ADVERTISEMENT
1933 ജൂലൈ 15 ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരില്‍ ജനിച്ച എം ടി വാസുദേവന്‍ നായര്‍ പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരുടെയും അമ്മാളു അമ്മയുടേയും നാലാണ്‍ മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു. ഇല്ലായ്മകള്‍ നിറഞ്ഞ ബാല്യത്തില്‍ നിന്നും കാലത്തിനപ്പുറം സഞ്ചരിച്ച വാക്കുകളിലൂടെ എം ടി മലയാളികളുടെ ഹൃദയത്തിലേക്കാണ് നടന്നുകയറിയത്. ഒപ്പം മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരനായി.
അമ്പതുകളുടെ രണ്ടാം പകുതിയില്‍ എംടിയുടെ സാഹിത്യ ജീവിതം മലയാള സാഹിത്യത്തില്‍ വേരുറപ്പിച്ചു തുടങ്ങി. അക്ഷരങ്ങള്‍ അഗ്‌നിയായി പടര്‍ത്തി കാലത്തിനോട് എഴുത്തിലൂടെ സംവദിച്ച ആ മഹായോഗി 88 ലേക്ക് കടക്കുകയാണ്. 1958 ല്‍ ആദ്യം പ്രസിദ്ധീകരിച്ച ‘നാലുകെട്ട് , നാലുകെട്ടിനുള്ളിലെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ പൊളിച്ചെഴുതി.
1984 ല്‍ എഴുതിയ രണ്ടാമൂഴം മഹാഭാരതകഥയെ ഭീമന്റെ കണ്ണിലൂടെ എംടി മലയാളികളിലെത്തിച്ചപ്പോള്‍ തകര്‍ന്നു വീണ മഹാഭാരത കഥാപാത്രങ്ങളുടെ ദൈവിക ഭാവങ്ങള്‍ വായനക്കാരില്‍ ഉണ്ടായിരുന്ന മിഥ്യാബോധത്തിന്റെയും മിത്തുകളുടെയും പൊളിച്ചെഴുത്തായിരുന്നു. ശക്തമായ ഭാഷയും പ്രതിഭയും കൊണ്ട് കാലത്തിനപ്പുറം എം ടി സഞ്ചരിച്ചപ്പോള്‍ പൗരോഹിത്യത്തിന്റെയും പ്രാമാണിത്യത്തിന്റെയും ജന്മിത്തത്തിന്റെയും സാമുദായിക തമ്പുരാക്കളുടെയും നേര്‍ക്ക് തൊടുത്തു വിട്ട ബാണങ്ങള്‍ അവരെ അസ്ത്ര പ്രജ്ഞരാക്കി നിര്‍ത്തി.
1964 ലെ ‘ മഞ്ഞ് ‘ വിമലാദേവിയുടെ വയലറ്റ് നിറമുള്ള അക്ഷരങ്ങളുടെ കാമുകനെ കാത്തുള്ള ഇരിപ്പ് മാത്രമായിരുന്നില്ല. സ്ത്രീയുടെ മനസിലൂടെ അവളുടെ സാമൂഹ്യ വസ്ഥയും കുടുംബ ബന്ധങ്ങളുടെ കെട്ടുകളും പറിച്ചെറിഞ്ഞുള്ള ഏകാന്തതയുടെ കാത്തിരിപ്പ് കൂടിയാണ്. ഓരോ മനുഷ്യന്റെയും ജിവിതം സ്പര്‍ശിച്ചു കൊണ്ടായിരുന്നു എം ടി യുടെ ഓരോ കഥാപാത്രങ്ങളും കടന്നുപോയത്.
കടന്നുപോകുന്ന ഓരോ പാതയിലും അടയാളങ്ങള്‍ ബാക്കി വെക്കാനാഗ്രഹിക്കുന്ന മനുഷ്യനൊന്നിച്ച് നിഴല്‍ മാത്രം ബാക്കിയാവുന്ന നിസ്സഹായതയെ തുറന്ന് കാട്ടി കാലവും ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തന്‍ വേലായുധനും വിഗ്രഹപൂജയുടെ നിറുകയില്‍ കാര്‍ക്കലിച്ചു തുപ്പി നിര്‍മ്മാല്യവും മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് മലയാളിയെ കൈ പിടിച്ചു നടത്തിയ എഴുത്തിലെ ‘യഥാര്‍ത്ഥ വിപ്ലവകാരി ‘ കൂടിയായ എംടി എന്ന മലയാളിയുടെ സ്വകാര്യ അഹങ്കാരത്തിന് 88 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഇനിയും കാലങ്ങളോളം അതിജീവിക്കുന്ന പുതിയ എഴുത്തുകള്‍ ഈ മഹാമാരിക്കാലത്ത് ഉണ്ടാവട്ടെ എന്ന് കൈരളി ആശംസിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.