ഐഎസ്ആർഒ ചാരക്കേസ്; നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്

ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടാണ് എന്ന വാദത്തിൽ ഉറച്ച് സിബി മാത്യൂസ്.ആദ്യം സിബിഐ നൽകിയ അന്തിമ റിപ്പോർട്ട് ചവറ്റുകുട്ടയിൽ കളയണം. ചാരക്കേസ് ശരിയായി അന്വേഷിച്ചാൽ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

മുൻകൂർ ജാമ്യാപേക്ഷയിലെ വാദത്തിലാണ് സിബി മാത്യൂസ് നിലപാട് ആവർത്തിച്ചത്. ജെയിൻ കമ്മറ്റി റിപ്പോർട്ട് സീൽഡ് കവറിൽ ജില്ലാ കോടതിക്കു നൽകാമെന്ന് സിബിഐ അറിയിച്ചു. ചാരക്കേസിൽ നമ്പിനാരായണനെ കുരുക്കാൻ പൊലീസ് -ഐബി ഉദ്യോഗസ്ഥർ ചേർന്ന് ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസിൽ നാലാം പ്രതിയാണ് സിബിമാത്യൂസ്.

ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ ഒന്നും രണ്ടും പതിനൊന്നും പ്രതികളായ വിജയൻ, തമ്പി എസ്. ദുർഗ്ഗാ ദത്ത്, ജയപ്രകാശ്‌ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളും കോടതിയുടെ പരിഗണനയിലുണ്ട്.

മുൻകൂർ ജാമ്യ ഹർജി നിലനിൽക്കില്ലെന്നും, പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും സിബിഐ നേരത്തെ നിലപാടറിയിച്ചിരുന്നു.ചാരക്കേസിനു പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന നടന്നതായി സംശയമുണ്ട്.

കേസ് മൂലം ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത് തടസ്സപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി സിബിഐ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.കേസ് സിബിഐ കെട്ടിച്ചമച്ചതെന്നാണ് പ്രതികളുടെ വാദം. അതേ സമയം, ജാമ്യഹർജികളിൽ കക്ഷി ചേരാനായി നമ്പി നാരായണൻ, മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവരും അപേക്ഷ നൽകിയിട്ടുണ്ട്.

ചാരക്കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തത് ഐബി ഉദ്യോഗസ്ഥനായ ആർ.ബി.ശ്രീകുമാറിന്റെ നിർദ്ദേശ പ്രകാരമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസ് മുൻകൂർജാമ്യ ഹർജിയിൽ പറയുന്നത്.

വിദേശവനിതകളും നമ്പിനാരായണനും ചേർന്ന് ചാരവൃത്തി നടത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സിബി മാത്യൂസ് പറയുന്നു.

ഐബിയും റോയും നൽകിയ വിവരമനുസരിച്ചാണ് ചാരക്കേസിൽ മാലി വനിതകളായ മറിയം റഷീദിയെയും ഫൗസിയ ഹസ്സനെയും അറസ്റ്റ് ചെയ്യുന്നത്. ചാരക്കേസിൽ മറിയം റഷീദിയുടെ പങ്കിനെ കുറിച്ച് ഐബി ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു ആർ.ബി.ശ്രീകുമാറാണ് വിവരം നൽകിയത്.

മാലി വനിതകളുടെ മൊഴിയിൽ നിന്നും ശാസ്ത്രജ്ഞർ ചാരപ്രവർത്തനം നടത്തിയെന്ന് വ്യക്തമായി. തിരുവനന്തപുരം-ചെന്നൈ- കൊളംബോ കേന്ദ്രീകരിച്ച് സ്പൈ നെററ് വർക്കുണ്ടെന്ന് ഫൗസിയയുടെ മൊഴിയിൽ നിന്നും വ്യക്തമായി. നമ്പിനാരായണൻറെ ബന്ധം മാലി സ്വദേശികളുടെ മൊഴിയിൽ നിന്നും വ്യക്തമായിരുന്നു.

നമ്പിനാരായണനെയും അന്നത്തെ ഐജിയായിരുന്നു രമൺ ശ്രീവാസ്തവെയും അറസ്റ്റ് ചെയ്യാൻ ഐബി ഉദ്യോഗസ്ഥർ നിരന്തരമായി സമ്മർദ്ദം ചെലുത്തിയിരുന്നു. ചാരവൃത്തി നടന്നുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് എല്ലാ നിയമനടപടികളും പാലിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ജോഗേഷ് നമ്പിരാനായണനെ അറസ്റ്റ് ചെയ്തത്.

അന്വേഷണ സംഘം തലവനായ താനാണ് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയത്. പക്ഷെ കേസ് ഏറ്റെടുത്ത സിബിഐ പലകാര്യങ്ങളും മറച്ചുവച്ചു. മറിയം റഷീദിയും ഫൗസിയുമായി ആർമ്മി ക്ലബിൽ പോയ ഉദ്യോഗസ്ഥൻറെ കാര്യം സിബിഐ കേസ് ഡയറിയിൽ ഉൾപ്പെടുത്തിയില്ല. ആർമിക്ലബിൽ പോയ സ്ക്വാഡ്രൻറ് ലീഡറുടെ ഫോട്ടോ ഫൗസിയ ഹസ്സൻ തിരിച്ചറിഞ്ഞതാണെന്നും സിബിമാത്യൂസ് ജാമ്യ ഹർജിയിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News