കണ്ണൂർ എയർപോർട്ട് വഴി ദേശീയ പാതയ്ക്ക് അനുമതി

കണ്ണൂർ എയർ പോർട്ട് വഴിയുള്ള ചൊവ്വ – മട്ടന്നൂർ – കൂട്ടും പുഴ – വളവുപാറ – മാക്കൂട്ടം – വിരാജ്പേട്ട- മടിക്കേരി മൈസൂർ വരെയുള്ള റോഡിന്റെ കേരളത്തിലെ സ്ട്രെച്ച് നാഷണൽ ഹൈവേയായി അപ്ഗ്രേഡ് ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നിതിൻ ഗഡ്കരിയുടെ വീട്ടിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമുണ്ടായത്. തിരുവനന്തപുരം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെ 80 കി.മീ റിംഗ് റോഡ് നിർമ്മിക്കുന്നതിനും തത്വത്തിൽ അംഗീകാരമായി.വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സാദ്ധ്യതകൾ കൂടി കണക്കിലെടുത്താവും പുതിയ പദ്ധതി വികസിപ്പിക്കുക. 4500 കോടി രൂപയാണ് പദ്ധതി തുക പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം നഗരത്തിന്റെ വളർച്ചയ്ക്ക് നിർണായകമാകും പുതിയ പദ്ധതി.നാഷണൽ ഹൈവേ അഥോറിറ്റി ഏറ്റെടുത്ത് ഫണ്ട് നൽകണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഭൂമി ഏറ്റെടുക്കലിന്റെ 50 % സംസ്ഥാന സർക്കാർ വഹിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിൽ തുടർ ചർച്ചകൾ നടക്കും.

പദ്ധതിയുടെ മാറ്റങ്ങൾ വരുത്തിയ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്.കേരളത്തിലൂടെയുള്ള 11റോഡുകൾ ഭാരത് മാതാ പ്രോജക്ടിൽ ഉൾപ്പെടുത്താനും തീരുമാനമായി.

കേരളത്തിലെ 12 റോഡുകൾ നാഷണൽ ഹൈവേകളായി പ്രഖ്യാപിക്കുന്നതിന് നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ പ്രാരംഭ അനുമതി (in principle) നൽകിയിരുന്നതും അതനുസരിച്ച് ഡീറ്റെയിൽഡ് റിപ്പോർട്ട് നൽകിയിട്ടുള്ളതുമാണ്. എന്നാൽ അലയിന്റ്മെന്റ് റിപ്പോർട്ട് സമർപ്പിച്ച ശേഷം പുതിയ റോഡുകൾ ഉടൻ അപ്ഗ്രേഡ് ചെയ്യില്ലെന്ന തീരുമാനം എൻ.എച്.എ.ഐ അറിയിച്ചിരുന്നു. തുടർന്ന് ട്രാഫിക് കൂടുതലുള്ള റോഡുകൾ അപ്ഗ്രേഡ് ചെയ്യുന്നത് സംബന്ധിച്ച് കഴിഞ്ഞ മാർച്ചിൽ റോഡ് – ഗതാഗത ഹൈവേ മന്ത്രാലയം സെക്രട്ടറിയുമായി കൊച്ചിയിലും ചർച്ച നടത്തിയിരുന്നു.

രാജ്യസഭാ എം പി ജോൺ ബ്രിട്ടാസ് , ചീഫ് സെക്രട്ടറി വി.പി. ജോയ്, റസിഡന്റ് കമ്മീഷണർ സഞ്ജയ് ഗാർഗ് എന്നിവരും കേന്ദ്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here