ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണം: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ-ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളിലെ ഒഴിവുകൾ എത്രയും വേഗം റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഇരു വകുപ്പുകളിലേയും മേധാവികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേർന്നു. മുഴുവൻ ഒഴിവുകളും എത്രയും വേഗം പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് മന്ത്രി അടിയന്തര യോഗം വിളിച്ചു കൂട്ടിയത്.

റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ആരോഗ്യ വകുപ്പിലേയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലേയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി.അന്തർജില്ലാ സ്ഥലം മാറ്റത്തിനായോ, മറ്റു ക്വാട്ടകൾക്കായോ അപേക്ഷകർ ഇല്ലെങ്കിൽ പ്രസ്തുത തസ്തിക നിയമപരമായ നടപടി സ്വീകരിച്ച് നികത്താൻ കഴിയുമോ എന്നത് പരിശോധിക്കേണ്ടതാണ്. ആശ്രിത നിയമനത്തിന് നീക്കിവെച്ചിട്ടുള്ള ഒഴിവുകൾ കൃത്യമായി നികത്തപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി.

പ്രമോഷനുകൾ യഥാസമയം നടക്കാത്തതിനാൽ ഉയർന്ന തസ്തികകളിലെ നികത്തപ്പെടാതെ പോകുന്നതു മൂലം എൻട്രി കേഡറുകളിൽ ഉണ്ടാകേണ്ടുന്ന ഒഴിവുകളിൽ നിയമനം നൽകാൻ കഴിയാത്ത സാഹചര്യം ഉണ്ടാകരുത്. ഉയർന്ന തസ്തികകളിൽ ഒഴിഞ്ഞു കിടക്കുന്നവ നികത്തുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ, ഒരുദ്യോഗസ്ഥന് പ്രത്യേക ചുമതല നൽകിക്കൊണ്ട് ഒരു മാസത്തിനുള്ളിൽ പ്രശ്‌നം പരിഹരിക്കണം.

ഏതെങ്കിലും കാരണത്താൽ ഉയർന്ന തസ്തികയിലേക്ക് പ്രമോഷൻ നടക്കാൻ കഴിയാതെ വന്നാൽ ആ തസ്തിക താത്കാലികമായി റിവേർട്ട് ചെയ്ത് എൻട്രി കേഡർ ആയി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. പ്രമോഷൻ സംബന്ധിച്ച കോടതി വ്യവഹാരങ്ങളിൽ കൃത്യമായ സ്‌റ്റേറ്റ്‌മെന്റ്/സത്യവാങ്മൂലം നൽകി തടസങ്ങൾ നീക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.

എൻ.ജെ.ഡി. ഒഴിവുകൾ ഉടൻ തന്നെ പി.എസ്.സി.യെ അറിയിക്കാനും കാലതാമസം കൂടാതെ പുതിയ നിയമനങ്ങൾ നടത്താനും കഴിയണം. ഓരോ വർഷവും ഉയർന്ന തസ്തികകളിലേക്ക് ഉണ്ടാകുന്ന ഒഴിവുകൾ മുന്നിൽകണ്ട് യഥാസമയം പ്രമോഷനുകൾ നൽകേണ്ടതാണ്. ഡി.പി.സി കൂടുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും മന്ത്രി നിർദേശം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here