‘പ്രിയപ്പെട്ട എം ടി സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’; എംടിക്ക് ആശംസകളുമായി മമ്മൂക്ക

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് എണ്‍പത്തിയെട്ടാം പിറന്നാളാണ്. എംടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് നടന്‍ മമ്മൂക്ക. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം എംടിക്ക് പിറന്നാള്‍ ആശംസിച്ചിരിക്കുന്നത്.

‘പ്രിയപ്പെട്ട എം ടി സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’ ഇങ്ങനെയാണ് മമ്മൂക്ക ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മമ്മൂക്ക അഭിനയിച്ച നിര്‍മാല്യം, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, അനുബന്ധം, പഞ്ചാഗ്‌നി, സുകൃതം, കേരളവര്‍മ്മ പഴശ്ശിരാജ തുടങ്ങി നിരവധി സിനിമകള്‍ക്ക് എംടി തിരക്കഥ രചിച്ചിട്ടുണ്ട്.

കൂടല്ലൂരില്‍ നിന്നും നിളാ നദിയെ കണ്ട എഴുത്തുകാരനാണ് എംടി. മലയാള സാഹിത്യത്തിന്റെ കുലപതി പക്ഷെ പിറന്നാളുകള്‍ ആഘോഷിക്കാറില്ല. ഈ ദുരിത കാലത്ത് പ്രത്യേകിച്ചും.

ഇത്തവണയും സവിശേഷതകളില്ലാതെ ജന്മദിനം കടന്നുപോകുമെന്ന് എം ടി പറഞ്ഞു. മഹാമാരിയുടെ ഈ കാലം വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. വീടുകളിലൊതുങ്ങിയ ജീവിതം വലിയ ആധിയുണ്ടാക്കുന്നു. വായിക്കാന്‍ പുസ്തകം പോലും കിട്ടുന്നില്ല.

സമൂഹത്തിന്റെയാകെ അവസ്ഥയിതാണല്ലോ. നമുക്കു മാത്രം എന്തു ചെയ്യാനാകും. ഈ കാലവും കഴിയുന്നത്ര വേഗം മാറുമെന്ന് പ്രതീക്ഷിക്കാം- ജന്മദിനത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലിന് എം ടിയുടെ പ്രതികരണമിങ്ങനെയായിരുന്നു.

പട്ടിണിയുടെ കയ്‌പേറിയ പിറന്നാള്‍ ദിനങ്ങളെ പറ്റി എം ടി തന്നെ പണ്ട് എഴുതിയിട്ടുണ്ട്. മലയാളിയുടെ കാല്‍പനികതയെ നിര്‍വചിച്ച എഴുത്തുകാരന്‍ എക്കാലവും മറ്റാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത ഉയരങ്ങളിലാണ്. വിക്ടോറിയ കോളേജിലെ കൂട്ടുകാര്‍ അച്ചടിച്ച രക്തം പുരണ്ട മണ്‍ത്തരികള്‍ തൊട്ട് മലയാള ചെറുകഥയെ അദ്ദേഹം വഴിനടത്തി. നോവല്‍, സിനിമ, കഥ,ലേഖനങ്ങള്‍. ആ വാക്കുകള്‍ക്ക് മുന്നില്‍ എന്നും മലയാളി വിനയത്തോടെ നിന്നു. വര്‍ഗിയ ഛിദ്ര ശക്തികള്‍ സമൂഹത്തെ കടന്നാക്രമിക്കുമ്പോള്‍ ശക്തമായി പ്രതികരിക്കാനും അദ്ദേഹം മടിച്ചില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here