കായികമേഖലയില്‍ സമഗ്രമാറ്റത്തിന് പത്ത് വര്‍ഷത്തേക്ക് മിഷന്‍ രൂപീകരിക്കും: മന്ത്രി വി അബ്ദുറഹ്‌മാന്‍

കായിക മേഖലയിലെ സമഗ്ര മാറ്റത്തിനായി 10 വര്‍ഷത്തേക്കുള്ള പ്രത്യേക കായിക നയം രൂപീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. താഴെതട്ടില്‍ നിന്ന് കായികപ്രതിഭകളെ കണ്ടെത്തി പ്രത്യേകം പരിശീലനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ ഇര്‍ഫാന്‍ ഉള്‍പ്പെടെയുള്ള നാല് കായിക താരങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വ്വകലാശാല യാത്രയയപ്പ് നല്‍കി അനുമോദിക്കുന്ന ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കായിക താരങ്ങളായ ഇര്‍ഫാന്‍ കോലോത്തും തൊടി, മുഹമ്മദ് അനസ്, നോഹ നിര്‍മ്മല്‍ ടോം, മുരളി ശ്രീശങ്കര്‍ എന്നിവരെ അനുമോദിക്കാനും ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി യാത്രയയപ്പ് നല്‍കാനുമായി സര്‍വ്വകലാശാല ക്യാമ്പസിലെ സെനറ്റ് ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

കായികരംഗത്ത് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത സര്‍വ്വകലാശാലയാണ് കാലിക്കറ്റ് സര്‍വകലാശാലയെന്ന് മന്ത്രി പറഞ്ഞു. ഒട്ടേറെ കായിക പ്രതിഭകളെ കാലിക്കറ്റ് സര്‍വ്വകലാശാല രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. കായികരംഗത്ത് ഏറ്റവും കൂടുതല്‍ സൗകര്യങ്ങള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഇന്നുണ്ട്. അതിനാല്‍ കായിക രംഗത്തെ മലബാറിലെ തലസ്ഥാനമായി സര്‍വ്വകലാശാലയെ കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന താരങ്ങളെ അഭിനന്ദിച്ച മന്ത്രി വ്യക്തമായ കായിക സംസ്‌കാരമുള്ള നാടാണ് കേരളമെന്ന് അഭിപ്രായപ്പെട്ടു.

കായികരംഗത്ത് പുതിയ പ്രതിഭകളെ വളര്‍ത്തികൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം. കായികരംഗത്തെ സമഗ്രമാറ്റത്തിനായി മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പോകുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒന്നാം പിണറായി സര്‍ക്കാര്‍ 1000 കോടി രൂപയുടെ വികസന പദ്ധതികളാണ് കായിക മേഖലയില്‍ നടപ്പാക്കിയത്. വികസന ക്ഷേമ പദ്ധതികള്‍ ഇനിയും തുടരുമെന്നും പുതിയ കായിക നയം കായികമേഖലയില്‍ അടിസ്ഥാനപരമായ മാറ്റത്തിന് ആക്കം കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

ഇര്‍ഫാന്‍ കോലോത്തും തൊടിക്ക് സര്‍വ്വകലാശാല നല്‍കുന്ന 50,000 രൂപയുടെ ക്യാഷ് അവാര്‍ഡ് അദ്ദേഹത്തിന്റെ സഹോദരന്‍ ഷാജഹാന് വൈസ് ചാന്‍സലര്‍ ഡോ. എംകെ ജയരാജ് കൈമാറി. മുഹമ്മദ് അനസിന് വേണ്ടി നോഹ നിര്‍മല്‍ ടോമിന്റെ സഹോദരന്‍ ജോയലും ശ്രീശങ്കറിന് വേണ്ടി മാതാവ് ബിജിമോളും സമ്മാന തുക ഏറ്റുവാങ്ങി.

പിതാവ് ടോമിച്ചനാണ് നോഹ നിര്‍മല്‍ ടോമിന്റെ ക്യാഷ് പ്രൈസ് വിസിയില്‍ നിന്നും സ്വീകരിച്ചത്. കോവിഡ് സാഹചര്യമായതിനാല്‍ നേരിട്ട് പങ്കെടുക്കാതിരുന്ന ഒളിമ്പ്യന്‍മാര്‍ സര്‍ക്കാറിനോടും സര്‍വ്വകലാശാലയോടുമുള്ള നന്ദിയും കടപ്പാടും അറിയിച്ചു.

വൈസ് ചാന്‍സലര്‍ക്കൊപ്പം പ്രോവൈസ് ചാന്‍സലര്‍ ഡോ. കെ നാസര്‍, രജിസ്ട്രാര്‍ ഇ കെ സതീഷ്, പരീക്ഷ കണ്‍ട്രോളര്‍ സിസി ബാബു, സിന്‍ഡി ക്കേറ്റംഗങ്ങളായ കെ കെ ഹനീഫ, അഡ്വ. ടോം കെ തോമസ്, വിനോദ് കുമാര്‍, യൂജിന്‍ മോര്‍ ലി, ഡോ. പി റഷീദ് അഹമ്മദ്, റിജു ലാല്‍, കായിക വകുപ്പ് മേധാവി ഡോ. വിപി സക്കീര്‍ ഹുസൈന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം ആര്‍ ദിനു, ശ്രീശങ്കറിന്റെ മാതാവ് ബിജിമോള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ നേരിട്ട് പങ്കെടുത്തു.

സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടന്‍, പത്മശ്രീ പിടി ഉഷ, മുതിര്‍ന്ന പരിശീലകന്‍ എസ് എസ് കൈമള്‍, ശ്രീശങ്കറിന്റെ പിതാവ് കെ എസ് മുരളി തുടങ്ങിയവര്‍ ഓണ്‍ലൈനായും പങ്കാളികളായി. ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം സര്‍വ്വകലാശാല ഒരുക്കുമെന്നും എല്ലാ വിധ പിന്തുണയും നല്‍കുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News