മര്യാദ പഠിപ്പിക്കാൻ ചെയ്യേണ്ടതല്ല സംസ്ഥാനവിഭജനം: കൊങ്ക്‌നാടിനെക്കുറിച്ച് പി.ഡി.ടി ആചാരി

തമിഴ്നാട് വിഭജിച്ച് കൊങ്ക്‌നാട് രൂപീകരിക്കുമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുകയാണ്. ജമ്മു-കശ്മീരിന് പിന്നാലെ തമിഴ്നാട്ടിലും കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി അത്തരം നീക്കത്തിലേക്ക് പോകുമോയെന്ന ആശങ്കയും ഉയര്‍ന്നു കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ സംസ്ഥാന വിഭജനത്തെക്കുറിച്ച് ഭരണഘടന മുന്നോട്ട് വെയ്ക്കുന്ന കാഴ്ചപ്പാടില്‍ തിരുത്തലുകള്‍ വേണമെന്നാണ് മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി. ഡി. ടി. ആചാരിയുടെ അഭിപ്രായം.

ഭരണഘടനയുടെ മൂന്നാം അനുച്ഛേദം ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ അന്തസത്ത സംരക്ഷിക്കാന്‍ മൂന്നാം അനുച്ഛേദത്തില്‍ ഭേദഗതി വേണമെന്നാണ് അദ്ദേഹം മുന്നോട്ടുവെയ്ക്കുന്ന വാദം. സംസ്ഥാന വിഭജനം സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളും ആശങ്കകളും പി.ഡി.ടി ആചാരി ‘കൈരളി ന്യൂസു’മായി പങ്കുവെയ്ക്കുന്നു.

? കൊങ്ക്‌നാട് രൂപീകരണം സംബന്ധിച്ചുള്ള ചര്‍ച്ചകളോട് എന്താണ് പ്രതികരണം ? സംസ്ഥാന വിഭജനം, രൂപീകരണം തുടങ്ങിയ കാര്യങ്ങളില്‍ ഭരണഘടനയില്‍ പറയുന്നതെന്താണ്?

= സംസ്ഥാന രൂപീകരണം, വിഭജനം, പേരുമാറ്റം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഭരണഘടനയുടെ മൂന്നാം അനുച്ഛേദത്തിലാണ് പരാമര്‍ശം. പാര്‍ലമെന്റിനാണ് ഇതു സംബന്ധിച്ച അധികാരം. കേന്ദ്രസര്‍ക്കാര്‍ ഒരു സംസ്ഥാനത്തെ വിഭജിക്കാനും പുതിയ സംസ്ഥാനം രൂപീകരിക്കാനും തീരുമാനിച്ചാല്‍ ആ ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കണം. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാല്‍ ഏത് സംസ്ഥാനമാണോ വിഭജിക്കുന്നത് ആ സംസ്ഥാന നിയമസഭയുടെ അഭിപ്രായം തേടണം. നിയമസഭ അഭിപ്രായം അറിയിച്ചാലും ഇല്ലെങ്കിലും അത് അനുകൂലമായാലും പ്രതികൂലമായാലും പാര്‍ലമെന്റിന് വിഭജനവുമായി മുന്നോട്ടു പോകാം.

കേവല ഭൂരിപക്ഷത്തില്‍ തന്നെ പാര്‍ലമെന്റിന് ബില്‍ പാസാക്കാം. തമിഴ്നാട് വിഭജനം സംബന്ധിച്ച് സര്‍ക്കാരിന് പ്രായോഗികമായ തടസങ്ങളില്ല. ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിന് സാധിക്കുന്ന കാര്യമാണത്. എന്നാല്‍, ആന്ധ്ര – തെലങ്കാന വിഭജനത്തിന് സമാനമായി തമിഴ്നാട്ടില്‍ നിന്ന് ഇങ്ങനെയൊരു ആവശ്യം ഉയര്‍ന്നുവന്നിട്ടേ ഇല്ല. അതുകൊണ്ടുതന്നെ, തമിഴ്നാടിനെ വിഭജിക്കാന്‍ പോകുന്നത് അനാവശ്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കലാണ്. വലിയ ക്രമസമാധാനപ്രശ്നമടക്കം ഉണ്ടായേക്കും. സര്‍ക്കാര്‍ ഒരു കാര്യം ചെയ്യുമ്പോള്‍ അതിനൊരു യുക്തി വേണം. തമിഴ്നാട് വിഭജിക്കുന്നതില്‍ അതില്ല. ഒരു വലിയ സംസ്ഥാനമാണെങ്കില്‍ വിഭജനത്തിന്റെ സാധ്യത പരീക്ഷിക്കാം. എങ്കില്‍, ഉത്തര്‍പ്രദേശിനെയല്ലേ ആദ്യം വിഭജിക്കേണ്ടത്? അത്രയും വിശാലമായ സംസ്ഥാനത്തെ വിഭജിക്കുന്നത് പരിഗണിക്കാതെ തമിഴ്നാട്ടില്‍ അതിന്റെ സാധ്യത ചിന്തിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളാണെന്നു കരുതേണ്ടി വരും. അധികാരം അങ്ങനെയല്ല വിനിയോഗിക്കേണ്ടത്. ഭരണഘടനാ വ്യവസ്ഥകള്‍ക്ക് ഒരു ഉദ്യേശമുണ്ട്. അതനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്.

? സംസ്ഥാന വിഭജനം, രൂപീകരണം തുടങ്ങിയ നടപടികള്‍ എന്തൊക്കെ പരിഗണന മുന്‍നിര്‍ത്തിയായിരിക്കണം?

= വിഭജനത്തിനുള്ള ഘടകങ്ങളായി എന്തൊക്കെ പരിഗണിക്കണമെന്ന് ഭരണഘടനയില്‍ പ്രത്യേകമായി ഒന്നും പറയുന്നില്ല. പാര്‍ലമെന്റിന് അധികാരം നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നത്. എന്നാല്‍, ഭരണഘടന നല്‍കിയിരിക്കുന്ന അധികാരം പ്രത്യേകമായ സാഹചര്യം ഉരുത്തിരിയുമ്പോള്‍ മാത്രമേ വിനിയോഗിക്കാവൂ. അല്ലാതെ, ഒരു സംസ്ഥാനത്തെ മര്യാദ പഠിപ്പിക്കാം എന്നു കരുതി ചെയ്യേണ്ടതല്ല വിഭജനം.

? സംസ്ഥാന വിഭജനത്തിന് ആ സംസ്ഥാനത്തിന്റെ സമ്മതം വേണമെന്ന് മൂന്നാം അനുച്ഛേദം നിഷ്‌കര്‍ഷിക്കുന്നില്ല. ഇത് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമല്ലേ ?

= India, that is Bharat, shall be a union of statse എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം പറയുന്നത്. അതാണ് ഫെഡറലിസത്തിന്റെ അടിസ്ഥാനം. ഇങ്ങനെ, സംസ്ഥാനങ്ങളാണ് രാജ്യത്തിന്റെ അടിസ്ഥാനമെന്ന് ഭരണഘടന പറഞ്ഞുവെയ്ക്കുന്നു. ആ സംസ്ഥാനങ്ങളെ യഥേഷ്ടം കൂട്ടിയോജിപ്പിക്കുകയും വിഭജിക്കുകയുമൊക്കെ ചെയ്യാമെന്ന് മൂന്നാംഅനുച്ഛേദം പറയുമ്പോള്‍ ഇവ (ഒന്നാം അനുച്ഛേദവും മൂന്നാം അനുച്ഛേദവും ) തമ്മില്‍ ചേര്‍ച്ചക്കുറവുണ്ട്. സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ അതിന്റെ ഘടനയില്‍ മാറ്റം വരുത്താന്‍ മൂന്നാം അനുച്ഛേദം അനുവദിക്കുമ്പോള്‍ അത് ഫെഡറല്‍ സങ്കല്‍പ്പത്തെ ദുര്‍ബലപ്പെടുത്തുകയാണ്. അതുകൊണ്ടുതന്നെ, മൂന്നാം അനുച്ഛേദം സംബന്ധിച്ച് ഒരു പുനര്‍വിചിന്തനം ആവശ്യമുണ്ടെന്നാണ് എന്റെ അഭിപ്രായം.

? കേന്ദ്രഭരണപ്രദേശ രൂപീകരണം സംബന്ധിച്ച് ഭരണഘടനയില്‍ ആശയവ്യക്തതയുണ്ടോ ?

= മൂന്നാം അനുച്ഛേദത്തില്‍ സംസ്ഥാന രൂപീകരണം, വിഭജനം, അതിര്‍ത്തി പുനര്‍നിര്‍ണയം, പേരുമാറ്റം തുടങ്ങിയവ സംബന്ധിച്ച് എല്ലാം പറയുന്നുണ്ട്. എന്നാല്‍, കേന്ദ്രഭരണപ്രദേശം രൂപീകരിക്കുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഒരു സംസ്ഥാനത്തിനെ പാര്‍ലമെന്റിന് കേന്ദ്രഭരണപ്രദേശമാക്കാമെങ്കില്‍ എല്ലാ സംസ്ഥാനങ്ങളെയും അങ്ങനെ ചെയ്യാം. അപ്പോള്‍ ഒന്നാം അനുച്ഛേദം പറയുന്നതു പോലെ ഇന്ത്യ യൂണിയന്‍ ഓഫ് സ്റ്റേറ്റ്സ് എന്ന സങ്കല്‍പ്പത്തിന് അര്‍ത്ഥമില്ലാതാവും. സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ. യൂണിയന്‍ ടെറിറ്ററികളുടെ യൂണിയനല്ല. ഒരു സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കാന്‍ പാര്‍ലമെന്റിന് ഭരണഘടന അധികാരം നല്‍കിയിട്ടില്ലെന്നാണ് എന്റെ നിലപാട്.

? എന്ത് ഭേദഗതി വേണമെന്നാണ് ഉദ്ദേശിക്കുന്നത് ?

= മൂന്നാം അനുച്ഛേദത്തില്‍ കാതലായ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. സംസ്ഥാനവിഭജനം സംബന്ധിച്ച് ആ സംസ്ഥാനങ്ങളോട് അഭിപ്രായം തേടുക മാത്രമാണെന്നു പറഞ്ഞല്ലോ. അഭിപ്രായം ചോദിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. അഭിപ്രായം അറിയിച്ചാലും ഇല്ലെങ്കിലും അഭിപ്രായം അനുകൂലമായാലും പ്രതികൂലമായാലും പാര്‍ലമെന്റിന് നടപടിയുമായി മുന്നോട്ടു പോകാം. അപ്പോള്‍ പിന്നെ അഭിപ്രായം ചോദിക്കുന്നതില്‍ എന്തു കാര്യമാണുള്ളത് ? ശ്രീകൃഷ്ണന്‍ അര്‍ജുനനോട് നിമിത്ത മാത്രം ഭവ സവ്യസാചിന്‍ (ഞാനവരെ മുമ്പ് തന്നെ കൊന്നു കഴിഞ്ഞു. നീ കേവലം ഒരായുധമാവുന്നതേയുള്ളു, സവ്യസാചിന്‍.) എന്നു പറഞ്ഞതു പോലെ. അതുകൊണ്ട് അഭിപ്രായം ചോദിക്കുക എന്നുള്ളതല്ല . പകരം അവരുടെ അനുമതി വേണമെന്ന് ഭേദഗതി കൊണ്ടുവരികയാണ് വേണ്ടത്. അല്ലെങ്കില്‍ ഒന്നാം അനുച്ഛേദത്തിന് അര്‍ത്ഥമില്ലാതെ വരും.

? ഈ ഒരു ഉള്ളടക്കത്തെ മുന്‍നിര്‍ത്തി പാര്‍ലമെന്റിലോ കോടതികളിലോ എന്തെങ്കിലും നീക്കങ്ങള്‍ ഉണ്ടായതായി അറിയുമോ ?

= പാര്‍ലമെന്റില്‍ അത്തരം ഇടപടല്‍ ഉണ്ടായിട്ടില്ല. ജമ്മു-കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ ഇക്കാര്യം ഉണ്ടോയെന്നറിയില്ല. ആര്‍ട്ടിക്കിള്‍ മൂന്ന് ഫെഡറലിസത്തിന് എതിരാണ്. സംസ്ഥാനത്തിന്റെ അനുമതി ഇല്ലാതെ സംസ്ഥാനത്തെ വെട്ടിമുറിക്കുന്നു. എന്നിട്ട് ‘ഇന്ത്യ യൂണിയന്‍ ഓഫ് സ്റ്റേറ്റ്സ്’ എന്ന് പറയുകയും ചെയ്യുന്നു. ഇക്കാര്യം പൊതുചര്‍ച്ചയില്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. നേരത്തെ ഇക്കാര്യം ആരുമത്ര ഗൗരവമായി പരിഗണിച്ചില്ല. എന്നാല്‍, ഇപ്പോഴത്തെ പുതിയ സാഹചര്യത്തില്‍ അത് അനിവാര്യമാണ്. പാര്‍ലമെന്റില്‍ അംഗങ്ങള്‍ സ്വകാര്യബില്‍ അവതരിപ്പിച്ചോ വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നോ അത്തരം ചര്‍ച്ചയ്ക്ക് വഴി തുറക്കേണ്ടതുണ്ട്. ജനാധിപത്യത്തില്‍ ചര്‍ച്ചയാണല്ലോ പ്രധാനം. ഈ വിഷയത്തിലും ചര്‍ച്ച ഉയര്‍ന്നു വരണമെന്നാണ്.

തയ്യാറാക്കിയത്  : ശരത് കെ ശശി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News