ദേവസ്വം ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് പ്രത്യേക കർമ്മ പദ്ധതിക്ക് രൂപം നൽകും

കേരളത്തിലെ ദേവസ്വം ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് പ്രത്യേക കർമ്മ പദ്ധതിയ്ക്ക് രൂപം നൽകാൻ  മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ദേവസ്വംബോർഡ് പ്രസിഡണ്ടുമാരുടെ യോഗത്തിൽ തീരുമാനിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ലോക് ഡൗൺ മൂലം സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കാൻ സാധിക്കാത്തതിനാൽ വരുമാനത്തിൽ വലിയ ഇടിവാണ് സംഭവിച്ചത്. സാമ്പത്തിക പ്രതിസന്ധി ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെയും ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവയെയും ബാധിക്കാതിരിക്കാൻ 135 കോടിയിലധികം രൂപാ കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ അനുവദിച്ചിരുന്നു.

ദേവസ്വം ബോർഡുകൾ സ്വന്തമായി വരുമാന വർധനവ് ലക്ഷ്യമിട്ട് പദ്ധതികൾ നടപ്പിലാക്കേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ദേവസ്വം ബോർഡുകളുടെ പക്കൽ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വിവാദ രഹിതമായി പരമാവധി ഉപയോഗപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും ക്ഷേത്രങ്ങളിലെ വഴിപാട്, പ്രസാദം തുടങ്ങിയ സേവനങ്ങൾ ഓൺലൈൻ ആക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ദേവസ്വം ബോർഡുകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് പൊതുവായ സോഫ്റ്റ്‌വെയർ നിർമ്മിക്കുന്നതിനും നിശ്ചയിച്ചു.

ദേവസ്വം ബോർഡ് നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാതൃകാ വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കുന്നതിനു വേണ്ടിയുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും തീരുമാനിച്ചു. ദേവസ്വം ബോർഡുകളുടെ സംയുക്ത നിയന്ത്രണത്തിൽ സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രത്യേക താന്ത്രിക പഠനകേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച് ഒരു പ്രോജക്ട് തയ്യാറാക്കുന്നതിനും ക്ഷേത്രങ്ങളിൽ പാരമ്പര്യ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

ഒക്ടോബർ 15-നകം ദേവസ്വം ബോർഡുകൾ ഈ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതി നിർദേശങ്ങൾ തയ്യാറാക്കി നൽകണമെന്ന് യോഗത്തിൽ തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News