നവതിയുടെ നിറവില്‍ വിജയത്തിളക്കവുമായി കേരള കലാമണ്ഡലം

നവതി ആഘോഷിക്കുന്ന 2020-21 വര്‍ഷം തന്നെ നൂറ് ശതമാനം വിജയം ലഭിച്ചതിന്റെ തിളക്കത്തിലാണ് കേരള കലാമണ്ഡലം. ആര്‍ട്ട് എച്ച് എസ് എല്‍ സി പരീക്ഷയില്‍ കലാമണ്ഡലം കല്പിത സര്‍വകലാശാലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. പരീക്ഷ എഴുതിയ 68 വിദ്യാര്‍ത്ഥികളും വിജയിച്ചതോടെ കലാമണ്ഡലം നൂറ് ശതമാനം വിജയം കരസ്ഥമാക്കി.

കഥകളി (വടക്കന്‍, തെക്കന്‍), മോഹിനിയാട്ടം, കൂടിയാട്ടം (ആണ്‍, പെണ്‍) ചെണ്ട, കഥകളി സംഗീതം, മദ്ദളം, ചുട്ടി, മിഴാവ്, തിമില, കര്‍ണാടക സംഗീതം, തുള്ളല്‍, മൃദംഗം എന്നീ പതിനാല് വിഭാഗങ്ങളിലെ കുട്ടികളാണ് പരീക്ഷ എഴുതിയത്.

മലയാളം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്, കണക്ക്, ഹ്യുമാനിറ്റീസ്, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി, ആര്‍ട്ട് തിയറി, പ്രയോഗം, സാഹിത്യം, രംഗാവതരണം എന്നിങ്ങനെ 12 പേപ്പറുകളാണ് എ എച്ച് എസ് എല്‍ സി സിലബസ്സിലുള്ളത്. കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി അധ്യയനം നടത്തിയ വര്‍ഷമാണിത്.

രംഗ കലാപഠനം ഓണ്‍ലൈന്‍ വഴി നടത്തുന്നതിലെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി, പരിമിതമായ സാഹചര്യത്തെ മറികടന്ന് നേടിയ ഈ വിജയത്തില്‍ കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി. കെ നാരായണന്‍ എല്ലാ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു.

കേരളത്തിന്റെ തനത് കലകള്‍ പരിപോഷിപ്പിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനും കലാമണ്ഡലം വിവിധ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. കലാമണ്ഡലം ആര്‍ട്ട് ഹൈസ്‌ക്കൂളിലേയ്ക്കുള്ള പൊതുപ്രവേശന പരീക്ഷയും വ്യാഴാഴ്ച (ജൂലൈ 15) നടന്നു.

വിവിധ ജില്ലകളില്‍ നിന്നെത്തിയ 134 കുട്ടികളാണ് പതിനാല് വിഭാഗങ്ങളിലേയ്ക്കുള്ള പ്രവേശന പരീക്ഷയില്‍ പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പരീക്ഷാനടത്തിപ്പ്. ഇതില്‍ വിജയിച്ച് ചുരുക്കപട്ടികയില്‍ ഇടം നേടുന്ന കുട്ടികള്‍ക്കാണ് തുടര്‍ന്ന് അഭിമുഖ പരീക്ഷ നടത്തുക. വിശദ വിവരങ്ങള്‍ക്ക് കലാമണ്ഡലം വെബ്‌സൈറ്റ് http://www.kalamandalam.ac.in സന്ദര്‍ശിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here