പത്തനംതിട്ടയില്‍ പ്രത്യേക റവന്യൂ സംഘത്തെ നിയോഗിക്കും: മന്ത്രി കെ.രാജൻ

പത്തനംതിട്ട ജില്ലയിലെ റാന്നി, മല്ലപ്പള്ളി മേഖലകളിൽ ശക്തമായ ചുഴലിക്കാറ്റിൽ ഉണ്ടായിട്ടുള്ള നാശനഷ്ടം തിട്ടപ്പെടുത്തുന്നതിനായി പ്രത്യേക റവന്യൂ സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു.ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ആവശ്യപ്പെട്ട പ്രകാരം ജില്ലാ ഭരണകൂടത്തിൽ നിന്നും നാശനഷ്ടം സംബന്ധിച്ച റിപ്പോർട്ട് ലഭ്യമാക്കിയിട്ടുണ്ട്.

നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തിയ ശേഷം ദുരന്ത നിവാരണ ഫണ്ടിൽ നിന്നും ആവശ്യമായ ധനസഹായം നൽകുന്നതിനും ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മല്ലപ്പള്ളി താലൂക്കിൽ എഴുമറ്റൂർ പഞ്ചായത്തിൽ തെള്ളിയൂർ വില്ലേജിൽ ശക്തമായ ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീഴുകയും നിരവധി വീടുകൾക്ക് നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടുമുണ്ട്.

ജില്ലാ ഭരണകൂടം സംഭവ സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. ഈ അവസ്ഥയെ നേരിടുന്നതിന് സർവ്വസജ്ജമായ പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്നു വരികയാണ്.

നാശനഷ്ടം തിട്ടപ്പെടുത്തുന്നതിനായി 2 പേർ വീതമുള്ള 4 ടീമുകൾ ഓരോ വീടുകളിലും നേരിട്ടെത്തി വിവരശേഖരണം നടത്തി വരികയാണ്.വഴികളിലെല്ലാം മരങ്ങൾ വീണു വഴി തടസപ്പെട്ടു കിടക്കുന്നതിനാൽ ഉദ്യോഗസ്ഥർക്ക് എല്ലാടിയത്തും എത്തിചേരുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

എങ്കിലും നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തുന്നതിന് വേണ്ട നടപടികൾ മുന്നോട്ടു പോവുന്നുണ്ട്. എഴുമാറ്റുർ പഞ്ചായത്തിലെ 6 മുതൽ 11 വരെയുള്ള വാർഡുകളിലാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. അവിടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നുണ്ട്. മരങ്ങൾ വീണ് തടസപ്പെട്ട ഗതാഗതവും, വൈദ്യുതിയും പുന:സ്ഥാപിക്കുന്നതിന് വേണ്ട സത്വര നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here