിക്ഷ ഇരട്ടിയാകും.
അതേസമയം, ബില്ലില്‍ നിരവധി പ്രശ്നങ്ങളുണ്ടെന്നും നിയമ വിദഗ്ധര്‍ ഇത് പരിശോധിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ഡെബബ്രത സൈകിയ പറഞ്ഞു. ഒരു കല്ല് സ്ഥാപിക്കാനും ആര്‍ക്കും എവിടെയും ഒരു ‘ക്ഷേത്രം’ നിര്‍മ്മിക്കാനും കഴിയും. അതിനാല്‍ ഈ നിയമത്തില്‍ കഴമ്പുണ്ടെന്നും സൈകിയ വ്യക്തമാക്കി. പുതിയ നിയമം വര്‍ഗ്ഗീയ ചേരിതിരിവുകള്‍ക്കും സംഘര്‍ഷത്തിനും കാരണമാകുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അതിനാല്‍ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും പ്രതിപക്ഷം പറഞ്ഞു.
ഇത് പശുക്കളെ സംരക്ഷിക്കുന്നതിനോ പശുക്കളെ ബഹുമാനിക്കുന്നതിനോ ഉള്ള ബില്ലല്ല. മുസ്ലിംകളുടെ വികാരം വ്രണപ്പെടുത്തുന്നതിനും സമുദായങ്ങളെ കൂടുതല്‍ ധ്രുവീകരിക്കുന്നതിനുമായാണ് ഈ നിയമം കൊണ്ടുവന്നത്. തങ്ങള്‍ ഇതിനെ എതിര്‍ക്കുന്നുവെന്നും ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) നിയമസഭാംഗം അമിനുല്‍ ഇസ്ലാം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.