ADVERTISEMENT
ഉത്ര കേസില്‍ ചാത്തന്നൂര്‍ സ്വദേശി സുരേഷ്, പണം വാങ്ങി സൂരജിന് പാമ്പിനെ നല്‍കി എന്ന മൊഴി വിശ്വാസ യോഗ്യമല്ലെന്ന പ്രതിഭാഗത്തിന്റെ വാദത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. ഉത്ര കേസില്‍ അന്തിമവാദം പുരോഗമിക്കുന്നതിനിടെയാണ് പ്രോസിക്യൂഷനും പ്രതിഭാഗവും വാദമുഖങ്ങള്‍ നിരത്തിയത്.
എലിയെ പിടിക്കാന്‍ പാമ്പിനെ നല്‍കി എന്ന തരത്തിലെ അവിശ്വസനീയ മൊഴികള്‍ തന്നെയാണ് കേസില്‍ പ്രസക്തമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. പ്രതിഭാഗം വാദം ഇന്നും കോടതിയില്‍ തുടരും
കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധമുള്ള കൊലക്കേസിലാണ് വിധി എന്തെന്ന് തീരുമാനിക്കാനുള്ള അന്തിമവാദം പുരോഗമിക്കുന്നത്. എലിയെ പിടിക്കാന്‍ പാമ്പിനെ വാങ്ങിയെന്ന തരത്തിലെ മൊഴി വിശ്വാസയോഗ്യം അല്ലെന്നും പാമ്പ് വില്‍പ്പന നടന്നിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
അതേസമയം കൊലപാതകത്തിന് ആണെങ്കില്‍പോലും അക്കാര്യം പറഞ്ഞ് ആരും പാമ്പിനെ വാങ്ങില്ലെന്നും അവിശ്വസനീയ കാരണങ്ങള്‍ പാമ്പു വില്‍പ്പനയ്ക്ക് പറയുന്നു എന്നതുമാണ് കേസില്‍ പ്രസക്തമെന്നു പ്രോസിക്യൂഷന്‍ മറുവാദം ഉന്നയിച്ചു. 2020 ഫെബ്രുവരി 18നും ഏപ്രില്‍ 24നും ഏനാത്ത് വച്ച് സൂരജും പാമ്പ് പിടുത്തക്കാരന്‍ സുരേഷും തമ്മില്‍ കണ്ടിട്ടില്ലെന്നും ഇതുസംബന്ധിച്ച ഫോണ്‍ രേഖകള്‍ തെളിവായി സ്വീകരിക്കരുതെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതി മുമ്പാകെ ആവശ്യപ്പെട്ടു.
രണ്ടാമത് പാമ്പു കടിയേറ്റതല്ലെന്നും പാമ്പിന്‍ വിഷത്തിന് ചികിത്സ തേടിയതിന്റെ മറുഫലമായാണ് ഉത്രയ്ക്ക് വീണ്ടും ചികിത്സ ആവശ്യമായി വന്നതെന്നും പ്രതിഭാഗം വാദിച്ചു. ഇന്നും വാദം തുടരുമെങ്കിലും സൂരജിനെ നേരിട്ട് ഹാജരാക്കേണ്ടതില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി പങ്കെടുപ്പിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.