പുനഃസംഘടനയിലും ആർഎസ്‌എസ്‌ അജൻഡ: എ വിജയരാഘവൻ എഴുതുന്നു

രണ്ടാം മോഡി സർക്കാർ രണ്ടുവർഷം പിന്നിട്ടപ്പോൾ നടത്തിയ മന്ത്രിസഭാ വികസനം വലിയ എന്തോ കാര്യം നടന്നു എന്ന മട്ടിലാണ് പല മാധ്യമങ്ങളും അവതരിപ്പിച്ചത്. 12 പേരെ ഒഴിവാക്കി 36 പേരെ ഉൾപ്പെടുത്തിയപ്പോൾ മന്ത്രിസഭയിൽ ആകെ 78 പേരായി.

പരമാവധി ഉൾപ്പെടുത്താവുന്നത് 81 പേർ. 2014ൽ ആദ്യ മോഡി മന്ത്രിസഭയിൽ 45 പേരേ ഉണ്ടായിരുന്നുള്ളൂ. ‘‘മിനിമം ഗവൺമെന്റ്, മാക്സിമം ഗവേണൻസ്’’ എന്നാണ് അന്ന് പ്രചരിച്ചിരുന്നത്. അത്തരം വാദങ്ങളൊക്കെ ബിജെപി ഉപേക്ഷിച്ചു.

അസംതൃപ്ത വിഭാഗങ്ങളെയും വ്യക്തികളെയും അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പുനഃസംഘടനയെന്ന് വ്യക്തം. കോൺഗ്രസിൽ നിന്ന് കൂറുമാറിയെത്തിയ ചിലർക്കും സ്ഥാനം കിട്ടി. ജ്യോതിരാദിത്യ സിന്ധ്യ ഉദാഹരണം. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ ഇന്ത്യയെ ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രമാക്കാനുള്ള ആർഎസ്എസ് പദ്ധതിയുമായി കൂടുതൽ തീവ്രമായി മുന്നോട്ടുപോകുന്നതല്ലാതെ മറ്റൊരുമാറ്റവും രണ്ടാംമോഡി സർക്കാരിൽ കാണാനാകില്ല.

ഒരു കാര്യം ശ്രദ്ധേയമാണ്. പിറകിൽനിന്ന് സർക്കാരിനെ നിയന്ത്രിച്ചിരുന്ന ആർഎസ്എസ്, മറയില്ലാതെ മുന്നിലേക്ക് വരാൻ തുടങ്ങിയിരിക്കുന്നു. ഹിന്ദുരാഷ്ട്രപദ്ധതിക്ക് ഏറ്റവും വലിയ തടസ്സമായി ആർഎസ്എസ് കാണുന്നത് ഇന്ത്യൻ ഭരണഘടനയാണ്. അതുകൊണ്ടാണ് 2014ൽ ബിജെപി അധികാരത്തിൽ വന്നതു മുതൽ ഭരണഘടന അട്ടിമറിക്കാനും ദുർബലമാക്കാനുമുള്ള നീക്കങ്ങൾ.

ഇന്ത്യയുടെ ബഹുസ്വരതയും വൈവിധ്യവും ആർഎസ്എസ് അംഗീകരിക്കുന്നില്ല. മതമായാലും ഭാഷയായാലും സംസ്കാരമായാലും ഒന്നുമതി എന്നാണ് അവരുടെ നിർബന്ധം. മതന്യൂനപക്ഷങ്ങൾ ഹിന്ദുത്വത്തിന് വഴങ്ങി ജീവിച്ചുകൊള്ളണം. ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശം മതന്യൂനപക്ഷങ്ങൾക്ക് നിഷേധിക്കുന്ന ഭരണവ്യവസ്ഥയാണ് അവർക്ക് ആവശ്യം.

ഏഴുവർഷത്തിനിടയിൽ ഏറ്റവും വലിയ ആക്രമണമുണ്ടായത് ജനാധിപത്യ അവകാശങ്ങൾക്കുനേരെയാണ്. പൗരസ്വാതന്ത്ര്യം അടിച്ചമർത്തുന്നു. അതിന് കിരാത നിയമങ്ങളും ഫാസിസ്‌റ്റ്‌ രീതികളും പ്രയോഗിക്കുന്നു. വിയോജിപ്പ് അവർ സഹിക്കില്ല. എതിർക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തും.

ഐപിസിയിലെ 124 എ വകുപ്പ് ഇതിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്.മനുഷ്യാവകാശ പ്രവർത്തകരെയും ദളിതർക്കും ആദിവാസികൾക്കും വേണ്ടി പോരാടുന്നവരെയും തീവ്രവാദികളായി മുദ്രകുത്തി യുഎപിഎ പ്രകാരം ജയിലിലടയ്ക്കുന്നു.

ഭീമ കൊറേഗാവ് കേസിൽ വ്യാജ തെളിവുണ്ടാക്കിയാണ് മനുഷ്യാവകാശ പ്രവർത്തകരെയും ബുദ്ധിജീവികളെയും കലാകാരൻമാരെയും ജയിലിലടച്ചത്. രോഗിയും വയോധികനുമായ സ്റ്റാൻ സ്വാമി ജാമ്യം നിഷേധിക്കപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചത് പൗരസ്വാതന്ത്ര്യം നേരിടുന്ന ഗുരുതരമായ വെല്ലുവിളിയുടെ പ്രതിഫലനമാണ്.

രണ്ടാം മോഡി സർക്കാർ ഭരണം തുടങ്ങിയത് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370–ാം ഭരണഘടനാ അനുച്ഛേദം റദ്ദാക്കിക്കൊണ്ടാണ്. ഒരു ദിവസം നേരം പുലർന്നപ്പോൾ അങ്ങനെയൊരു സംസ്ഥാനമേയില്ല. അതിനെ വെട്ടിമുറിച്ച് കേന്ദ്രഭരണത്തിന് കീഴിലാക്കി. ഭരണഘടനാതത്വങ്ങളും വ്യവസ്ഥകളും കാറ്റിൽപ്പറത്തിയാണ് ഇതു ചെയ്തത്.

അതു ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതിയിലുണ്ട്. 370–ാം അനുച്ഛേദം റദ്ദാക്കുക എന്നത് ആർഎസ്‌എസ് അജൻഡയിലെ പ്രധാന ഇനമായിരുന്നു. ദേശീയ ഐക്യത്തിനും മതനിരപേക്ഷ ഇന്ത്യക്കും വേണ്ടി ഉറച്ച നിലപാട് എടുക്കുന്ന രാഷ്ട്രീയ നേതാക്കളെ ജയിലിലടച്ചുകൊണ്ടാണ് കശ്‌മീരിൽ കേന്ദ്രഭരണം തുടങ്ങിയത്. ഫാറൂഖ് അബ്ദുള്ള ഉൾപ്പെടെയുള്ള മുൻ മുഖ്യമന്ത്രിമാരെയും സിപിഐ എം നേതാവ് മുഹമ്മദ്‌ യൂസുഫ് തരിഗാമിയെയും തുറുങ്കിലടച്ചു.

ഹിന്ദുരാഷ്ട്ര പദ്ധതിയിലേക്കുള്ള ചുവടുവയ്‌പാണ് പൗരത്വ ഭേദഗതി നിയമമെന്ന് നമുക്കറിയാം. ഈ നിയമഭേദഗതി ചോദ്യംചെയ്തുള്ള ഹർജിയും സുപ്രീംകോടതിയിലുണ്ട്‌. രാഷ്ട്രത്തിന്റെ അടിസ്ഥാനസ്വഭാവം നശിപ്പിക്കുകയും പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്ന നടപടികൾക്ക് എതിരായ കേസുകൾ ഉന്നതനീതിപീഠം ഗൗരവമായി എടുക്കുന്നില്ല എന്ന വിമർശവുമുണ്ട്.

ഭരണഘടനാ സ്ഥാപനങ്ങളെ സർക്കാരിന്റെ വരുതിയിൽ നിർത്തുകയാണ്. തെരഞ്ഞെടുപ്പു കമീഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.സിബിഐ, കസ്റ്റംസ്, ഇഡി എന്നീ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആവശ്യത്തിനാണ് കൂടുതലും ഉപയോഗിക്കുന്നത്.ഉദാഹരണങ്ങൾ കേരളത്തിൽത്തന്നെയുണ്ട്.

ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും നശിപ്പിക്കാനുള്ള ശ്രമം ഒരു ഭാഗത്ത് നടക്കുമ്പോൾ മറുഭാഗത്ത് സമ്പദ്ഘടന തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ഒരു വർഷം ലഭിച്ചിട്ടും കൊവിഡ് രണ്ടാംതരംഗം നേരിടാൻ കേന്ദ്രം ഒന്നും ചെയ്തില്ല.

ഓക്സിജൻ കിട്ടാതെ ആശുപത്രികളിൽ രോഗികൾ പിടഞ്ഞുമരിക്കുന്ന സ്ഥിതിയുണ്ടായത് ഈ കെടുകാര്യസ്ഥതയുടെ ഫലമാണ്. മുന്നൊരുക്കമോ മുന്നറിയിപ്പോ ഇല്ലാതെ പ്രഖ്യാപിച്ച ലോക്ഡൗൺ ദശലക്ഷക്കണക്കിന് ആളുകളെ ദുരിതത്തിലേക്ക് തള്ളിവിട്ടു. സർക്കാരിന്റെ മുഖ്യ അജൻഡ തീവ്രഹിന്ദുത്വ പദ്ധതിയായപ്പോൾ സാമ്പത്തികരംഗം താറുമാറായി.

2020–21 സാമ്പത്തികവർഷത്തെ അവസാനപാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച വെറും 1.6 ശതമാനമാണ്. 2020–21 വർഷം വ്യാപാരമേഖല 18.2 ശതമാനം ചുരുങ്ങി. നിർമാണമേഖല 7.2 ശതമാനം താഴേക്കുപോയി. തൊഴിലില്ലായ്മ നിരക്ക് എട്ട്‌ ശതമാനത്തിൽനിന്ന് പതിനൊന്ന്‌ ശതമാനമായി. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽമാത്രം നഷ്ടപ്പെട്ടത് 2.5 കോടി തൊഴിലാണ്. ഇതിലേറെയാണ് ദിവസക്കൂലിക്കാരുടെ തൊഴിൽനഷ്ടം. ഇതിന്റെ ആഘാതം നടപ്പുസാമ്പത്തിക വർഷത്തിലും ഗുരുതരമായിരിക്കും.

ദിവസക്കൂലിക്കാരുടെ കൈകളിൽ പണമെത്തുമ്പോഴാണ് സാമ്പത്തികമേഖല ഉണരുന്നത്. ഇപ്പോൾ അത്യാവശ്യമായി ചെയ്യേണ്ടത് വിപണിയിൽ ഡിമാൻഡ്‌ വർധിപ്പിക്കുകയാണ്. അതിന് ജനങ്ങളുടെ കൈയിൽ പണമെത്തണം. മഹാമാരി കാരണം ഒന്നര വർഷത്തിലധികമായി വലയുന്ന സാധാരണക്കാരുടെ കൈകളിലേക്ക് പ്രതിമാസം ചെറിയ തുക നൽകണമെന്ന ആവശ്യം കേന്ദ്രസർക്കാർ നിരാകരിച്ചു.

പകരം പെട്രോളിനും ഡീസലിനും നിത്യവും വിലകൂട്ടി ജനങ്ങളെ പിഴിയുന്നു. എട്ടുമാസമായി ജീവൻമരണ സമരം നടത്തുന്ന കർഷകരെ തിരിഞ്ഞുനോക്കാൻ മോഡിസർക്കാർ തയ്യാറായിട്ടില്ല. കാർഷികമേഖല കോർപറേറ്റുകൾക്ക് പണയപ്പെടുത്തുന്ന മൂന്നു നിയമത്തിനെതിരെയാണ് അവർ പോരാടുന്നത്.

ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് പകരം സമരം തകർക്കാൻ എന്തൊക്കെ വഴികളാണ് ഉപയോഗിക്കുന്നത് ? ഖലിസ്ഥാനികളാണ് സമരത്തിനു പിന്നിലെന്ന് ആരോപിച്ചു. അതുപൊളിഞ്ഞപ്പോൾ പാകിസ്ഥാനും ചൈനയ്‌ക്കും വേണ്ടിയുള്ള സമരമെന്ന് പ്രചരിപ്പിച്ചു. ഒടുവിൽ, മാവോയിസ്റ്റുകളെന്ന് ആരോപിച്ചു.

എതിർക്കുന്നവരെ ഭീകരവാദികളോ രാജ്യദ്രോഹികളോ ആയി ചിത്രീകരിക്കുന്നത് സ്ഥിരംപരിപാടിയാണ്. എന്നാൽ, അതൊന്നും കർഷകരുടെ ഐക്യത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ വിലപ്പോയില്ല. ഭരണഘടനപ്രകാരം കൃഷി സംസ്ഥാനവിഷയമാണ്. അതുലംഘിച്ചാണ് കേന്ദ്രം നിയമം നിർമിച്ചത്.

ഇന്ത്യയുടെ കൃഷി തകർക്കാൻ ബ്രിട്ടീഷുകാരുടെ ഈസ്റ്റ് ഇന്ത്യാ കമ്പനി നടത്തിയ ശ്രമങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യത്തിനുശേഷം കാർഷികമേഖലയിൽ നല്ല അടിത്തറ പാകാൻ നമുക്ക് കഴിഞ്ഞു. ഭൂപ്രഭുത്വവുമായി സന്ധിചെയ്യുന്ന മുതലാളിത്തഭരണകൂടം ഭൂപരിഷ്കരണത്തിന് തയ്യാറായില്ലെങ്കിലും ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് കൃഷി അഭിവൃദ്ധിപ്പെടുത്തി.

ഭക്ഷ്യഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടി. ഈ സ്വാശ്രയത്വം കോർപറേറ്റുകൾക്കുവേണ്ടി തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആത്മനിർഭർ (സ്വാശ്രയത്വം) എന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രചാരണം മാത്രമാണ്. നടപ്പാക്കുന്നത് എല്ലാ രംഗത്തും സ്വാശ്രയത്വം തകർക്കാനുള്ള കോർപറേറ്റ് അജൻഡ.

അഴിമതിയുടെ കാര്യത്തിൽ മുൻ കോൺഗ്രസ് സർക്കാരുമായി മത്സരത്തിലാണ് ബിജെപി സർക്കാർ. കുഴിച്ചുമൂടാൻ ശ്രമിച്ച റഫേൽ ഇടപാടിന്റെ ദുർഗന്ധം വീണ്ടും പുറത്തുവരുന്നുണ്ട്. ഫ്രഞ്ച് കമ്പനിയായ ദസോയുമായി ജെറ്റ് വിമാനം വാങ്ങാൻ 59,000 കോടി രൂപയുടെ കരാർ ഉണ്ടാക്കിയതിലെ അഴിമതിയും കള്ളപ്പണ ഇടപാടും സ്വജനപക്ഷപാതവും സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഫ്രാൻസ് തീരുമാനിച്ചിരിക്കുകയാണ്.

ഇന്ത്യയിൽ ഇതുസംബന്ധിച്ച് ആരോപണം ഉയരുകയും ‘ദ ഹിന്ദു’ പോലുള്ള മാധ്യമങ്ങൾ അഴിമതി പുറത്തുകൊണ്ടുവരികയും ചെയ്തപ്പോൾ, അന്വേഷണത്തിനുള്ള എല്ലാ വഴിയും തടസ്സപ്പെടുത്തുകയാണ് കേന്ദ്രം ചെയ്തത്. 126 ജറ്റ് വിമാനം വാങ്ങാൻ 2001ൽ യുപിഎ സർക്കാർ ഉണ്ടാക്കിയ കരാർ റദ്ദാക്കിയാണ് 2015ൽ ഉയർന്ന വിലയ്‌ക്ക് 36 വിമാനം വാങ്ങാൻ കരാർ ഉണ്ടാക്കിയത്.

ആദ്യകരാർപ്രകാരം, ഇന്ത്യയിൽ ഇതിന്റെ ഭാഗങ്ങൾ നിർമിക്കാനുള്ള പങ്കാളി പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ്‌ ലിമിറ്റഡ്‌ ആയിരുന്നു. പുതിയ കരാറിൽ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ തട്ടിക്കൂട്ട് കമ്പനി പങ്കാളിയായി വന്നു. വില മൂന്നിരട്ടി വർധിക്കുകയും ചെയ്തു.

ഫ്രാൻസ് അന്വേഷണം തീരുമാനിച്ചതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. കരാറിലെ ഒരു കക്ഷി അന്വേഷണം നടത്തുമ്പോൾ രണ്ടാം കക്ഷിക്ക് ‘ഒട്ടകപ്പക്ഷി നയം’ തുടരാൻ കഴിയുമോ ? റഫേൽ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി വന്നപ്പോൾ സർക്കാരിനെ സഹായിക്കുന്ന നിലപാടാണ് സുപ്രീംകോടതിയിൽനിന്ന് ഉണ്ടായതെന്ന് പറയാതെ വയ്യ.

മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി സഹകരണമേഖലയ്ക്ക് നേരെ നടത്തിയ നീക്കം ബിജെപി സർക്കാരിന്റെ ‘ഹിഡൻ അജൻഡ’ വ്യക്തമാക്കുന്നുണ്ട്. ഫെഡറലിസത്തിനെതിരായുള്ള നീക്കത്തിന്റെ പുതിയ രൂപം വ്യക്തമാണ്. ഭരണഘടനയുടെ 7-ാം ഷെഡ്യൂൾ പ്രകാരം സഹകരണ സൊസൈറ്റികൾ സംസ്ഥാനവിഷയമാണ്.

അത് കേന്ദ്രപട്ടികയിലോ കൺകറന്റ് ലിസ്റ്റിലോ ഉൾപ്പെടുന്നില്ല. എന്നാൽ, ഭരണഘടനാ തത്വങ്ങളെ മാനിക്കാതെ സഹകരണമന്ത്രാലയം പുതുതായി രൂപീകരിച്ചിരിക്കുകയാണ്. അതിന്റെ ചുമതല അമിത് ഷായ്ക്കുതന്നെ നൽകുകയും ചെയ്തു. കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ജനാധിപത്യ ഉള്ളടക്കമുള്ള സഹകരണ പ്രസ്ഥാനത്തെ അട്ടിമറിക്കുകയെന്നത് കേന്ദ്രനീക്കത്തിൽ അന്തർലീനമാണ്.

സഹകരണമേഖലയിൽ നിക്ഷേപമുള്ള കോടിക്കണക്കിന് രൂപ കോർപറേറ്റുകളുടെ പോക്കറ്റിലെത്തിക്കാനാണ് മോഡി സർക്കാർ ലക്ഷ്യമിടുന്നത്. കൊവിഡ് കാലത്ത് കാർഷികവായ്പയുടെ പേരിൽ ജപ്തി നോട്ടീസ് അയക്കുന്ന ദേശസാൽകൃത ബാങ്കുകൾ, കോർപറേറ്റ് വായ്പ തിരിച്ചുപിടിക്കാൻ വേണ്ടത് ചെയ്യാറില്ല എന്നതാണ് അനുഭവം. തകരുന്ന ബാങ്കുകളെ പരസ്പരം ലയിപ്പിക്കാനാണ് കേന്ദ്രം ശ്രമിച്ചുപോരുന്നത്. ഭാവിയിൽ സഹകരണമേഖലയ്ക്കും ഈ ദുർഗതി വരാനിടയുണ്ട്.

ചുരുക്കത്തിൽ, ആർഎസ്എസ് അജൻഡയും കോർപറേറ്റുകൾക്ക് രാജ്യത്തിന്റെ സമ്പദ്‌രംഗം അടിയറവയ്ക്കുന്ന നയങ്ങളുമായി മുന്നോട്ടുപോകുന്ന മോഡിസർക്കാർ അതിന്റെ ജനവിരുദ്ധനയങ്ങൾക്ക് വേഗം വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് പുതിയ മന്ത്രിസഭാ വിപുലീകരണം കൂടുതൽ ബോധ്യപ്പെടുത്തുന്നു.

സാധാരണക്കാരും ഇടത്തരക്കാരുമായ ജനങ്ങൾ നേരിടുന്ന ദുരിതമോ പ്രശ്നങ്ങളോ ബിജെപി ഭരണത്തെ ഒട്ടും അലട്ടുന്നില്ല. ജനങ്ങളെ ഭിന്നിപ്പിച്ചുനിർത്തി എല്ലാ എതിർപ്പിനെയും അതിജീവിക്കാമെന്ന അഹങ്കാരമാണ് ഭരണാധികാരികൾക്ക്. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളുടെയും യോജിച്ച പ്രക്ഷോഭവും പ്രതിഷേധവും ഉയർന്നുവരേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel